ദിലീപിന് ജാമ്യം ലഭിക്കുമോ? ദിലീപിന്‍റെ ജാമ്യാപേക്ഷ ഇന്നു ഹൈക്കോടതി പരിഗണിക്കും

0
95

കൊച്ചി: നടി കാറില്‍ ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്‍റെ ജാമ്യാപേക്ഷ ഇന്നു ഹൈക്കോടതി പരിഗണിക്കാനിരിക്കെ എല്ലാ കണ്ണുകളും ഹൈക്കോടതിയിലേക്ക് തിരിയുന്നു. ഇത് രണ്ടാം തവണയാണ് ജാമ്യത്തിന് വേണ്ടി ദിലീപ് ശ്രമിക്കുന്നത്. ഇത്തവണ കോടതി  ജാമ്യാപേക്ഷ പരിഗണിക്കുമോ എന്നതാണ് സിനിമാലോകം ആകാംക്ഷയോടെ നോക്കുന്നത്.

ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ അതിശക്തമായി എതിര്‍ക്കും. കാരണം ഇന്ത്യയിലെ തന്നെ ആദ്യത്തെ മാനഭംഗത്തിനായുള്ള ക്വട്ടേഷന്‍ കേസ് എന്നാണു പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചിരിക്കുന്നത്. ദിലീപ് നല്‍കിയ ജാമ്യാപേക്ഷയെ നിശിതമായി എതിര്‍ക്കുന്ന സത്യവാങ്മൂലവും അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്. അതേ സമയം ദിലീപിനെതിരെ പൊലീസിനു കൂടുതൽ തെളിവുകൾ ലഭിച്ചതായി സൂചനയുണ്ട്.

പുതു തെളിവുകള്‍ പോലീസ് മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ സമർപ്പിക്കും. ദൃശ്യങ്ങൾ പകർത്തിയ ഫോണിനെക്കുറിച്ചു സൂചന ലഭിച്ചിട്ടുണ്ട്. ഫോൺ കണ്ടെത്തേണ്ടതുള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും. കേസിൽ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാനാണ് പ്രോസിക്യൂഷൻ തീരുമാനം.

എല്ലാ സാഹചര്യത്തെളിവുകളും ദിലീപിന് എതിരാകുകയും, സാക്ഷിമൊഴികള്‍ ഈ ആക്രമണത്തിലേക്ക് വിരല്‍ ചൂണ്ടപ്പെടുകയും ചെയ്തതോടെ ജാമ്യം എന്നത് ദിലീപിന് സ്വപ്നം മാത്രമായ അവസ്ഥയാണ്. ജാമ്യം ലഭിച്ചാല്‍ദിലീപ് ശബരിമല പോകാനുള്ള വ്രതത്തിലാണ് എന്നാണു ജയിലില്‍ നിന്നും വരുന്ന വാര്‍ത്തകള്‍.

ഇത്തവണയും ജാമ്യം ലഭിച്ചില്ലെങ്കില്‍ വിചാരണതടവുകാരനായി ദിലീപിന് ജയിലില്‍ കഴിയേണ്ടി വരും. ഇടയ്ക്ക് ഒന്ന് പുറത്ത് പോകാന്‍ കൂടി കഴിയാത്ത അവസ്ഥയില്‍. കാരണം ദിലീപിനെ കോടതിയില്‍ ഹാജരാക്കുന്നത് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ്.

ദിലീപിന് ജാമ്യം ലഭിക്കാനുള്ള പഴുതുകള്‍ അടഞ്ഞു കിടക്കുകയാണ് എന്ന തിരിച്ചറിവോടെയാണ് മുന്‍പ് കേസ് ഏറ്റെടുത്ത പ്രമുഖ നിയമജ്ഞന്‍ കെ.രാംകുമാര്‍ പിന്മാറിയത്. മറ്റൊരു പ്രമുഖ അഭിഭാഷകനായ രാമന്‍പിള്ളയാണ് ദിലീപിന് വേണ്ടി ഹാജരാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here