കടലിലെ ശിവാജി പ്രതിമയ്ക്ക് ബദലുമായി രവിനായര്‍

0
317

മുംബൈക്കാരുടെ സ്വപ്നപദ്ധതിയായ അറബില്‍കടലിലെ ശിവാജി പ്രതിമയ്ക്ക് ബദലുമായി രവിനായര്‍. അറബികടലിന് പകരമായി നഗര മധ്യത്തില്‍ ഉയരം കൂടിയ മലമുകളിലേക്ക് ശിവാജി പ്രതിമയും മ്യൂസിയവും മാറ്റുകയാണ് പദ്ധതി. കേന്ദ്ര സര്‍ക്കാരും മഹാരാഷ്ട്ര സര്‍ക്കാരും പദ്ധതിക്കായി നീക്കിവെച്ച 5000 കോടിയില്‍ പതിനെട്ട് ശതമാനം മാത്രം ചിലവഴിച്ച് ബാക്കി തുക കാര്‍ഷിക കടാശ്വാസം അടക്കമുള്ള ജനോപകാരപ്രദമായ പദ്ധതികള്‍ക്ക് വിനിയോഗിക്കുന്ന തരത്തിലാണ് രവിനായരുടെ പ്രൊപോസല്‍.

ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്നും നരിമാന്‍ പോയിന്റില്‍ നിന്നും ബോട്ടില്‍ പോകാവുന്ന തരത്തില്‍ അറബിക്കടലില്‍ ആണ് നിലവിലെ പദ്ധതി. പദ്ധതിക്കായി ചിലവഴിക്കുന്ന തുക കര്‍ഷക ആത്മഹത്യ കൊണ്ട് പൊറുതിമുട്ടിയ മഹാരാഷ്ട്രയില്‍ കാര്‍ഷിക കടാശ്വാസത്തിന് വേണ്ടി വിനിയോഗിക്കണം എന്ന ചര്‍ച്ചകള്‍ ഉയര്‍ന്നുവെങ്കിലും മഹാരാഷ്ട്രീയരുടെ വികാരമാണ് ഛത്രപതി ശിവജി എന്നതിനാല്‍ എതിര്‍പ്പുകള്‍ കെട്ടടങ്ങുക ആയിരുന്നു. ഈ എതിര്‍പ്പുകളാണ് ഒരു ബദല്‍ പദ്ധതിയിലേക്ക് രവി നായരെ നയിച്ചത്.

192 അടി ഉയരമുള്ള ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്ന ഖ്യാതി പേറുന്ന പ്രതിമ, മ്യൂസിയം, ആംഫി തീയേറ്റര്‍, ഗാലറി എന്നിവയെല്ലാം അടങ്ങുന്ന കടല്‍ പദ്ധതി നഗരപ്രാന്തത്തില്‍ ഉള്ള മലയിലേക്ക് പറിച്ചു നടുമ്പോള്‍ ചെലവ് ചുരുങ്ങും.

ഏതാണ്ട് 900 കോടി രൂപയ്ക്ക് സ്മാരക നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് രവിനായരുടെ പക്ഷം. ബാക്കി വരുന്ന തുക കൊണ്ട് മുംബൈക്കാര്‍ക്ക് കിലോമീറ്ററിന് 5 രൂപ ക്രമത്തില്‍ സഞ്ചാരം സാധ്യമാകുന്ന പൊതു ഗതാഗത സംവിധാനം, 4000 കോടി കൊണ്ടുള്ള കാര്‍ഷിക കടാശ്വാസ പദ്ധതികള്‍ എന്നിവയാണ് രവിയുടെ പ്രോജക്റ്റില്‍ ഉള്ളത്.

സംസ്ഥാനത്ത് 2007 മുതല്‍ 23000 കര്‍ഷക ആത്മഹത്യകള്‍ നടന്നുവെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവീസിന്റെ നിയമസഭയിലെ കുറ്റസമ്മതം കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതിന്റെ അനിവാര്യത വെളിവാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരം ഒരു ബദല്‍ പദ്ധതി വന്നാല്‍ അത് മഹാരാഷ്ട്രക്കാര്‍ക്കും കര്‍ഷകര്‍ക്കും അഭിമാന പദ്ധതിയായി തീരുമെന്നാണ് രവി നായര്‍ കരുതുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര സര്‍ക്കാരിനെയും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയെയും രവി സമീപിച്ചു കഴിഞ്ഞു. 52 കാരനായ രവി മുംബൈ ബോറിവിലി സ്വദേശിയാണ്. മീഡിയ കണ്‍സല്‍ട്ടന്റ് ആണ് രവി.

LEAVE A REPLY

Please enter your comment!
Please enter your name here