വിജിലന്‍സിന് സ്വതന്ത്ര ചുമതലയുള്ള ഡയറകടര്‍ ഉടന്‍ വരുമെന്ന് എം.വി.ജയരാജന്‍

0
91

തിരുവനന്തപുരം: വിജിലന്‍സിന് സ്വതന്ത്ര ചുമതലയുള്ള ഡയറകടര്‍ ഉടന്‍ വരുമെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍ 24 കേരളയോട് പറഞ്ഞു. ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍ ഗൌരവത്തിലെടുത്ത് ഈ കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും എം.വി.ജയരാജന്‍ പറഞ്ഞു.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്‌ നിര്‍ബന്ധിത ലീവില്‍ പോയതിനു ശേഷം നിലവില്‍ വിജിലന്‍സ് ഡയറക്ടര്‍ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. സംസ്ഥാന പോലീസ് മേധാവിയാണ് വിജിലന്‍സ് മേധാവിയുടെ സ്ഥാനത്ത് ഉള്ളത്. അത് പോരാ വിജിലന്‍സിന് സ്വതന്ത്ര ചുമതലയുള്ള ഡയരക്ടര്‍ തന്നെ വേണം എന്നാണു ഇന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

വിജിലന്‍സ് പോലുള്ള വകുപ്പില്‍ സ്വതന്ത്ര ചുമതലയുള്ള ഡയരക്ടറെ സര്‍ക്കാര്‍ നിയമിക്കാത്തതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചാണ് ഹൈക്കോടതി നിരീക്ഷണം വന്നത്. സ്വതന്ത്ര ചുമതലയുള്ള ഡയറക്ടർ ഇല്ലാത്തതിന്റെ കുഴപ്പങ്ങൾ അക്കമിട്ടു നിരത്തിയാണ് കോടതിയുടെ വിമര്‍ശനം വന്നത്.

ഡയറക്ടറുടെ ചുമതല വഹിക്കുന്ന പൊലീസ് മേധാവിക്ക് ഒട്ടേറെ ജോലിയുണ്ടെന്നും സമയമുള്ളയാളെ സ്ഥിരം ഡയറക്ടറായി നിയമിക്കണമെന്നും കോടതി നിർദേശിച്ചു. വിജിലൻസ് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ ഹർജികൾ ഹൈക്കോടതിയിൽ എത്തുന്നു. ഇതിൽ തീരുമാനമെടുക്കുന്നതിനു മുമ്പ് അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് സമർപ്പിക്കണം.

വിജിലൻസ് ഡയറക്ടറുടെ അനുമതിയോടെ മാത്രമേ ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിക്കാനാകൂ. പക്ഷെ റിപ്പോര്‍ട്ടുകള്‍ വൈകുന്നു. ഹൈക്കോടതി ചൂണ്ടിക്കാട്ടി.ഡയറക്ടറുടെ അനുമതി ലഭിച്ചിട്ടില്ലെന്ന കാരണമാണ് പല ഉദ്യോഗസ്ഥരും കോടതിയിൽ നിരത്തുന്നത്.

സംസ്ഥാന പൊലീസ് മേധാവിക്ക് ഈ ചുമതല സമയബന്ധിതമായി നിർവഹിക്കാനാകില്ല. മുൻപ് എഡിജിപി റാങ്കിലുള്ളവരും വിജിലൻസ് ഡയറക്ടറായി വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ യോഗ്യനായ ഉദ്യോഗസ്ഥനെ ഈ സ്ഥാനത്തേക്കു നിയമിക്കണമെന്നും കോടതി നിർദേശിച്ചു. ഈ ഹൈക്കോടതി വിമര്‍ശനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് വിജിലന്‍സ് ഡയറക്ടര്‍ നിയമനത്തില്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കും എന്നു എം.വി.ജയരാജന്‍ വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here