ട്രാന്‍സ്ജന്‍ഡറെ കൊന്ന പ്രതി പിടിയില്‍

0
44


ട്രാന്‍സ്ജന്‍ഡറെ കഴുത്ത് ഞെരിച്ച് കൊന്ന കേസിലെ പ്രതി പൊലീസ് പിടിയില്‍. തൃശ്ശൂര്‍ അന്നമനട വെണ്ണൂര്‍പാടം കളത്തില്‍ വീട്ടില്‍ അഭിലാഷ് കുമാര്‍ (21) ആണ് പിടിയിലായത്. ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തമിഴ്നാട് ചിന്നസേലം സ്വദേശി ഗൗരിയെന്നു വിളിക്കുന്ന മുരുകേശനെ(35)യാണ് ഓഗസ്റ്റ് 15ന് കൊല്ലപ്പെട്ട നിലയില്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്.

ആലുവ മേഖലയില്‍ വര്‍ഷങ്ങളായി നിര്‍മാണജോലി ചെയ്തുവരികയായിരുന്നു മുരുകേശ്. അഭിലാഷ് മുരുകേശന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയാണ് കൊല ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. ഈ സമയം ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് പൊലീസിന്റെ നഗമനം.

മഹാരാഷ്ട്രയിലെ സത്താറ എന്ന സ്ഥലത്ത് പഞ്ചര്‍ ഒട്ടിക്കുന്ന ജോലിയായിരുന്ന അഭിലാഷ് ഓഗസ്റ്റ് 14നാണ് ആലുവയിലെത്തിയത്. ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മദ്യപിച്ച് റോഡരികില്‍ കിടക്കുന്നതു കണ്ട പരിസരവാസികളില്‍ ഒരാള്‍ ഇയാളെ കുറിച്ച് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ആലുവ ജൂനിയര്‍ എസ്.ഐ. റെജിരാജ് സ്ഥലത്തെത്തി അഭിലാഷിന്റെ വിലാസമുള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിച്ചു. ഇയാള്‍ക്ക് മദ്യത്തിന്റെ കെട്ട് വിട്ടപ്പോള്‍ എസ്.ഐ. സ്റ്റേഷനിലേക്ക് മടങ്ങി.

സംഭവം നടക്കുമ്പോള്‍ ട്രാന്‍സ്ജന്‍ഡറായ ഗൗരിയും സമീപത്ത് ഉണ്ടായിരുന്നു. എസ്.ഐ. മടങ്ങിയതോടെ അഭിലാഷ്‌കുമാറും ഗൗരിയുമായി വാക്ക് തര്‍ക്കവും സംഘട്ടനവും നടന്നു. ഗൗരിയുടെ കഴുത്തിലുണ്ടായിരുന്ന മുണ്ട് മുറുക്കി അഭിലാഷ് കൊല നടത്തുകയായിരുന്നു.

ഗൗരി മരിച്ചു എന്ന് ഉറപ്പുവരുത്തിയശേഷം മൃതദേഹം വലിച്ചുകൊണ്ട് റെയില്‍വേ സ്റ്റേഷനു സമീപമുള്ള കുറ്റിക്കാട്ടില്‍ തള്ളുകയായിരുന്നു. മൃതദേഹം ആരും കാണാതിരിക്കാനായി ആസ്ബറ്റോസ് ഷീറ്റുകൊണ്ട് മൂടുകയും ചെയ്തു. കുറ്റകൃത്യം നടത്തിയ ശേഷം പ്രതി സ്വന്തം വീടായ മാളയിലേക്ക് പോയി. അവിടെ വെച്ചാണ് അഭിലാഷിനെ അറസ്റ്റ് ചെയ്തത്.

സമാന സ്വഭാവക്കാരായ ആളുകളെ ചോദ്യം ചെയ്തും സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലുവ ഡിവൈ.എസ്.പി. പ്രഫുലചന്ദ്രന്‍, ആലുവ സി.ഐ. വിശാല്‍ ജോണ്‍സണ്‍, എസ്.ഐ. ഫൈസല്‍, റെജിരാജ്, നിയാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here