മുത്തലാഖ്: നിയമവിരുദ്ധമെന്ന് കോടതി

0
51

മുത്തലാഖ് ഭരണഘടന വിരുദ്ധമെന്ന് സുപ്രീം കോടതി. മുത്തലാഖ് കേസില്‍ വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് അമിത്ഷാ. വിധി കൃത്യമായ നിയമ നിര്‍മ്മാണത്തിന് സഹായകരമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും അമിത്ഷാ. എന്നാല്‍ വിധി ചരിത്രപരമെന്ന് ബിജെപി.

ഭൂരിപക്ഷ വിധി പ്രകാരം മുത്തലാഖ് നിരോധിച്ചെങ്കിലും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് മുത്തലാഖിന്റെ നിയമസാധുതയും നിലനില്‍പ്പും സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചിരിക്കുന്നത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ മൂന്ന് പേര്‍ മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന നിലപാട് സ്വീകരിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് അടക്കം മറ്റു രണ്ട് പേര്‍ മുത്തലാഖിന്റെ കാര്യത്തില്‍ പാര്‍ലമെന്റ് പുതിയ നിയമം കൊണ്ടു വരട്ടേയെന്ന നിലപാടാണ് സ്വീകരിച്ചത്. ജസ്റ്റിസുമാരുടെ സീനിയോറിറ്റി അനുസരിച്ചാണ് കേസില്‍ ഇന്നു വിധി വായിച്ചു തുടങ്ങിയത്. ഇതനുസരിച്ച്

ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ തന്റെ വിധി ആദ്യം വായിച്ചു. കോടതി ഇടപെടേണ്ട കാര്യമല്ല മുത്തലാഖ്. ഇത് സംസ്‌കാരത്തിന്റെ ഭാഗമാണ്, വിശ്വാസത്തിന്റെ കാര്യമാണ്. ആയിരത്തിലേറെ കാലമായി മുത്തലാഖ് പിന്തുടര്‍ന്നു പോരുന്നുണ്ട് ഇക്കാര്യത്തില്‍ ആറ് മാസത്തിനുള്ളില്‍ പാര്‍ലമെന്റ് നിയമനിര്‍മ്മാണം നടത്തമെന്നും അതുവരെ മുത്തലാഖിനെ വിലക്ക് ഏര്‍പ്പെടുത്താമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസിന്റെ വാദങ്ങളോട് യോജിക്കുന്നതായി ജസ്റ്റിസ് അബ്ദുള്‍ നസീര്‍ പിന്നീട് തന്റെ വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി.

ജസ്റ്റിസ് ഖെഹാറിന് ശേഷം വിധിപ്രസ്താവം വായിച്ച ജസ്റ്റിച്ച കുര്യന്‍ ജോസഫ് മുസ്ലീം വ്യക്തി നിയമങ്ങള്‍ക്ക് ഭരണഘടനാപരായ അംഗീകാരമുണ്ടെന്ന് മുസ്ലീം വ്യക്തി ബോര്‍ഡിന്റെ വാദങ്ങള്‍ ശരിവച്ചു കൊണ്ട് അഭിപ്രായപ്പെട്ടു. എന്നാല്‍ മുത്തലാഖിന് ഭരണഘടനാ സാധുത നല്‍കാമെന്ന് തോന്നുന്നില്ലെന്നും ഇസ്ലാമിക വിശ്വാസങ്ങളുടെ അടിസ്ഥാന ഭാഗമല്ല മുത്തലാഖെന്നും അദ്ദേഹം വ്യക്തമാക്കി.

തുടര്‍ന്ന് വിധിപ്രസ്താവം വായിച്ച ജസ്റ്റിസ് രോഹിട്ങണ്‍ നരിമാന്‍ ഭരണഘടനയുടെ 32-ാം അനുച്ഛേദം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസിന്റെ വാദങ്ങളെ ഖണ്ഡിച്ചു. ഒരു പൗരന്‍ പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചാല്‍ ആ പരാതിക്ക് സുപ്രീം കോടതി പരിഹാരം കാണണമെന്നും പാര്‍ലമെന്റിനെ ആശ്രയിക്കേണ്ടതില്ലെന്നും നരിമാന്‍ ചൂണ്ടിക്കാട്ടി. തലാഖ്, തലാഖ്, തലാഖ് എന്ന് മൂന്നു തവണ ചൊല്ലി സ്ത്രീയേയും കുട്ടികളേയും ഒരു ഭര്‍ത്താവ് അനാഥരാക്കുന്ന രീതി ഇന്ത്യന്‍ ഭരണഘടന മുന്നോട്ട് വയ്ക്കുന്ന അടിസ്ഥാനതത്ത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് യു.യു. ലളിത് ഈ വാദങ്ങളോട് യോജിപ്പ് പ്രകടിപ്പിച്ചു.

