എടിഎം നിരക്കുകളിൽ ക്രമാതീതമായ വർദ്ധനവ് നിലവിലുണ്ടോ? അവാസ്തവമായ ഹൈപ് അല്ലേ സൃഷ്ടിക്കപ്പെട്ടത്?

0
96

സുധീര്‍ എം.ആര്‍.

മലയാളം ചാനലുകൾക്കും ഓൺലൈൻ മാധ്യമങ്ങൾക്കും കഴിഞ്ഞ ദിവസങ്ങളില്‍ തീ പിടിച്ചിരിക്കുകയായിരുന്നു. എസ്ബിടി എടിഎം നിരക്കുകൾ വർദ്ധിപ്പിച്ചിരിക്കുന്നു. മുൻപുണ്ടായിരുന്ന സൗജന്യ പിൻവലിക്കൽ പരിധി എടുത്തു കളഞ്ഞിരിക്കുന്നു. പ്രതികരണങ്ങൾ, പ്രതിഷേധങ്ങൾ, ഇൻസ്റ്റന്റ് ലേഖനങ്ങൾ, ഗ്രാഫിക്കൽ മീമുകൾ എല്ലാം കൊണ്ട് സകലമാന മാധ്യമങ്ങളും പ്രളയത്തിലാഴ്ന്നു.

അനാവശ്യമായ ഇത്തരം ഹൈപ്പുകൾ എല്ലാ കാര്യത്തിലും മലയാളിയുടെ ഒരു ദൗർബല്യമാണ് എന്നും ഇത്തരം ഹൈപ്പുകളുടെ വസ്തുത തേടിപ്പോയാൽ കിട്ടുന്നത് തികഞ്ഞ വൈരുധ്യമായിരിക്കും എന്ന് ഒട്ടനേകം അനുഭവങ്ങൾ ഉള്ളത് കൊണ്ട് വെറുതെ ഒന്ന് പരതി നോക്കി.

ഈ മീഡിയാ ഹൈപ്പിൽ നിന്നും ഒന്ന് മാറിഎസ്ബിഐ യുടെ ഫേസ്ബുക് പേജിൽ ചെന്ന് ഏതെങ്കിലും ഒരു പോസ്റ്റിന്റെ താഴെ ഈ വാർത്തയെപ്പറ്റി ഒരു വിശദീകരണം ചോദിച്ചാൽ ഏതാനും നിമിഷങ്ങൾക്കുള്ളിൽ മറുപടി കിട്ടും.

പ്രസ്തുത നിരക്ക്-ഭേദഗതിയുടെ പട്ടിക ഡൗൺലോഡ് ചെയ്യാൻ ഉള്ള ലിങ്ക് ഉൾപ്പടെ. ഈ ചോദ്യം ചോദിച്ച മറ്റുള്ളവർക്ക് ബാങ്ക് കൊടുത്ത മറുപടിയിലും ഈ ഡൗൺലോഡ് ലിങ്ക് ഉണ്ട്. ആർക്കും പരിശോധിക്കാവുന്നതും ആണ്. പരിശോധിച്ചാൽ മനസ്സിലാവുന്നത് ഈ കോലാഹലവും പൊള്ളയാണ് എന്നാണ്.
എസ്ബിഐ ഇടപാടുകളുടെ നിരക്കുകൾ ഭേദഗതി ചെയ്തിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്. അതിൽ വർദ്ധനവുകളും ഉണ്ട്. എന്നാൽ പ്രചാരണങ്ങൾ അത്രയും എടിഎംനിരക്കുകൾ ചുറ്റിപ്പറ്റി ആയിരുന്നു.

ലക്ഷക്കണക്കിന് രൂപയുടെ ട്രാൻസ്ഫറുകൾക്ക് വന്നിട്ടുള്ള രണ്ടും മൂന്നും രൂപയുടെ വർദ്ധനവ് ചൂണ്ടിക്കാണിച്ചു ജനവികാരം ഇളക്കിവിടാനാവില്ലല്ലോ. അതിന് സാധാരണക്കാരന് ഉപയോഗിക്കുന്ന എടിഎംനെക്കുറിച്ചു തന്നെ പറയണം.

എസ്ബിഐ എടിഎം ന്റെ സൗജന്യ പിൻവലിക്കൽ പരിധി 4 ആയിരുന്നു. മെട്രോ നഗരങ്ങളിൽ 3. അതിനിപ്പോഴും മാറ്റമില്ല. അഞ്ചാമത്തെ പിൻവലിക്കൽ മുതൽ ഈടാക്കിയിരുന്നത് 20 രൂപയാണ്. അതിലും മാറ്റമില്ല. അതും മറ്റു ബാങ്കുകളുടെ എടിഎം കളിൽ നിന്ന്എസ്ബിഐ എടിഎം ആണെങ്കിൽ ഇത് 10 രൂപയാണ്.

