മുസഫര്‍നഗര്‍ ട്രെയിനപകടം : അട്ടിമറിക്കു തെളിവില്ല ; ഡ്രൈവറുടെ പിഴവെന്ന് നിഗമനം

0
73

ഉത്തര്‍പ്രദേശ് മുസഫര്‍നഗറില്‍ പുരി-ഹരിദ്വാര്‍-കലിംഗ ഉത്കല്‍ എക്‌സ്പ്രസ് പാളം തെറ്റിയത് ഡ്രൈവറുടെ പിഴവു മൂലമെന്ന് പ്രാഥമിക നിഗമനം. ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതുകണ്ട് സഡന്‍ ബ്രേക്ക് പ്രയോഗിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് ദുരന്തസ്ഥലത്തുള്ള ഉന്നത റയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അട്ടിമറി സാധ്യത പരിശോധിക്കാന്‍ ഭീകരവിരുദ്ധ സ്‌ക്വാഡ് സ്ഥലത്തെത്തിയെങ്കിലും പ്രാഥമിക അന്വേഷണത്തില്‍ സംശയകരമായ ഒന്നും കണ്ടെത്തിയില്ല. അതേസമയം, ദുരന്തത്തില്‍പ്പെട്ട ബോഗികള്‍ ട്രാക്കില്‍ നിന്ന് നീക്കാനുള്ള ശ്രമം തുടരുകയാണ്.

ശനിയാഴ്ചയാണ് പുരി-ഹരിദ്വാര്‍-കലിംഗ ഉത്കല്‍ എക്‌സ്പ്രസ് പാളം തെറ്റി 23 പേര്‍ മരിച്ചത്. എണ്‍പതോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ട്രെയിനിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. ന്യൂഡല്‍ഹിയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ ഖട്ടൗലിയിലാണ് അപകടമുണ്ടായത്. പുരിയില്‍നിന്നും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോവുകയായിരുന്നു ട്രെയിന്‍. ബോഗികള്‍ ഒന്നിനുമുകളില്‍ മറ്റൊന്നായാണു കിടക്കുന്നത്.ഒരു വര്‍ഷത്തിനിടെ അഞ്ച് ട്രെയിന്‍ അപകടങ്ങളാണ് യുപിയില്‍ ഉണ്ടായിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണം അട്ടിമറിയാണെന്ന് കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here