കുന്നംകുളം: വീണ്ടും മാഡത്തെക്കുറിച്ചുള്ള സൂചനകളുമായി നടീ ആക്രമണക്കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. പണം തന്നു എന്നതല്ലാതെ മറ്റു കാര്യങ്ങൾ മാഡത്തിനു അറിയില്ലായിരുന്നു. സുനി പറഞ്ഞു. മാഡം ആരാണെന്നു പിന്നീടു പറയുമെന്നും സുനി ആവർത്തിച്ചു.
മറ്റൊരു കേസിൽ കുന്നംകുളം മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് സുനി വീണ്ടും ‘മാഡ’ത്തെ വലിച്ചിട്ടത്. അതേസമയം, നടി കാവ്യാ മാധവനെ പരിചയമുണ്ടെന്നും പൾസർ സുനി വ്യക്തമാക്കി. തന്നെ അറിയില്ലെന്ന് കാവ്യ പറയുന്നത് ശരിയല്ല. പലപ്പോഴും താൻ പണം തട്ടിയിട്ടുണ്ടെന്നും സുനി മാധ്യമങ്ങളോടു പറഞ്ഞു.
മാഡത്തിന്റെ പേര് വെളിപ്പെടുത്തുമെന്ന് സുനി നേരത്തെയും പറഞ്ഞിരുന്നെങ്കിലും പൊലീസ് ഇത് തടഞ്ഞിരുന്നു. ആരാണ് മാഡം എന്നതിനെപ്പറ്റി ചർച്ചകൾ ചൂടുപിടിച്ച വേളയിലാണ് അവർക്ക് മറ്റു കാര്യങ്ങളിൽ പങ്കില്ലെന്നു സുനി ഇപ്പോൾ പറഞ്ഞിരിക്കുന്നത്. സിനിമാ രംഗത്തുനിന്നുള്ള ഒരാളാണ് മാഡമെന്നും താൻ പറഞ്ഞത് കെട്ടുകഥയല്ലെന്നും സുനി കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു.
ഈ മാസം 16നുള്ളിൽ വിഐപി കാര്യങ്ങൾ തുറന്നു പറഞ്ഞില്ലെങ്കിൽ താൻ പറയുമെന്നായിരുന്നു സുനിയുടെ മുന്നറിയിപ്പ്. എന്നാല്‍ അതേ ദിവസം സുനിയെ അങ്കമാലി കോടതിയില്‍ പൊലീസ് ഹാജരാക്കിയില്ല. നടിയെ ആക്രമിച്ച കേസിൽ ഇനിയും സ്രാവുകൾ പിടിയിലാകാനുണ്ടെന്നു ആവർത്തിക്കുന്നതിനിടെയാണ് ‘മാഡം’ എന്നതു കെട്ടുകഥയല്ലെന്ന് സുനി വെളിപ്പെടുത്തിയത്.