മലപ്പുറത്ത് മാസം തോറും 1000 പേരെ മതംമാറ്റുന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി
മലപ്പുറം ജില്ലയില്‍ വ്യാപകമായ മതംമാറ്റം നടക്കുകയാണെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്സ്രാജ് അഹിര്‍. ശശികല ടീച്ചര്‍ അടക്കമുള്ളവര്‍ മലപ്പുറത്തെ വര്‍ഗീയ ചുവയോടെ പരാമര്‍ശിക്കുന്നതിന് സമാനമായ ആരോപണമാണ് ഹൈദരാബാദില്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് സംസാരിക്കുമ്പോള്‍ ഹന്സ്രാജ് ഉയര്‍ത്തിയത്.ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ പ്രത്യേക ഔദ്യോഗീക പരിപാടികള്‍ ഒന്നും തന്നെ ഇല്ലാതെ തിരുവനന്തപുരത്ത് എത്തി രണ്ടു ദിവസം തങ്ങിയ ഹന്സ്രാജ് ഗവര്‍ണറെയും കണ്ടു കേരളത്തെയും പുകഴ്ത്തിയാണ് മടങ്ങിയത്.
‘മലപ്പുറം ജില്ലയില്‍ വലിയൊരു കേന്ദ്രമുണ്ട്. അവിടെ ഏതാണ്ട് ആയിരം പേരെയൊക്കെയാണ് ഒരുമാസം മതംമാറ്റുന്നത്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയുമാണ് മുസ്ലിമാക്കുന്നത്. മേയില്‍ ഞാന്‍ കേരളത്തില്‍ പോയിരുന്നു. ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ദാരിദ്ര്യമാണോ തൊഴിലില്ലായ്മയാണോ ഭീഷണിയാണോ മതംമാറ്റത്തിന് കാരണമെന്ന് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതുവരെയും സംസ്ഥാനസര്‍ക്കാര്‍ റിപ്പോര്‍ട്ട് തന്നിട്ടില്ല’-അദ്ദേഹം പറഞ്ഞു.
ഹാദിയാകേസിലെ സുപ്രീംകോടതി നിര്‍ദേശത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞ ശേഷമാണ് അദ്ദേഹം സംസ്ഥാനസര്‍ക്കാരിനെ വിമര്‍ശിച്ചത്. ‘ഇപ്പോള്‍ എന്‍.ഐ.എ. അക്കാര്യം അന്വേഷിക്കുന്നുണ്ട്. എന്താണ് അവിടെ നടക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്താനാവും’-മന്ത്രി ഹന്‍സ്!രാജ് പറഞ്ഞു.