വാരാപ്പുഴ പീഡനക്കേസിലെ പ്രതിയായ ശോഭാജോണിന് 18 വര്‍ഷം കഠിന തടവ്. വിചാരണ പൂര്‍ത്തിയായ ആദ്യകേസില്‍ ശോഭാ ജോണിന് 18 വര്‍ഷം കഠിന തടവിനു പുറമെ ഒരുലക്ഷത്തിപതിനൊന്നായിരം രൂപ പിഴയും കോടതി വിധിച്ചു. ഈ കേസിലെ മറ്റൊരു പ്രതിയായ കേണല്‍ ജയരാജന് നായര്‍ക്ക് 11 വര്‍ഷം തടവും ലഭിച്ചു.
കേസില്‍ പ്രതിയായിരുന്ന ശോഭാ ജോണിന്റെ ഡ്രൈവര്‍ അനില്‍, പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരി, സഹോദരീ ഭര്‍ത്താവ് എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു. കേസില്‍ മറ്റൊരു പ്രതിയായ ജിന്‍സ് വിചാരണ കാലയളവില്‍ മരണപ്പെട്ടിരുന്നു.
വാരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ട് 32 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ അഞ്ച് കേസുകളില്‍ വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്. 2011-ലാണ് കൊച്ചി വരാപ്പുഴയിലുള്ള പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭസംഘത്തിന് വില്‍ക്കുകയും വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയും ചെയ്തത്.
പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതില്‍ മുഖ്യഇടനിലക്കാരിയായി നിന്നത് ശോഭാ ജോണായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ഭൂരിപക്ഷം കേസുകളിലും ഇവര്‍ പ്രതിയാണ്.