വിജിലന്‍സ് ഡയരക്ടര്‍ നിയമനത്തില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തില്‍; സ്വതന്ത്ര ഡയറക്ടറെ നിയമിക്കേണ്ടി വരും

0
100

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ നിയമനത്തില്‍ സര്‍ക്കാര്‍ പരുങ്ങുന്നു. ഈ പ്രശ്നത്തില്‍ ഇന്ന് ഹൈക്കോടതി നടത്തിയ ശക്തമായ വിമര്‍ശനത്തോടെ സര്‍ക്കാറിന്റെ നില കൂടുതല്‍ പരുങ്ങലിലും ആയിരിക്കുന്നു. വിജിലന്‍സ് ഡയറക്ടര്‍ നിയമനം വൈകുന്നതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിക്കാറുള്ള ഹൈക്കോടതി ഇന്ന് പടികൂടി കടന്നിട്ടാണ് പ്രതികരണം നടത്തിയത്.

ഹൈക്കോടതിയുടെ സന്ദേശം വളരെ വ്യക്തമാണ്. എഡിജിപി റാങ്കില്‍ ഉള്ളവര്‍ക്കും വിജിലന്‍സ് തലപ്പത്ത് ഇരിക്കാം. ഇതിനു മുന്‍പും എഡിജിപിമാര്‍ ഇരുന്നിട്ടുണ്ട്. ഡിജിപി ശങ്കര്‍ റെഡ്ഡി വിജിലന്‍സ് ഡയരക്ടര്‍ ആയി ഇരുന്ന കാര്യം വാക്കുകളില്‍ ഓര്‍മ്മിപ്പിച്ചാണ് ഹൈക്കോടതി പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതാണ്  വിജിലന്‍സ് ഡയരക്ടര്‍ നിയമനത്തില്‍ സര്‍ക്കാറിന്റെ നില പരുങ്ങലില്‍ ആക്കുന്നത്.

ഡിജിപിമാരെ തന്നെ തേടി പോകേണ്ട ആവശ്യമില്ല. ഇത് ഒരു കാരണവും ആക്കേണ്ടതില്ല. ഹൈക്കോടതി പറയാതെ പറയുന്നു. ഇതോടെ വിജിലന്‍സ് ഡയരക്ടര്‍ നിയമനത്തില്‍ സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലായി. സര്‍ക്കാരിനു താത്പര്യം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റയെ വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്ത് വെച്ച് മുന്നോട്ട് പോകാനാണ്. ആ നീക്ക്ത്തിനാണ് ഇന്നും ഹൈക്കോടതി തടയിട്ടത്.

വ്യവസായമന്ത്രിയായ ഇ.പി.ജയരാജനെതിരെ ബന്ധുത്വ നിയമന പ്രശ്നത്തില്‍ വിജിലന്‍സ് കേസ് വരുകയും മന്ത്രിക്ക് രാജിവയ്ക്കേണ്ടി വരുകയും ചെയ്തതോടെയാണ് വിജിലന്‍സിനെ പിണറായി സര്‍ക്കാര്‍ ഭയന്നു തുടങ്ങിയത്. കര്‍ക്കശമായി നീങ്ങിയ അന്നത്തെ വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസ്‌ ആണെങ്കില്‍ കേസുകളുടെ ഒരു ശൃംഖല തന്നെ സൃഷ്ടിച്ച് സര്‍ക്കാരിനെ വിഷമവൃത്തത്തില്‍ അകപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് വിശ്വസ്തന്‍ ആയിരുന്ന ജേക്കബ് തോമസിനെ വരെ സര്‍ക്കാര്‍ അവിശ്വസിച്ച് തുടങ്ങിയത്. ഒപ്പം വിജിലന്‍സ് ഡയറക്ടര്‍ കസേരയോടു സര്‍ക്കാരിനു ഭയം തോന്നിത്തുടങ്ങുകയും ചെയ്തു.

ജേക്കബ് തോമസിനെ നിര്‍ബന്ധിത അവധിയില്‍ അയച്ച സര്‍ക്കാര്‍ ലോക്നാഥ് ബഹ്റയെ വിജിലന്‍സ് തലപ്പത്ത് അവരോധിക്കുകയും ചെയ്തു. പക്ഷെ ഇപ്പോള്‍ പോലീസ് മേധാവിയായി നിയമിതനായിട്ടും ബഹ്റയെ മാറ്റാന്‍ സര്‍ക്കാര്‍ മടിക്കുകയാണ്. ഇത് മനസിലാക്കിയാണ് വിജിലന്‍സ് ഡയരക്ടര്‍ നിയമനത്തില്‍ സര്‍ക്കാരിനെ ഹൈക്കോടതി കുടയുന്നത്.

