മുത്തലാഖ് അസാധുവും നിയമവിരുദ്ധവുമെന്ന് സുപ്രിം കോടതി

0
95

ന്യൂഡൽഹി: മുസ്‌ലിം വിവാഹമോചന രീതിയായ മുത്തലാഖ് അസാധുവും നിയമവിരുദ്ധവുമെന്ന് സുപ്രിം കോടതി. മുത്തലാഖ് അസാധുവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നു ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസുമാരായ റോഹിന്റൺ ഫാലി നരിമാൻ, കുര്യൻ ജോസഫ്, യു.യു. ലളിത് എന്നിവർ വിധിയെഴുതി.

എന്നാല്‍ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ, ജസ്റ്റിസ് എസ്. അബ്ദുൽ നസീർ എന്നിവർ എതിർത്തു. വിവിധ മുസ്‌ലിം രാജ്യങ്ങളിൽ മുത്തലാഖ് നിയമവിരുദ്ധമാണ്. പിന്നെന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് അതിൽനിന്നു മാറാനാകാത്തത്? സുപ്രീം കോടതി ചോദിച്ചു. ആയിരം പേജോളം വരുന്നതായിരുന്നു സുപ്രീം കോടതിയുടെ വിധി ന്യായം.

മുത്തലാഖ് നിരോധിക്കാൻ ആവശ്യമെങ്കിൽ ആറുമാസത്തിനകം നിയമനിർമാണം നടത്തണമെന്നു ജഡ്ജിമാരായ ജെ.എസ്. കേഹാറും ജസ്റ്റിസ് എസ്. അബ്ദുൽ നസീറും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു . പുതിയ നിയമം നിലവിൽ വരുന്നതുവരെ ആറുമാസത്തേക്കു മുത്തലാഖിനു വിലക്കും ഏർപ്പെടുത്തി.

ആറുമാസത്തിനുള്ളിൽ നിയമനിർമാണം നടത്തിയില്ലെങ്കിൽ ഈ വിലക്കു തുടരും. മുസ്‌ലിം വ്യക്തിനിയമം മനസ്സിലാക്കി വേണം നിയമനിർമാണം നടത്തേണ്ടതെന്നും രാഷ്ട്രീയ പാർട്ടികൾ വ്യത്യാസങ്ങൾ മാറ്റിവച്ച് നിയമനിർമാണത്തിനു കേന്ദ്രത്തിനു പിന്തുണ നൽകണമെന്നും ഇരുവരും വിധിന്യായത്തിൽ ആവശ്യപ്പെട്ടു.

മുത്തലാഖിലൂടെ വിവാഹമോചിതരായ ഉത്തര്‍പ്രദേശിലെ സൈറ ബാനു ഉള്‍പ്പെടെ മുസ‌്‌ലിം സമുദായാംഗങ്ങളായ സ്ത്രീകളാണു മുത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here