ന്യൂഡൽഹി: മുത്തലാഖ് കേസില്‍ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്ന് വിധിപറയും. ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ അധ്യക്ഷനായ ഭരണഘടനാബെഞ്ചാണ് വിധി പറയുന്നത്. മുത്തലാഖ്, ബഹുഭാര്യത്വം വിഷയങ്ങളില്‍ വിധി നിര്‍ണായകമാകും.
ഒറ്റയിരുപ്പില്‍ മൂന്നു തവണ തലാഖ് പറഞ്ഞു മൊഴി ചൊല്ലുന്നവർക്കെതിരെ ഊരുവിലക്ക് ഏർപ്പെടുത്തുമെന്നും ഇതുസംബന്ധിച്ച് സമുദായത്തിനു മാർഗനിര്‍ദേശം നൽകുമെന്നും അഖിലേന്ത്യാ വ്യക്തി നിയമ ബോർഡ് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
മുത്തലാഖ് വഴി വിവാഹമോചനം നടത്തരുതെന്നു വിവാഹവേളയിൽ വരന്മാർക്ക് ഉപദേശം നൽകാൻ എല്ലാ ഖാസിമാരോടും ആവശ്യപ്പെടുമെന്നും ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. 15 വർഷം നീണ്ട വിവാഹബന്ധം മുത്തലാഖിലൂടെ വേർപെടുത്തിയ സൈറാ ബാനു, 2016ൽ കത്തു വഴി മൊഴി ചെല്ലപ്പെട്ട ആഫ്രീൻ റഹ്മാൻ, മുദ്രപ്പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുൽഷൻ പർവീൺ, ദുബായിൽനിന്ന് ഫോണിലൂടെ ഭർത്താവ് മൊഴിചൊല്ലിയ ഇഷ്റത് ജഹാൻ, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയാ സാബ്റി എന്നിവരാണു മുത്തലാഖ് വിഷയത്തിൽ നീതി തേടി കോടതിയെ സമീപിച്ചത്.
മുത്തലാഖ്, ബഹുഭാര്യാത്വം എന്നിവ നിരോധിക്കണമെന്നാണു ഹർജിയിലെ ആവശ്യം.