കൊച്ചി മേഖല കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ജനുവരി ഒന്നിന് ആരംഭിക്കും. ഇതിന് മുന്നോടിയായി വിശദമായ പദ്ധതി റിപ്പോര്‍ട്ട് ഈ മാസം മുപ്പതിനകം കിഫ്ബിക്ക് സമര്‍പ്പിക്കും. ഒക്ടോബറില്‍ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ക്ക് തുടക്കമാകും. ഡിസംബറില്‍ ടെന്‍ഡറില്‍ അന്തിമ തീരുമാനമെടുത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ നല്‍കുമെന്ന് കാന്‍സര്‍ കേന്ദ്രത്തിന്റെ സ്പെഷ്യല്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു.
ഇന്നലെ തിരുവനന്തപുരത്ത് ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
കാന്‍സര്‍ കേന്ദ്രത്തിന്റെ പദ്ധതിരേഖ കിഫ്ബി മുമ്പാകെ സമര്‍പ്പിക്കാന്‍ സജ്ജമാണെന്ന് സ്പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു. മൊത്തം 395 കോടി രൂപ ചെലവ് കണക്കാക്കിയിട്ടുള്ള പദ്ധതിയില്‍ 235 കോടി രൂപ കെട്ടിടസമുച്ചയങ്ങളുടെ നിര്‍മാണത്തിന് വേണ്ടിവരും. ഉപകരണങ്ങള്‍ക്കും ഫര്‍ണിച്ചറിനും 160 കോടി രൂപയാണ് വകയിരുത്തുന്നത്. പദ്ധതിയ്ക്കുള്ള പ്രാഥമിക പാരിസ്ഥിതികാനുമതി ലഭ്യമായിട്ടുണ്ട്. അന്തിമാനുമതിക്കുള്ള അപേക്ഷ ബന്ധപ്പെട്ട വകുപ്പുകളുടെ പരിഗണനയിലാണ്. കെട്ടിടനിര്‍മാണം അടക്കം നിയമപ്രകാരമുള്ള മറ്റ് അനുമതികള്‍ക്കും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
നാനൂറ് രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യത്തോടെ വിഭാവനം ചെയ്തിട്ടുള്ള ആശുപത്രിയില്‍ പ്രതിദിനം 800 രോഗികള്‍ക്കുള്ള ഔട്ട്പേഷ്യന്റ് സൗകര്യവുമുണ്ടാകും. ഇതിന് പുറമെ കീമോ ചികിത്സയ്ക്കായി 50 ബെഡുകള്‍ നീക്കിവയ്ക്കും. ശസ്ത്രക്രിയകള്‍ക്കായി എട്ട് തീയേറ്ററുകള്‍, സുസജ്ജമായ ന്യൂക്ലിയര്‍ മെഡിസിന് വിഭാഗം, റേഡിയേഷന് ഓങ്കോളജി, ലിനാക് യന്ത്രങ്ങള്‍ എന്നിവ അടക്കമുള്ള ആധുനിക കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളും കൊച്ചി കാന്‍സര്‍ കേന്ദ്രത്തിലുണ്ടാകും.
പന്ത്രണ്ട് ഏക്കര്‍ സ്ഥലത്ത് അഞ്ചു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കാന്‍സര്‍ കേന്ദ്രം ഉയരുക. മെഡിക്കല്‍, സര്‍വീസസ്, അഡ്മിനിസ്ട്രേഷന്, പാലിയേറ്റീവ് എന്നീ നാലു കെട്ടിടസമുച്ചയങ്ങള്‍ പരിസ്ഥി സൗഹൃദ സങ്കേതങ്ങള്‍ അവലംബിച്ചാണ് പണിതുയര്‍ത്തുക. കേന്ദ്രീകൃത എയര്‍ കണ്ടീഷനിങ്, 24 മണിക്കൂര്‍ വൈദ്യുതി, ജലസംഭരണികള്‍, 350 കാറുകള്‍ക്കുള്ള പാര്‍ക്കിങ്, 15 ലിഫ്റ്റുകള്‍ എന്നിവയും വിഭാവനം ചെയ്തിട്ടുണ്ട്. ആധുനികമായ ഹോസ്പിറ്റല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, എമര്‍ജന്‍സി – കാഷ്വല്‍റ്റി വിഭാഗങ്ങള്‍, കമ്മ്യൂണിറ്റി ഓങ്കോളജി, സാന്ത്വന ചികിത്സ, ലൈബ്രറി, കാന്‍സര്‍ രജിസ്ട്രി എന്നിവയും പദ്ധതിയുടെ ഭാഗമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
കളമശ്ശേരിയിലെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നാണ് നിലവില്‍ കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം. കഴിഞ്ഞ വര്‍ഷം നവംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത ആശുപത്രിയില്‍ ഇതുവരെ 905 രോഗികള്‍ ചികിത്സ തേടി. ഔട്ട്പേഷ്യന്റ് സന്ദര്‍ശനങ്ങളുടെ എണ്ണം 3129. ആറ് കിടക്കകളുള്ള കീമോ വാര്‍ഡില്‍ ഇതിനകം 525 കീമോതെറാപ്പികള്‍ നടത്തിയിട്ടുണ്ട്.
സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ ഗവ. മെഡിക്കല്‍ കോളേജിലെ റേഡിയോളജിസ്റ്റുകളുടെ സഹായത്തോടെ 212 ചെറുശസ്ത്രക്രിയകളും നടത്തി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഹെഡ് ആന്റ് നെക്ക് എന്‍ഡോസ്കോപ്പി സംവിധാനം നിലവില്‍ വന്നതിന് ശേഷം 13 എന്‍ഡോസ്കോപ്പികളും നടത്തി. ലാബറട്ടറി സംവിധാനവും പ്രവര്‍ത്തിക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇ ഹെല്‍ത്ത് ആരോഗ്യപരിചരണ, നിരീക്ഷണ സംവിധാനം കൊച്ചി കാന്‍സര്‍ ചികിത്സാകേന്ദ്രത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാരുണ്യ അടക്കം വിവിധ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ചികിത്സാപദ്ധതികളുടെ പട്ടികയിലും ഇതിനകം കാന്‍സര്‍ കേന്ദ്രം സ്ഥാനം നേടി. കാന്‍സര്‍ സെന്ററിലേക്ക് സുഗമമായി എത്തുന്നതിന് കളമശ്ശേരിയിലെ മെട്രോ സ്റ്റേഷനുകളില്‍ നിന്നും ഫീഡര്‍ സര്‍വീസുകളും നിലവിലുണ്ട്.