ഹിന്ദുക്കളുടെ സ്വത്ത് മുസ്‌ലിങ്ങള്‍ വാങ്ങുന്നത് തടയാന്‍ നിയമനിര്‍മാണം കൊണ്ടുവരണമെന്ന് ബിജെപി എംഎല്‍എ സംഗീത പാട്ടീല്‍

0
76

അഹമ്മദാബാദ്: ഹിന്ദുക്കളുടെ സ്വത്ത് മുസ്‌ലിങ്ങള്‍ വാങ്ങുന്നത് തടയാന്‍ നിയമനിര്‍മാണം കൊണ്ടുവരണമെന്ന ബിജെപി എംഎല്‍എയുടെ ആവശ്യം വിവാദമായി. ഗുജറാത്തിലെ സൂറത്ത് മണ്ഡത്തില്‍ നിന്നുള്ള എംഎല്‍എ സംഗീത പാട്ടീല്‍ ആണ് വിവാദ ആവശ്യവുമായി രംഗത്തെത്തിയത്.

മുസ്‌ലിങ്ങള്‍ ഭൂമി സ്വന്തമാക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് എംഎല്‍എ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ലിംബായത്ത് മേഖലയിലെ ഹിന്ദുക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ട് നിരവധി തവണ തന്നെ ബന്ധപ്പെട്ടെന്നും അതിനാലാണ് കളക്ടര്‍ക്ക് കത്തെഴുതിയതെന്നും സംഗീത പറയുന്നു.

ജില്ലാ കളക്ടറുടെ അനുമതി ഇല്ലാതെ ഒരു മതവിഭാഗത്തില്‍പെട്ട വ്യക്തിക്ക് മറ്റൊരു മതവിഭാഗത്തില്‍പെട്ട വ്യക്തിയില്‍ നിന്നും ഭൂമി വാങ്ങുന്നത് തടയുന്ന നിയമമാണ് ഡിസ്റ്റേര്‍ബ്ഡ് ഏരിയാസ് ആക്ട്. ഇത് മണ്ഡലത്തില്‍ നടപ്പിലാക്കണമെന്നാണ് എംഎല്‍എയുടെ ആവശ്യം. ലിംബായത്തില്‍ ഹിന്ദുക്കളുടെ സ്വത്തുക്കള്‍ കൈയടക്കാന്‍ മുസ്‌ലിങ്ങള്‍ ഭീഷണി ഉള്‍പ്പെടെയുള്ള തന്ത്രങ്ങള്‍ പ്രയോഗിക്കുന്നുണ്ടെന്ന് എംഎല്‍എ ആരോപിച്ചു.

ലിംബായത്ത് ഒരിക്കല്‍ ഹിന്ദു പ്രദേശമായിരുന്നു. എന്നാല്‍ ഇന്നവിടെ  ഭൂരിഭാഗവും മുസ്‌ലിങ്ങളാണ്. ഭൂമിയും വീടും ഹിന്ദുക്കള്‍ വില്‍ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ അവരെ ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദം ചെലുത്തിയും വില്‍ക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ് എംഎല്‍എ ആരോപിക്കുന്നു.

എംഎല്‍എയുടെ നിലപാടിനെതിരെ കോണ്‍ഗ്രസ് രംഗത്തുണ്ട്. ജനപ്രതിനിധി എന്ന നിലയില്‍ പരാജയമായതിനാലാണ് എംഎല്‍എ ഇത്തരത്തിലുള്ള മതപരമായ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here