തിരുവനന്തപുരം: ശമ്പള വിതരണം സ്പാര്‍ക്ക് വഴി എന്ന് തീരുമാനിച്ചതോടെ വരുന്ന ഓണ ശമ്പളം മുടങ്ങുമോ എന്ന ഭീതിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍. ‘സ്പാർക്’ ചതിക്കുമോ എന്ന സംശയമാണ് ഉയരുന്നത്. കാരണം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കണമെങ്കില്‍ ഡാറ്റ സ്പാര്‍ക്കില്‍ അപലോഡ് ചെയ്യണം.
സ്പാര്‍ക്കില്‍ അപലോഡ് ചെയ്യേണ്ടത് ഓരോ വകുപ്പിലെയും ഡിഡിഒമാരാണ്. ഡിഡിഒമാർ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് സ്പാർകിൽ കയറി ജീവനക്കാരുടെ ശമ്പള വിവരങ്ങൾ അപ്ലോഡ് ചെയ്യണം. കെൽട്രോൺ വഴിയാണ് ഡിഡിഒമാർ ഡിജിറ്റൽ സിഗ്നേച്ചർ എടുത്തിരിക്കുന്നത്. ഇതിന് അടിസ്ഥാനമാക്കിയിരിക്കുന്നത് ആധാർ കാർഡിലെ വിവരങ്ങളും.
എന്നാല്‍ സ്പാർകിൽ പേരിനു ശേഷമാണു ചുരുക്കപ്പേര്. എന്നാല്‍ ആധാറില്‍ പലരും പേരിനു മുന്നിലാണ് ചുരുക്കപ്പേര് രേഖപ്പെടുത്തിയിട്ടുള്ളത്. ഇങ്ങിനെ രേഖപ്പെടുത്തിയ പേരുകാര്‍ക്ക് സ്പാര്‍ക്കില്‍ കയറുന്നതിനു സാങ്കേതിക തടസം വരും. അവർക്കു കീഴിലുള്ള ആയിരക്കണക്കിനു ജീവനക്കാരുടെ ശമ്പളവും ഇതോടെ മുടങ്ങുന്ന സ്ഥിതിയാണ്.
ഇത് ചൂണ്ടിക്കാണിച്ചപ്പോള്‍ സ്പാർക് സോഫ്റ്റ്വെയറിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്നും ആധാറിലെ വിവരങ്ങൾ മാറ്റി, പുതിയ ഡിജിറ്റൽ സിഗ്നേച്ചർ എടുക്കാനുമായിരുന്നു നിർദേശം. ഇതും നടപ്പിലായിട്ടില്ല. ഇതാണ് ഓണ അനിശ്ചിതത്വമായി ഭീതി ജീവനക്കാരിലെക്ക് പടരുന്നത്.