എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍: 1,796 പുതിയ തസ്തികകള്‍

0
59

എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 1796 പുതിയ തസ്തികകള്‍ക്കായി ഉത്തരവ്. സംസ്ഥാനത്ത് പുതുതായി അനുവദിച്ച എയ്ഡഡ് ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളിലും പുതിയ ബാച്ചുകളിലും അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചാണ് ഉത്തരവിറക്കിയത്. 2014-15 വര്‍ഷങ്ങളിലെ ബാച്ചുകളില്‍ അധ്യാപക-പ്രിന്‍സിപ്പല്‍, ലാബ് അസിസ്റ്റന്റ് തസ്തികകളിലേക്കാണ് ഉത്തരവായത്.
ഈ വിദ്യാലയങ്ങളിലും ബാച്ചുകളിലും വിവിധ തസ്തികകള്‍ സൃഷ്ടിച്ച് നേരത്തെ ഉത്തരവായിരുന്നു. അതോടൊപ്പം ഇവിടത്തെ ഭൗതികസാഹചര്യങ്ങള്‍ റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തലത്തില്‍ വിലയിരുത്തി ഓരോ ബാച്ചിലെയും കുട്ടികളുടെ എണ്ണം, അധ്യാപകരുടെ ജോലിഭാരം എന്നിവക്കനുസരിച്ച് ആവശ്യമായ തസ്തികകളുടെ വിവരം നല്‍കാനും നിര്‍ദ്ദേശിച്ചിരുന്നു.
മൂന്ന് അധിക പിരിയഡുകള്‍ക്ക് ഒരു ജൂനിയര്‍ തസ്തിക അനുവദിക്കാമെന്ന ആദ്യ ഉത്തരവിലെ നിര്‍ദ്ദേശം മാനദണ്ഡമാക്കിയാല്‍ ആഴ്ചയില്‍ രണ്ടേകാല്‍ മണിക്കൂറിനു വേണ്ടി ഒരു അധ്യാപകതസ്തിക സൃഷ്ടിക്കുന്ന അവസ്ഥവരും. അത് പ്രാവര്‍ത്തികമാക്കിയാല്‍ ഒരുദിവസം 27 മിനിറ്റായിരിക്കും ആ അധ്യാപകന്റെ ജോലിഭാരം. ഇത് പ്രായോഗികമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നിബന്ധനകളോടെ പുതിയ തസ്തികകള്‍ സൃഷ്ടിച്ചത്.
ഹയര്‍സെക്കന്‍ഡറി അധ്യാപകന്റെ പരമാവധി ജോലിഭാരത്തിനു പുറമെയുള്ള ഒന്നുമുതല്‍ ആറുവരെ പിരീയഡുകള്‍ക്ക് ഒരു ഗസ്റ്റ് അധ്യാപകനെ നിയമിക്കാമെന്നും അവരുടെ സേവനം ആഴ്ചയില്‍ ഒന്നോ, രണ്ടോ ദിവസമാക്കി നിജപ്പെടുത്തണമെന്നുമാണ് പുതിയ നിബന്ധന. നിലവിലെ മൂന്നിനുപകരം ഏഴോ അതിലധികമോ പിരീയഡുകള്‍ക്ക് ഒരു ജൂനിയര്‍ അധ്യാപകതസ്തിക സൃഷ്ടിക്കാമെന്നും തീരുമാനിച്ചിട്ടുണ്ട്.
ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ സമര്‍പ്പിച്ച നിര്‍ദ്ദേശ പ്രകാരമാണ് 2014-15 വര്‍ഷം പുതുതായി അനുവദിച്ച എയ്ഡഡ് വിദ്യാലയങ്ങളിലും ബാച്ചുകളിലും ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ചുള്ള തിങ്കളാഴ്ചത്തെ ഉത്തരവ്. പ്രിന്‍സിപ്പല്‍ 125, അധ്യാപകര്‍ 642, ജൂനിയര്‍ അധ്യാപകര്‍ 674, അപ്ഗ്രഡേഷന്‍ 167, ലാബ് അസിസ്റ്റന്റ് 188 എന്നിങ്ങനെയാണ് തസ്തികകളുടെ എണ്ണം.

LEAVE A REPLY

Please enter your comment!
Please enter your name here