നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ ജാമ്യാപേഷയും വാതയും നാളെയും തുടരും. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ പൂര്‍ണമായും തളളിക്കളഞ്ഞു കൊണ്ടു സമര്‍പ്പിക്കപ്പെട്ട ജാമ്യാപേക്ഷയില്‍, അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണു ദിലീപും കുടുംബവും. അതേസമയം, ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണു പ്രോസിക്യൂഷന്റെ തീരുമാനം.
നടിയെ ആക്രമിച്ചത് ആസൂത്രിതമല്ലെന്നും പള്‍സര്‍ സുനിക്ക് ദിലീപ് പണം നല്‍കിയിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ആക്രമിക്കപ്പെട്ട നടിയുടെ പേര് ആവര്‍ത്തിച്ച് പറയരുതെന്ന് പ്രതിഭാഗം അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചു. അതിനിടെ, ദിലീപിന്റെ റിമാന്‍ഡ് കാലാവധി അങ്കമാലി മജിസ്ട്രേറ്റ് കോടതി അടുത്തമാസം രണ്ടുവരെ നീട്ടി.
അതിനിടെ, ദിലീപിനെതിരെ പൊലീസിനു കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ഇവ മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാണു പ്രോസിക്യൂഷന് തീരുമാനം. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിനെക്കുറിച്ചു സൂചന ലഭിച്ചിട്ടുണ്ട്. ഫോണ്‍ കണ്ടെത്തേണ്ടതുള്ളതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന് ആവശ്യപ്പെടും. കേസില്‍ കുറ്റപത്രം വൈകാതെ സമര്‍പ്പിക്കുമെന്നും പ്രോസിക്യൂഷന് അറിയിച്ചു.
കഴിഞ്ഞ വെളളിയാഴ്ച ദിലിപീന്റെ ജാമ്യാപേക്ഷ ഹൈക്കോടതിക്കു മുന്നിലെത്തിയിരുന്നു. എന്നാല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ അസൗകര്യം പരിഗണിച്ചു വാദത്തിനായി ചൊവ്വാഴ്ചത്തേയ്ക്കു മാറ്റുകയായിരുന്നു.
ചില പൊലീസ് ഉദ്യോഗസ്ഥരും സിനിമാ മേഖലയിലെ ചിലരും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഇരയാണു താനെന്ന വാദമാണു ദിലീപ് ജാമ്യ ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. തനിക്കെതിരെ തെളിവൊന്നുമില്ലെന്നും എല്ലാ കെട്ടിച്ചമച്ചതാണെന്നും കോടതിയെ ബോധ്യപ്പെടുത്താനാണു ദിലീപിന്റെ അഭിഭാഷകന്റെ നീക്കം. എന്നാല്‍ ദിലീപിനു ജാമ്യം നല്‍കരുതെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍.
ദിലീപ് നല്കിയ ജാമ്യാപേക്ഷയെ നിശിതമായി എതിര്‍ക്കുന്ന സത്യവാങ്മൂലവും അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്. കേസിലെ പ്രധാന സാക്ഷികളെല്ലാം സിനിമാ മേഖലയില്‍ നിന്നുളളവരാണെന്നും വലിയ സ്വാധീന ശക്തിയുളള ദിലീപിനെപ്പോലൊരു പ്രതി ജാമ്യം നേടി പുറത്തിറങ്ങിയാല്‍ കേസ് തന്നെ അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂഷന് കോടതിയില്‍ നിലപാടെടുക്കും. കേസിന്റെ കുറ്റപത്രം ആഴ്ചകള്‍ക്കകം സമര്‍പ്പിക്കുമെന്നും ദീലീപ് ഉള്‍പ്പെടെയുളള പ്രതികളെ ഉള്‍പ്പെടുത്തി വിചാരണ നടപടികള്‍ ഉടന്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നെന്നും ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെടും.