സ്വാശ്രയ മാനേജുമെന്‍റുകളുടെ കളിപ്പാവയായി സർക്കാർ മാറരുത്; കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടി വരും: ഹൈക്കോടതി

0
48

കൊച്ചി: സ്വാശ്രയ മെഡിക്കൽ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്കും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

സ്വാശ്രയ മാനേജുമെന്‍റുകളുടെ കളിപ്പാവയായി സർക്കാർ മാറരുത്. ചില കോളജുകളെ സഹായിക്കാനായി കോടതി വിധികള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാ‌‌ണ്. പ്രവേശന പരീക്ഷാ കമ്മീഷണര്‍ കോടതി ഉത്തരവുകളെ സൗകര്യപൂര്‍വ്വം വ്യാഖ്യാനിക്കുകയാണ്. ഇങ്ങനെയാണെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടാന്‍ തയ്യാറാകണമെന്നും ഹൈക്കോടതി മുന്നറിയിപ്പു നൽകി.

ഇന്നലെ ഹർജികൾ പരിഗണിക്കവേ സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. സര്‍ക്കാരും, സ്വാശ്രയ മാനേജ്മെന്റുകളും വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുക്കുന്നില്ലെന്നു ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു.

പ്രവേശനത്തിനുള്ള ഫീസ് ഘടന കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണെന്നു വ്യക്തമാക്കിയ കോടതി, ലളിതമായി പരിഹരിക്കേണ്ട വിഷയം സങ്കീർണമാക്കിയെന്നും ആരോപിച്ചിരുന്നു. കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ സർക്കാർ പരിഗണിക്കുന്നില്ല. അവരുടെ അവസ്ഥയെന്താണെന്ന് ആരും ചിന്തിക്കുന്നില്ല.

സ്വകാര്യ കോളജുകളിലെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് അഞ്ച് ലക്ഷം ഏകീകൃത ഫീസ് നിര്‍ണയിച്ച രാജേന്ദ്ര ബാബു കമ്മീഷന്‍ തീരുമാനത്തെ ചോദ്യം ചെയ്ത് മാനേജ്‌മെന്റുകളും, ഭാവി ചോദ്യചിഹ്നമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരുകൂട്ടം വിദ്യാര്‍ത്ഥികളും നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here