പൃഥ്വിരാജിന്റെ വിലയിടിയുന്നു

0
1110

ഒരു വര്‍ഷത്തിനിടെ ഇറങ്ങിയ അഞ്ച് പൃഥ്വിരാജ് ചിത്രങ്ങളില്‍ ഒന്ന് മാത്രമാണ് നിര്‍മാതാവിന് ലാഭം നേടിക്കൊടുത്തത്. ഡാര്‍വിന്റെ പരിണാമം നിര്‍മാണ ചെലവ് കുറഞ്ഞതായിരുന്നെങ്കിലും സാമ്പത്തികമായി അത്ര മെച്ചം ഉണ്ടായില്ല. പൃഥ്വിരാജിന്റെ ഇഷ്ടപ്രകാരം അദ്ദേഹത്തിന് അന്ന് പാര്‍ട്ണഷിപ്പുണ്ടായിരുന്ന ആഗസ്റ്റ് സിനിമ നിര്‍മിച്ച ഡബിള്‍ ബാരല്‍ എന്ന ചിത്രം ഒന്‍പത് കോടിയോളം രൂപയാണ് നഷ്ടമുണ്ടാക്കിയത്. അതിന്റെ നഷ്ടപരിഹാരം തീര്‍ക്കാനാണ് പെട്ടെന്ന് ഡാര്‍വിന്റെ പരിണാമത്തിനായി പൃഥ്വിരാജിന്റെ ഡേറ്റ് ഷാജി നടേശന്‍ വാങ്ങിയത്. എന്നാല്‍ അതിനോടൊപ്പം നിര്‍മിച്ച അനുരാഗകരിക്കിന്‍വെള്ളമാണ് വിജയിച്ചത്.

പിന്നീട് ജയിംസ് ആന്റ് ആലീസ് എന്ന സിനിമ വന്നു. ബോക്സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു. സുജിത് വാസുദേവ് സംവിധാനം ചെയ്ത ചിത്രം കുടുംബകഥയായിരുന്നു. പക്ഷെ, കഥയിലെ പുതുമയില്ലായ്മയും ഇഴച്ചിലും പ്രതികൂലമായി ബാധിച്ചു. ഓണത്തിന് ജിത്തുജോസഫിന്റെ ഊഴം എത്തി. പൃഥ്വിരാജ് തന്നെ ഇടപെട്ട് ബഡ്ജറ്റ് കൂട്ടിയെന്ന് ആരോപണം ചിത്രം പൂര്‍ത്തിയാകും മുമ്പേ ഉണ്ടായിരുന്നു. ഏഴ് കോടി ബഡ്ജറ്റിട്ട ചിത്രം പൂര്‍ത്തിയായപ്പോള്‍ പത്ത് കോടിയോളമായി. എന്നാല്‍ ഓണമായിട്ടു കൂടി തിയേറ്ററില്‍ വലിയ പരാജയമായിരുന്നു. അതിന് ശേഷമാണ് എസ്ര എന്ന ഹൊറര്‍ ചിത്രം വന്നത്. ശരാശരി മാത്രമായ സിനിമ പൃഥ്വിരാജിന്റെ സ്റ്റാര്‍ഡും സുജിത് വാസുദേവിന്റെ ക്യാറമ വര്‍ക്കുകൊണ്ടും രക്ഷപെട്ടു.

ഏറ്റവും അവസാനം ഇറങ്ങിയ ടിയാനില്‍ പൃഥ്വിരാജിനും ഇന്ദ്രജിത്തിനും തുല്യപ്രാധാന്യമായിരുന്നു. 20 കോടിയോളം മുതല്‍മുടക്കുള്ള ചിത്രം ബോക്സ് ഓഫീസില്‍ ദുരന്തമായി. ചിത്രീകരണത്തിനിടെ മഴ പെയ്തതും സെറ്റിന് തീ പിടിച്ചതും വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവച്ചത്. മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ സിനിമയ്ക്ക് 20 കോടി മുടക്കാന്‍ പലരും മടിക്കുമ്പോള്‍ പൃഥ്വിരാജിനും ഇന്ദ്രജിത്തിനും വേണ്ടി ഇത്രയും തുക നിര്‍മാതാവ് മുഹമ്മദ് ഹനീഫ് മുടക്കിയത് എന്തിന് എന്ന് പലരും ചോദിച്ചിരുന്നു. അത് ശരിവയ്ക്കുന്നതാണ് റിലീസിന് ശേഷം കണ്ടത്. ശരാശരി കഥയാണെങ്കില്‍ കൂടി പൃഥ്വിരാജിന്റെ താരപ്പൊലിമയില്‍ രക്ഷപെടും. പക്ഷെ, അത് പോലുമില്ലെങ്കില്‍ എന്ത് ചെയ്യും?

LEAVE A REPLY

Please enter your comment!
Please enter your name here