തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട അഞ്ചു കേസുകള്‍ ഇന്നു കോടതികള്‍ക്ക് മുന്‍പാകെ എത്തും. മൂന്നു കേസുകൾ സുപ്രീംകോടതിയും രണ്ടു കേസുകൾ ഹൈക്കോടതിയുമാണ് പരിഗണിക്കുന്നത്.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനു അഞ്ചു ലക്ഷം രൂപ ഏകീകൃത ഫീസെന്ന ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയുടെ തീരുമാനത്തെ ചോദ്യംചെയ്തു സ്വാശ്രയ മാനേജ്മെന്റുകൾ നൽകിയ ഹർജിയിൽ ഇന്നു ഹൈക്കോടതിയുടെ അന്തിമ വിധി വരും.
11 ലക്ഷം രൂപ വരെ ഫീസ് ഈടാക്കാൻ കോളജുകൾക്ക് അനുമതി നൽകിയ സുപ്രീംകോടതി, കേസ് ഉടൻ തീർപ്പാക്കാൻ ഹൈക്കോടതിയോടു നിർദേശിച്ചിട്ടുണ്ട്. അഞ്ചുലക്ഷം രൂപ ഏകീകൃത ഫീസ് നിശ്ചയിച്ചത് ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതി വിധി വന്നത്.
ഫീസ് തീരുമാനിക്കാതെ മെഡിക്കൽ, ഡെന്റൽ കോളജുകളിലേക്കു സർക്കാർ അലോട്മെന്റ് നടത്തിയതിനെതിരെ വിദ്യാർഥികളും ഇന്നു ഹൈക്കോടതിയെ സമീപിക്കുന്നു. മെഡിക്കല്‍ പ്രവേശനത്തിന്റെ ഫീസ് ഘടനയിലെ ചില വ്യവസ്ഥകൾ ഹൈക്കോടതി റദ്ദാക്കിയതിനെതിരെ പെരിന്തൽമണ്ണ എംഇഎസ്, കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജുകൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസും ഇന്നു സുപ്രീംകോടതി പരിഗണിച്ചേക്കും.
കെഎംസിടി, ശ്രീനാരായണ മെഡിക്കൽ കോളജുകൾക്കു 11 ലക്ഷം രൂപ വരെ ഫീസ് ഈടാക്കാൻ അനുമതി നൽകിയ സുപ്രീം കോടതി വിധിക്കെതിരെയുള്ള കേരള സർക്കാരിന്റെ പുനഃപരിശോധനാ ഹർജിയും ഇന്നു സുപ്രീം കോടതി പരിഗണിച്ചേക്കും.