വിജിലന്‍സ് തലപ്പത്ത് ഡിജിപി കേഡര്‍ ഉള്ള ആളെ പരിഗണിക്കുന്നതാണ് നിലവിലെ രീതി. രണ്ടു കേഡര്‍ പോസ്റ്റും രണ്ടു എക്സ് കേഡര്‍ പോസ്റ്റുമാണ് നിലവില്‍ കേന്ദ്രം അംഗീകരിച്ചിട്ടുള്ളത്. ലോകനാഥ് ബെഹ്റ, ഋഷിരാജ് സിംഗ്, ജേക്കബ് തോമസ്‌, എന്‍.സി.അസ്താന, എന്നിവരാണ് കേന്ദ്രം അംഗീകരിച്ച നാലുപേര്‍. അടുത്തയാള്‍ അരുണ്‍കുമാര്‍ സിന്‍ഹ (സീനിയര്‍ ) അദ്ദേഹം നിലവില്‍ കേരളത്തില്‍ ഇല്ല. ഇതില്‍ എന്‍.സി.അസ്താന വര്‍ക്കിംഗ് അറേഞ്ച്മെന്റ് അടിസ്ഥാനത്തില്‍ ഡല്‍ഹിയിലാണ് ഉള്ളത്.

എഡിജിപിമാര്‍ ആയിട്ടും ഡിജിപിയുടെ ഗ്രേഡ് അനുവദിച്ച് സര്‍ക്കാര്‍ നാല് ഓഫിസര്‍മാരെ ഡിജിപി തലത്തില്‍ പരിഗണിക്കുന്നുണ്ട്. എ.ഹേമചന്ദ്രന്‍, മുഹമ്മദ്‌ യാസിന്‍, ശങ്കര്‍ റെഡ്ഡി, രാജേഷ്‌ ദിവാന്‍ എന്നിവരാണ് ഈ നാല് ഓഫിസര്‍മാര്‍. സ്റ്റേറ്റ് കേഡര്‍ തലത്തില്‍ ഡിജിപി പരിഗണനയാണ് ഇവര്‍ക്ക് നല്‍കുന്നതെങ്കിലും ഡിജിപി ഗ്രേഡ് നല്‍കിയിട്ടില്ല. ജയില്‍, ഫയര്‍ഫോഴ്സ് എന്നിവയില്‍ എക്സ്കേഡര്‍ ആയ ആളുകളെ നിയമിക്കാറുണ്ട്‌. പക്ഷെ വിജിലന്‍സില്‍ ഡിജിപിമാര്‍ തന്നെയാണ് തലപ്പത്ത് നിയമിക്കപ്പെടുക പതിവ്. അങ്ങിനെയെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ തലത്തിലുള്ള നാല് ഡിജിപിമാരും, കേരളം പരിഗണന നല്‍കുന്ന നാല് ഡിജിപിമാരും ഉണ്ടായിരിക്കെയാണ് വിജിലന്‍സ് തലപ്പത്ത് നാഥനില്ലാത്ത അവസ്ഥ നിലനില്‍ക്കുന്നത്.

ഡിജിപിമാരെ വിജിലന്‍സ് തലപ്പത്ത് സര്‍ക്കാര്‍ നിയമിക്കുന്നില്ലെങ്കില്‍ ഡിജിപി ഗ്രേഡ് ഉള്ള എ.ഹേമചന്ദ്രന്‍, മുഹമ്മദ്‌ യാസിന്‍, ശങ്കര്‍ റെഡ്ഡി, രാജേഷ്‌ ദിവാന്‍ ഇവരിലാരെയെങ്കിലും പോലീസ് നിയമിക്കേണ്ടി വരും. എ.ഹേമചന്ദ്രന്‍ നിലവില്‍ ക്രൈംബ്രാഞ്ച് മേധാവിയും, , മുഹമ്മദ്‌ യാസിന്‍ ഇന്റലിജന്‍സ് തലപ്പത്തുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here