അന്തിമവിധിയില്‍ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍, ജസ്റ്റിസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ ഭിന്നാഭിപ്രായം രേഖപ്പെടുന്നുവെങ്കിലും മൂന്ന് ജഡ്ജിമാര്‍ മുത്തലാഖ് നിയമവിരുദ്ധമാണെന്ന നിലപാടാണ് സ്വീകരിച്ചത്. ഭൂരിപക്ഷം ജഡ്ജിമാര്‍ മുത്തലാഖിനെ എതിര്‍ക്കുമ്പോള്‍ സ്വാഭാവികമായും അതാണ് അന്തിമവിധി. ആ അര്‍ത്ഥത്തില്‍ മുത്തലാഖ് രാജ്യത്ത് നിരോധിക്കപ്പെട്ടിരിക്കുന്നു. മുത്തലാഖില്‍ പാര്‍ലമെന്റ് ഇനി പുതിയ നിയമം കൊണ്ടു വന്നാലും ഇല്ലെങ്കിലും ഇന്ത്യയില്‍ ഇനി മുത്തലാഖ് ഉണ്ടാവില്ല.

മുത്തലാഖ് വിഷയത്തില്‍ ആറ് മാസത്തിനുള്ളില്‍ പുതിയ നിയമനിര്‍മ്മാണം നടത്തുവാന്‍ പാര്‍ലമെന്റിനോട് നിര്‍ദേശിച്ച ചീഫ് ജസ്റ്റിസ് ഇക്കാര്യത്തില്‍ രാഷ്ട്രീയം മാറ്റിവച്ച് എല്ലാ പാര്‍ട്ടികളും പങ്കു ചേരണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മുത്തലാഖ് നിരോധിച്ചാല്‍ പുതിയ നിയമം കൊണ്ടു വരുമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

മുത്തലാഖില്‍നിന്ന് സ്ത്രീകളെ സംരക്ഷിക്കാന്‍ ഭേദഗതികള്‍ വരുത്താമെന്നും വിവാഹവേളയില്‍ മുത്തലാഖ് ബാധകമല്ലെന്ന് നിക്കാഹ് കരാറില്‍ ചേര്‍ക്കാമെന്നും മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ വധുവിന് അഭിപ്രായം പറയാന്‍ അവകാശം ഉണ്ടായിരിക്കുമെന്നും ബോര്‍ഡ് ഉറപ്പ് നല്‍കി. എന്നാല്‍ അന്തിമവിധിയില്‍ ഇക്കാര്യങ്ങളൊന്നും മുത്തലാഖിനെ എതിര്‍ത്ത ജസ്റ്റിസുമാര്‍ പരിഗണിച്ചില്ല. മുത്തലാഖ് ഇസ്ലാമിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ക്ക് എതിരാണെന്നും പാകിസ്താനടക്കം പല ഇസ്ലാമിക രാജ്യങ്ങളിലും മുത്തലാഖ് ഇല്ലെന്നിരിക്കേ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ അത് നടപ്പാക്കേണ്ട കാര്യമില്ലെന്നും മുത്തലാഖിനെ എതിര്‍ത്ത ജസ്റ്റിസുമാര്‍ ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി വിധിയില്‍ തുടക്കത്തില്‍ ചില ആശയക്കുഴപ്പമുണ്ടായെങ്കിലും വിധിയുടെ വിശദാംശങ്ങള്‍ പുറത്തു വന്നതോടെ സമ്മിശ്ര പ്രതികരണങ്ങളും വന്നു തുടങ്ങിയിട്ടുണ്ട്. വിഷയത്തില്‍ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് സ്വീകരിക്കുന്ന നിലപാടിനൊപ്പം നില്‍ക്കുമെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കി. വിധിയെ സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് വക്താവ് മനീഷ് തീവാരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here