ബവ്‌റിജസിലെ ഓണ ബോണസിനായി ഡെപ്യൂട്ടേഷനു കൂട്ടയിടി

0
67

ഓണത്തോട് അനുബന്ധിച്ച് ബവ്‌റിജസ് കോര്‍പറേഷനില്‍ ഡപ്യൂട്ടേഷന്‍ നിയമനം. കോര്‍പ്പറേഷന്‍ സര്‍ക്കാരിനോട് വിവിധ സ്ഥാപനങ്ങളില്‍ നിന്നും 150 ജീവനക്കാരെ നിയമിക്കാന്‍ അനുമതി തേടി. എന്നാല്‍ ഓണത്തിനു ലഭിക്കുന്ന ബോണസ് ലക്ഷ്യമിട്ടു സ്വന്തക്കാരെ ജോലിക്കെടുക്കാനുള്ള ശ്രമമാണ് ഈ ഡപ്യൂട്ടേഷനു പിന്നിലെന്നും കണക്കാക്കാം.

ബവ്‌റിജസ് കോര്‍പറേഷനിലെ ഈ വര്‍ഷത്തെ ബോണസ് 85,000 രൂപയാണ്. ഈ വന്‍തുക ലഭ്യമാക്കാനാണ്  ഓണത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ ഡപ്യൂട്ടേഷനു ശ്രമിക്കുന്നതെന്ന് സൂചനയുണ്ട്.

150 പേരുടെ പട്ടികയാണ് അനുമതിക്കായി കോര്‍പറേഷന്‍ സര്‍ക്കാരിലേക്ക് അയച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി, കെല്‍ട്രോണ്‍, സി ആപ്റ്റ്, യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ളവരാണ് പട്ടികയിലുള്ളത്.

ഇതിനായി കോര്‍പ്പഷന്‍ പറയുന്ന ന്യായം നിലവില്‍ ആളുകള്‍ ഇല്ലെന്നും ഓണക്കാലത്തു ജീവനക്കാരുടെ ആവശ്യം കൂടുമെന്നുമാണ്. ഇങ്ങനെ ജീവനക്കാരെ എടുക്കണമെങ്കില്‍ അന്‍പതോളം വില്‍പനശാലകളിലെ ജീവനക്കാരെ പുനര്‍വിന്യസിക്കാം. അല്ലെങ്കില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍നിന്നു കൂടുതല്‍ ആളെയെടുക്കാം. എന്നാല്‍ ഇതൊന്നും ഇല്ലാതെ ഡപ്യൂട്ടേഷനിലൂടെ കൂടുതല്‍ ആളുകളെ എടുക്കുന്നതിനാണു താല്‍പര്യം.

എന്നാല്‍ പീഡിത വ്യവസായങ്ങളിലെ ജീവനക്കാരെ സഹായിക്കാന്‍ വേണ്ടിയാണ് ഡപ്യൂട്ടേഷനെന്നാണു മറ്റൊരു വിശദീകരണം. ജീവനക്കാരുടെ ഡ്യൂട്ടി സമയം കൂട്ടിയും കാര്യക്ഷമത വര്‍ധിപ്പിച്ചും ലാഭത്തിലാകാന്‍ ശ്രമിക്കുന്ന കെഎസ്ആര്‍ടിസി  ബവ്‌റിജസിലേക്ക് ആളെ അയച്ചു നഷ്ടം കുറയ്ക്കാന്‍ നോക്കില്ലെന്ന് ഉറപ്പാണ്. വില്ലേജ് ഓഫീസര്‍മാരെ വരെ ഡപ്യൂട്ടേഷനില്‍ നിയമിക്കാനുള്ള നീക്കം മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നു കഴിഞ്ഞിടെ റദ്ദാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here