തമിഴ്‌നാട് രാഷ്ട്രീയം വീണ്ടും കലങ്ങി മറിയുന്നു

0
54
Chennai: AIADMK(Amma) Deputy General Secretary TTV Dinakaran addressing media at his residence in Chennai on Friday. PTI Photo(PTI8_4_2017_000195A)

തമിഴ്‌നാട് രാഷ്ട്രീയം വീണ്ടും കലങ്ങി മറിയുന്നു. എടപ്പാടി പളനിസാമി പക്ഷവും ഒ.പനീര്‍സെല്‍വം വിഭാഗവും ഒന്നായതിനു തൊട്ടുപുറകെ കരുക്കള്‍ നീക്കി ശശികല പക്ഷം. ടി.ടി.വി.ദിനകരനൊപ്പമുള്ള 19 എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ഗവര്‍ണര്‍ക്ക് കത്തു നല്‍കി. ഇതോടെ എടപ്പാടി പളനിസാമി സര്‍ക്കാര്‍ ന്യൂനപക്ഷമായി.

ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു വിശ്വാസവോട്ട് തേടുമ്പോള്‍ കരുത്ത് തെളിയിക്കാനുള്ള ശ്രമമായിരിക്കും ഇനി ദിനകരന്‍ നടത്തുക. ഇതിന്റെ ആദ്യപടിയായി തന്നെ അനുകൂലിക്കുന്ന 16 എംഎല്‍എമാരെ ദിനകരന്‍ പുതുച്ചേരിയിലെ രഹസ്യ റിസോര്‍ട്ടിലേക്കു മാറ്റി. ദിനകരന്റെ വിശ്വസ്തരായ മൂന്നു എംഎല്‍എമാര്‍ ചെന്നൈയില്‍ തന്നെ തുടരുകയുമാണ്.

തനിക്കൊപ്പം 20 മുതല്‍ 25 വരെ എംഎല്‍എമാരുണ്ടെന്നും ദിനകരന്‍ അവകാശപ്പെടുന്നു. അങ്ങനെയെങ്കില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശശികലപക്ഷത്തിന് കാര്യമായി വിയര്‍ക്കേണ്ടി വരില്ല. പലവിധ കേസുകളുടെ നൂലാമാലകളില്‍ പെട്ടുഴലുന്ന സാഹചര്യത്തില്‍ കടുത്ത നടപടികള്‍ക്ക് ശശികല പക്ഷം മുതിരില്ലെന്ന എഐഡിഎംകെ ഔദ്യോഗിക പക്ഷത്തിന്റ വിശ്വാസമാണ് ഇതോടെ തകര്‍ന്നത്.

ഇതിനു പിന്നാലെ തമിഴ്‌നാട് നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്‍ ഗവര്‍ണര്‍ക്ക് കത്തു നല്‍കി.
ഗവര്‍ണര്‍ക്കു സമര്‍പ്പിച്ച കത്തില്‍ തങ്ങള്‍ എഐഡിഎംകെ അംഗത്വം രാജിവച്ചതായി എംഎല്‍എമാര്‍ പറയുന്നില്ല. എന്നാല്‍ എടപ്പാടി പളനിസാമിക്കെതിരെ രൂക്ഷ വിമര്‍ശനമാണുള്ളത്.

പളനിസാമി അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ മുന്‍പത്തെപ്പോലെ പിന്തുണയ്ക്കാനാകില്ലെന്നുമാണ് കത്തിലുള്ളത്.
234 സീറ്റാണ് തമിഴ്‌നാട് നിയമസഭയിലുള്ളത്. ജയലളിതയുട മരണശേഷം ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുന്നു. 233 സീറ്റില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ത് 117 എണ്ണം.

അണ്ണാഡിഎംകെ പക്ഷത്ത് നിലവില്‍ സ്പീക്കര്‍ ഉള്‍പ്പെടെ 135 പേരുണ്ട്. ദിനകരപക്ഷത്ത് 18 പേര്‍ ഉണ്ടെന്നായിരുന്നു ആദ്യസൂചനകള്‍. എന്നാല്‍ 19 പേരുമായി ഗവര്‍ണര്‍ക്കു മുന്നിലെത്തിച്ചാണ് അദ്ദേഹം ഞെട്ടിച്ചത്. എടപ്പാടിപനീര്‍സെല്‍വം സഖ്യത്തിനാകട്ടെ ഇനി പരീക്ഷണങ്ങളുടെ നാളുകളുമായിരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here