മന്ത്രി കെ.കെ. ശൈലജയുടെ രാജി തേടിയുള്ള സഭാ കവാടത്തിലെ പ്രതിപക്ഷ സത്യഗ്രഹവും സഭയിലെ ബഹളവും തുടരുന്നു

0
84

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ രാജി ആവശ്യപ്പെട്ട് സഭാ കവാടത്തിൽ പ്രതിപക്ഷം നടത്തുന്ന സത്യഗ്രഹം തുടരവേ സഭയിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു. പ്ലക്കാര്‍ഡുകളും, മുദ്രാവാക്യത്തിന്റെയും അകമ്പടിയോടെയായിരുന്നു ബഹളം. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ പ്രതിപക്ഷാംഗങ്ങൾ ബഹളം തുടങ്ങിയിരുന്നു. ശൈലജ രാജിവയ്ക്കുക, ഇല്ലെങ്കിൽ മന്ത്രിസഭയിൽനിന്ന് മുഖ്യമന്ത്രി പുറത്താക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

കെ.കെ.ഷൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. 140 നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് ഇന്നു പന്തംകൊളുത്തി പ്രകടനം നടത്തും.

നേരത്തെ, സ്വാശ്രയ പ്രശ്നം കുഴ‍ഞ്ഞു മറിഞ്ഞിട്ടും മുതലെടുക്കാൻ പ്രതിപക്ഷത്തിനു കഴിഞ്ഞിരുന്നില്ല. ഈ ആക്ഷേപങ്ങൾക്കെല്ലാം ശക്തമായ സമരത്തിലൂടെ മറുപടി നൽകാനാണു പ്രതിപക്ഷത്തിന്റെ നീക്കം. അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും നടത്തി എന്നു ഹൈക്കോടതി കുറ്റപ്പെടുത്തിയ മന്ത്രിക്ക് എങ്ങനെ അധികാരത്തിൽ തുടരാനാകുമെന്ന ചോദ്യമാണു പ്രതിപക്ഷം ഉയർത്തുന്നത്.

സമാന പരാമർശത്തിൽ രാജിവെച്ച മന്ത്രിമാരുടെ ചരിത്രവും പ്രതിപക്ഷം ചൂണ്ടികാണിക്കുന്നു. എൻ. ഷംസുദ്ദീൻ, ടി.വി. ഇബ്രാഹിം, എൽദോസ് കുന്നപ്പള്ളി, വി.പി. സജീന്ദ്രൻ, റോജി എം. ജോൺ എന്നിവരാണു രാപകൽ സത്യഗ്രഹം നടത്തുന്നത്. സഭാ സമ്മേളനം രണ്ടു ദിവസത്തിനുള്ളില്‍ അവസാനിക്കെ അതുവരെ സഭാ കവാടത്തിലെ സത്യഗ്രഹം തുടരാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here