ഇനി എവിടെ നിന്നാണ് ഈ 25 രൂപയുടെ കണക്ക് കിട്ടുന്നത്? എവിടുന്നും കിട്ടുന്നതല്ല. ചുമ്മാ പടച്ച് വിടുന്നു. അത്ര തന്നെ. 2014 ആഗസ്തിലെ റിസർവ് ബാങ്ക് പോളിസി പ്രകാരം ആറ് മെട്രോ നഗരങ്ങളിലെ എടിഎംകളിൽ മൂന്നും മറ്റുള്ള സ്ഥലങ്ങളിൽ അഞ്ചും സൗജന്യ ഇടപാടുകൾ നിർബന്ധമായും കൊടുത്തിരിക്കണം. ഈ ഇടപാടുകളിൽ പണം പിൻവലിക്കലിനു പുറമെ ബാലൻസ് പരിശോധന, പിന്‍ നമ്പർ മാറ്റൽ, മിനി സ്റ്റേറ്റ്മെന്റ്, സ്ഥിര നിക്ഷേപം ബുക്ക് ചെയ്യൽ എന്നിവയും ഉൾപ്പെടും.

ഇതിൽ മെട്രോ-ഇതര നഗരങ്ങളിൽ പണം പിൻവലിക്കലിനു മാത്രമായി നാലും ബാക്കി ഒന്ന് മറ്റേതെങ്കിലും ഒരു പണരഹിത ഇടപാടിനും ആയി നിഷ്കർഷിച്ച് വെച്ചിരുന്നു. ഇതിൽ ഇപ്പോഴും മാറ്റമില്ല. തീർന്നില്ല, ഇതേ ആര്‍ബിഐ പോളിസിപ്രകാരം ഒരു ബാങ്കിനും എടിഎം ഇടപാടുകൾക്ക് 20 രൂപയിൽ കൂടുതൽ ഈടാക്കാൻ അധികാരമില്ല.

ഈ വസ്തുതകൾ മറച്ചുപിടിച്ചുകൊണ്ടാണ് പ്രസ്തുത പ്രൊപ്പോഗാണ്ടകൾ ഒരു രാഷ്ട്രീയ പൊതുബോധനിർമ്മിതിക്കുതകും വിധം നിറഞ്ഞാടുന്നത്.അല്പം കൂടി ആഴത്തിൽ നിരീക്ഷിച്ചാൽ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കപ്പുറം മറ്റു പല ലക്ഷ്യങ്ങളും ഇത്തരം പ്രചാരവേളകൾക്ക് പിന്നിൽ ദർശിക്കാവുന്നതാണ്.

നിരക്ക് ഭേദഗതിയുടെ പട്ടിക പരിശോധിച്ചാൽ ഒന്ന് മനസ്സിലാവും. കറൻസി ഉപയോഗം നിരുത്സാഹപ്പെടുത്തുക എന്ന ഒരു ഉദ്ദേശ്യലക്ഷ്യത്തോടെ ആണ് മാറ്റങ്ങളത്രയും വരുത്തിയിട്ടുള്ളത്. മാത്രമല്ല കൂടുതൽ മിനിമം ബാലൻസ് ഉള്ളത്തിനനുസരിച്ച് എടിഎം പിൻവലിക്കലുകളിൽ മുന്പില്ലാത്ത ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ആളുകളെ സ്വന്തം പണം പരമാവധി ബാങ്കിൽ സൂക്ഷിക്കാൻ പ്രേരിപ്പിക്കുന്നതാണ്. ഇത് തന്നെയായിരിക്കണം ഇത്തരം ഒരു പ്രചാരണത്തിന്റെ മൂലകാരണവും.

നോട്ട് നിരോധനത്തോടെ കാലിയാക്കപ്പെട്ട ബ്ലാക്ക് കറൻസി വാലറ്റുകൾ, പല വിധേന, കൊണ്ട് പിടിച്ച് റീഫിൽ ചെയ്തുകൊണ്ടിരിക്കുന്നവർക്ക് എസ്ബിഐ യുടെ ഇത്തരം നീക്കവും, മറ്റു ബാങ്കുകൾ ഈ നയം പിൻപറ്റാനുള്ള സാധ്യതയും വലിയ തിരിച്ചടി തന്നെയാണ്.

അത്തരക്കാർക്ക് യാഥാർത്‌ഥ നിരക്ക് ഭേദഗതിയുടെ കണക്ക് വെച്ചുകൊണ്ട് ഇത്തരം പ്രചാരവേളകൾ നടത്തിയാൽ വിലപ്പോവില്ല എന്ന് വ്യക്തമായ ബോധ്യം ഉണ്ടായിരുന്നിരിക്കണം. അതിനാലായിരിക്കണം എടിഎം നിരക്കുകളിൽ ക്രമാതീതമായ വർദ്ധനവ് എന്ന ഒരു അവാസ്തവമായ ഹൈപ് സൃഷ്ടിക്കപ്പെട്ടതും…

LEAVE A REPLY

Please enter your comment!
Please enter your name here