മെഡിക്കല്‍കോളേജ് കോഴ: അന്വേഷണ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ കുമ്മനവും,അംഗങ്ങളും തമ്മില്‍ പോര് മൂര്‍ഛിക്കുന്നു

0
83

തിരുവനന്തപുരം: മെഡിക്കല്‍കോളേജ് കോഴ വിവാദത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റിനും, സംസ്ഥാന പ്രസിഡന്റ് നിയോഗിച്ച അന്വേഷണ കമ്മിഷനും രണ്ടു വാദമുഖങ്ങള്‍.

സംസ്ഥാന ബിജെപിയെ തകര്‍ത്ത് എറിഞ്ഞ മെഡിക്കല്‍ കോളേജ് കോഴ വിവാദത്തിലാണ് ഇപ്പോഴുള്ള ശ്രദ്ധേയമായ പരിണിതി. മെഡിക്കല്‍ കോളേജ് കോഴ അന്വേഷിക്കാന്‍ താന്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചിട്ടില്ലാ എന്നാണു ഇന്നലെ വിജിലന്‍സിന് മൊഴി നല്‍കി മടങ്ങുമ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞത്.

ഒപ്പം കുമ്മനം ഒന്ന് കൂടി പറഞ്ഞു. പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ചോര്‍ത്തിയതിന് അല്ലാ വി.വി.രാജേഷിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനം തെറിപ്പിച്ചത്. പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരിലാണ്. ഇതേ കുമ്മനം തന്നെ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രശ്നത്തിലാണ് വി.വി,രാജേഷിനെ മാറ്റി നിര്‍ത്തിയത് എന്നു മുന്‍പ് പ്രസ്താവിച്ചിരുന്നു.

അപ്പോള്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ഉണ്ട്. പക്ഷെ തന്റെ മുന്നില്‍ അത് വന്നിട്ടില്ല. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് കണ്ടിട്ടില്ല. കുമ്മനം പറയുന്നു. കുമ്മനത്തിനു നേര്‍വിപരീതമായാണ് കുമ്മനം നിയോഗിച്ച അന്വേഷണ കമ്മിഷന്‍ അംഗമായ കെ.പി.ശ്രീശന്‍ ഇന്ന് വിജിലന്‍സിന്  മുന്നില്‍ മൊഴി നല്‍കി വരുമ്പോള്‍ പ്രതികരിച്ചത്. ‘ അത് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ആണ്. ഞങ്ങളെ അന്വേഷണത്തിനു നിയോഗിച്ചതാണ്. ഞങ്ങള്‍ ആ അന്വേഷണ റിപ്പോര്‍ട്ട് ഡ്രാഫ്റ്റ്‌ ആക്കി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിന് മെയില്‍ ചെയ്തിട്ടുണ്ട്. ‘കെ.പി.ശ്രീശന്‍ പറയുന്നു.

പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിനു മെയില്‍ ചെയ്ത റിപ്പോര്‍ട്ട് ആണ് കണ്ടില്ലെന്നു പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പറയുന്നത്. ഈ കേസ് അന്വേഷിക്കുന്ന വിജിലന്‍സിന് ഇനി ആദ്യം മുതല്‍ തന്നെ ഈ കാര്യം അന്വേഷിക്കേണ്ടി വരും. കാരണം പാര്‍ട്ടി സംസ്ഥാന പ്രസിഡനറും-പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ അംഗങ്ങളും രണ്ടു രീതിയില്‍ ആണ് പ്രതികരിക്കുന്നത്.

മെഡിക്കല്‍ കോളേജ് കോഴ വാങ്ങിയതും, അത് ഹവാല വഴി ഡല്‍ഹിയില്‍ എത്തിച്ചതും അതിനു പിന്നണിയില്‍ പ്രവര്‍ത്തിച്ച ബിജെപി സഹകരണ സെല്‍ മുന്‍ കണ്‍വീനര്‍ എസ്.ആര്‍.വിനോദ് സമ്മതിച്ചു കഴിഞ്ഞതാണ്. 5.50 കോടിയിലേറെ രൂപ ഈടാക്കിയത് കണ്‍സള്‍ട്ടന്‍സി ചാര്‍ജ് എന്നാണു വിനോദ് വിശേഷിപ്പിക്കുന്നത്. ദേശീയ തലത്തില്‍ ബിജെപിക്ക് നാണക്കേടാകുകയും, പാര്ലമെന്റ്റ് നടപടികള്‍ തന്നെ സ്തംഭിക്കാന്‍ കാരണമാവുകയും ചെയ്ത ഒന്നായിരുന്നു കേരളത്തിലെ മെഡിക്കല്‍കോളേജ് കോഴ വിവാദം.

ആ കോഴവിവാദം അന്വേഷിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ആണ് താന്‍ കണ്ടിട്ടില്ലെന്ന് കുമ്മനം മൊഴി നല്‍കിയത്. സംസ്ഥാന പ്രസിഡന്റിന്‍റെ പ്രസ്താവനയെ മണിക്കൂറുകള്‍ക്കുള്ളില്‍ തള്ളിക്കളഞ്ഞാണ് കമ്മിഷന്‍ അംഗങ്ങള്‍ മുന്നോട്ട് വന്നിരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ കണ്ടിട്ടില്ലാത്ത ആ റിപ്പോര്‍ട്ട് മാധ്യമങ്ങളുടെ ഓഫീസുകളില്‍ വരെ എത്തി.

മാധ്യമങ്ങള്‍ ആ റിപ്പോര്‍ട്ട് വാര്‍ത്തയാക്കിയപ്പോഴാണ് വി.വി.രാജേഷ് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും തെറിക്കുകയും, പാര്‍ട്ടി കേന്ദ്ര നേതൃത്വം കടുത്ത നടപടികളുമായി മുന്നോട്ട് വരുകയും ചെയ്തത്. കാര്യങ്ങള്‍ ഇങ്ങിനെയായിരിക്കെയാണ് വെളിപാടുപോലെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വെളിപ്പെടുത്തുന്നത് ആ റിപ്പോര്‍ട്ട് ഞാന്‍ കണ്ടിട്ടില്ലായെന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here