യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രഥമ പരിഗണന-മുഖ്യമന്ത്രി

0
99

കൊച്ചി: യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ യുവതയുടെ കര്‍മശേഷിയ്ക്ക് അതിരില്ലെന്ന് തെളിയിക്കുന്നതാണ് ഇവിടെ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച. ഇവരുടെ എല്ലാ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയായ ഐഇഡിസി 2017-ല്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്‌കൂള്‍ വിദ്യാര്‍ത്ഥി സാരംഗിനെപ്പോലെ നിരവധി പ്രതിഭകളാണ് കേരളത്തിലെ യുവജനതയില്‍ ഉള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ നമ്മുടെ നാടിന്റെ കര്‍മ്മശേഷി വിളിച്ചോതുന്ന നിരവധി മാതൃകകള്‍ ഈ മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതിനപ്പുറമുള്ള കാര്യങ്ങളും നമ്മുടെ യുവജനത ചെയ്യുമെന്ന് തനിക്കുറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആംബുലന്‍സുകള്‍ക്ക് ട്രാഫിക് സിഗ്‌നലുകളില്‍ ഓട്ടോമാറ്റിക്കായി പച്ച ലൈറ്റ് തെളിയിക്കുന്ന ആപ്ലിക്കേഷന്‍ പോലീസിനു നല്‍കുന്ന ചടങ്ങും അദ്ദേഹം നിര്‍വഹിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി ദിനേശും ചടങ്ങില്‍ സംബന്ധിച്ചു.

ഇന്ത്യയില്‍ ഇതുവരെ കണ്ടതില്‍വച്ചേറ്റവും ഊര്‍ജസ്വലമായ സ്റ്റാര്‍ട്ടപ് മാതൃകയാണ് കേരളത്തില്‍ കാണുന്നതെന്നും ഇത് രാജ്യമാകെ വ്യാപിപ്പിക്കേണ്ടതുണ്ടെന്നും കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദര്‍രാജ് പറഞ്ഞു. 2020 ആകുമ്പോഴേയ്ക്കും ഒരു പുതിയ ഇന്ത്യയും കേരളവുമാണ് ഇവിടെ കാണേണ്ടത്. നിങ്ങള്‍ എന്താണ് ഇനി ചെയ്യാന്‍ പോകുന്നതെന്ന് രാജ്യം ഉറ്റുനോക്കുകയാണ്. സംസ്ഥാന സര്‍ക്കാരും കെഎസ്യുഎമ്മും ഇക്കാര്യത്തില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നതെന്ന് അരുണ സുന്ദര്‍രാജ് ചൂണ്ടിക്കാട്ടി.

വിദ്യാര്‍ത്ഥി തലം മുതല്‍ ഇന്‍കുബേഷന്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നല്‍കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം.ശിവശങ്കര്‍ പറഞ്ഞു. കോളേജുകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആദ്യമായി തുടങ്ങിയ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാവിലെ നടന്ന ചടങ്ങില്‍ ഐഇഡിസി ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സ്റ്റാറ്റസ് റിപ്പോര്‍ട്ടും അദ്ദേഹം പ്രകാശനം ചെയ്തു.

പരീക്ഷണങ്ങളിലൂടെ മാത്രമേ സ്റ്റാര്‍ട്ടപ്പ് രംഗം വികസിക്കൂ എന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ സജി ഗോപിനാഥ് പറഞ്ഞു. ഐഇഡിസിയുടെ പ്രധാന ഉദ്ദേശ്യം തന്നെ വിദ്യാര്‍ത്ഥികള്‍ക്കും തുടക്കക്കാര്‍ക്കും ഇത്തരം പരീക്ഷണം നടത്താന്‍ വേദിയൊരുക്കുകയെന്നതാണ്. പരാജയപ്പെടുന്ന പരീക്ഷണങ്ങളാണ് കൂടുതലും. എന്നാല്‍ അതിലൂടെ മാത്രമേ മികച്ച ആശയം സാധ്യമാക്കാന്‍ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണം, നൂതന കണ്ടുപിടുത്തം, ഇന്‍ക്യുബേഷന്‍ എന്നിവയാണ് അതിനായി വേണ്ടത്. സംരംഭകരില്‍ അവബോധം വളര്‍ത്തുന്നതിന് ഐഇഡിസി വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് അടുത്ത സിലിക്കണ്‍വാലിയാകാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്ന് കേരളസാങ്കേതിക സര്‍വകലാശാല വൈസ്ചാന്‍സിലര്‍ ഡോ കുഞ്ചറിയാ പി ഐസക് പറഞ്ഞു. സംരംഭകത്വം വളര്‍ത്തുന്നതിനുള്ള വിവിധ പദ്ധതികള്‍ കോളേജുകള്‍ വഴി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യ ഇന്ത്യയില്‍ വൈകി എത്തിയിരുന്ന കാലം കഴിഞ്ഞുവെന്ന് ഗൂഗിള്‍ ഇന്ത്യയുടെ സിഇഒ രാജന്‍ ആനന്ദ് പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളെ ഇന്ന് ലോകം പ്രതീക്ഷയോടെയാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെങ്ങ് അടിസ്ഥാനമാക്കി പോലും ഇവിടെ സ്റ്റാര്‍ട്ടപ്പുകള്‍ വരുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി ഡിജിറ്റല്‍ രംഗത്ത് രാജ്യത്ത് വിപ്ലമാത്മകമായ മാറ്റമാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ് കോയിന്‍ രാജ്യത്താദ്യമായി ഐഇഡിസിയിലൂടെ എയര്‍ഡ്രോപ്പ് ചെയ്തു. പ്രാദേശികമായ ഡിജിറ്റല്‍ കറന്‍സി വിപുലീകരിക്കുന്നതിനു വേണ്ടി സാമ്പത്തിക-സാങ്കേതികവിദ്യാ(ഫിന്‍ടെക്) സ്ഥാപനങ്ങളും 11 മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചേര്‍ന്നു നടത്തുന്ന ആഗോള പദ്ധതിയാണിത്. ഇതു കൂടാതെ ഫേസ്ബുക്ക് ഡെവലപ്പര്‍ കമ്മ്യൂണിറ്റിയുടെ കൊച്ചിയിലെ ഉദ്ഘാടനം, വിവിധ നിക്ഷേപ സ്ഥാപനങ്ങളുമായുള്ള ധാരണ പത്രം ഒപ്പു വയ്ക്കല്‍ എന്നിവയും ഉച്ചകോടിയോടനുബന്ധമായി നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here