തൃശ്ശൂര്‍ കളക്ടര്‍ കൗശികന് അറസ്റ്റ് വാറണ്ട്

0
60

തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ഡോ. എ കൗശികന് ലോകായുക്തയുടെ അറസ്റ്റ് വാറണ്ട്. ആമ്പല്ലൂര്‍ കല്ലൂര്‍ ആലിക്കല്‍ കണ്ണംകുറ്റി ക്ഷേത്രത്തില്‍നിന്ന് മൂന്നരക്കോടിയുടെ കളിമണ്ണ് കടത്തിയെന്ന പരാതിയില്‍ നടപടിയെടുത്തില്ലെന്ന പരാതിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. നോട്ടീസ് അയച്ചിട്ടും നേരില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും എത്താത്ത സാഹചര്യത്തിലാണ് കളക്ടര്‍ക്കെതിരെ നടപടി.

സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് നിര്‍ദേശം. ക്ഷേത്രഭരണസമിതി പ്രസിഡന്റ് സുനില്‍കുമാറിനെ അറസ്റ്റ് ചെയ്യാന്‍ പുതുക്കാട് എസ് ഐക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജാമ്യം അനുവദിക്കാവുന്ന വകുപ്പാണ് ഇരുവരുടെയു പേരില്‍ ചുമത്തിയിരിക്കുന്നത്. പൊതുപ്രവര്‍ത്തകന്‍ പി എന്‍ മുകുന്ദനാണ് ഹര്‍ജിക്കാരന്‍. നെല്‍ക്കൃഷി ചെയ്തിരുന്നതും സബ്സിഡി ആനുകൂല്യം നേടിയിരുന്നതുമായ പാടശേഖരത്തില്‍ കുളം നിര്‍മാണത്തിന്റെ മറവില്‍ അനുമതിയില്ലാതെ കളിമണ്ണ് കടത്തിയെന്നാണ് പരാതി.

സെപ്റ്റംബര്‍ ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും. അതേസമയം ലോകായുക്തയിലുള്ള കേസില്‍ തിങ്കളാഴ്ച നേരിട്ട് ഹാജരാകാനുള്ള നോട്ടീസ് ലഭിച്ചിരുന്നില്ലെന്ന് കളക്ടര്‍ അറിയിച്ചു. അതതുകൊണ്ടാണ് ഹാജരാകാന്‍ കഴിയാതിരുന്നത്. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ പിന്‍വലിക്കാന്‍ കോടതിയോട് അപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുകുന്ദപുരം താലൂക്ക് കല്ലൂര്‍ വില്ലേജ് സര്‍വേയിലെ പാടത്തും തൊട്ടടുത്ത് നിലത്തിലും കുളം നിര്‍മിച്ചത് നിയമവിധേയമല്ലെന്നും അവിടെ കളിമണ്ണ് ഖനനം നടത്തുകയാണെന്നും സൂചിപ്പിച്ച് പരാതി കിട്ടിയിരുന്നു. സ്ഥലപരിശോധന നടത്തി നടപടി സ്വീകരിച്ച് വരികയായിരുന്നെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here