പ്രോസിക്യൂഷന്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കുന്നത് പുതിയ തെളിവുകള്‍; ദിലീപിന് ജാമ്യം ദുഷക്കരമായ അനുഭവമായി മാറിയേക്കും

0
45


കൊച്ചി: നാല്പത് ദിവസവും കഴിഞ്ഞു റിമാന്‍ഡ്‌ തടവുകാരനായി കോടതിയില്‍ കഴിയുന്ന ദിലീപിന് ജാമ്യം ദുഷക്കരമായ അനുഭവമായി മാറിയേക്കും. കാരണം പുറത്ത് പറയാനാവാത്ത കൂടുതല്‍ തെളിവുകളാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പുതുതായി ഹാജരാക്കുന്നത്.

തെളിവുകള്‍ മുദ്ര വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്. അതേസമയം ജാമ്യാപേക്ഷയെ ശക്തമായി പ്രോസിക്യൂഷന്‍ എതിര്‍ക്കുകയും ചെയ്യുന്നുണ്ട്.

അപ്രതീക്ഷിതമായി പ്രതിഭാഗത്തിനു ഇന്ന് ഹൈക്കോടതിയുടെ താക്കീതും കേള്‍ക്കേണ്ടി വന്നു. ആക്രമിക്കപ്പെട്ട നടിയുടെ പേര് കോടതിയില്‍ പരാമര്‍ശിച്ചപ്പോഴായിരുന്നു ഇത്. കഴിഞ്ഞ വെളളിയാഴ്ചയാണ് ദിലീപ് രണ്ടാം തവണ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.

വളരെ കരുതല്‍ എടുത്ത് പുതിയ വാദമുഖങ്ങള്‍ നിരത്തിയാണ് ഈ ജാമ്യാപേക്ഷ സമര്‍പ്പിക്കപ്പെട്ടത്. ചില പോലീസ് ഉദ്യോഗസ്ഥരും സിനിമാ മേഖലയിലെ ചിലരും ചേര്‍ന്നു നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് താന്‍ കേസില്‍ പ്രതിയായതെന്ന വാദമാണ് ദിലീപ് പ്രധാനമായും ഉന്നയിക്കുന്നത്.

മുന്‍പ് ജാമ്യം നിഷേധിക്കുമ്പോള്‍ ഒളിവില്‍ ആയിരുന്ന മാനേജര്‍ അപ്പുണ്ണി പോലീസിനു മുന്നില്‍ ഹാജരായിട്ടുണ്ട്. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ നശിപ്പിക്കപ്പെട്ടതായി അഭിഭാഷകന്‍ മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം പുതിയ ജാമ്യാപേക്ഷയില്‍ ദിലീപ് ഉന്നയിക്കുന്നു.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ അസൗകര്യം പരിഗണിച്ചാണ് വാദം ഇന്നത്തേക്ക് മാറ്റിയത്. കേസില്‍ വാദം നാളെയും തുടരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here