പി.വി.അന്‍വറിന്റെ കക്കാടംപൊയിലിലെ അനധികൃത ചെക്ക് ഡാം പൊളിച്ചു മാറ്റും; നടപടി തുടങ്ങി

0
58


മലപ്പുറം: പി.വി.അന്‍വറിന്റെ കക്കാടംപൊയിലിലെ അനധികൃത ചെക്ക് ഡാം പൊളിച്ചു മാറ്റും. അതിനുള്ള നടപടിക്രമങ്ങള്‍ റവന്യൂ വകുപ്പ് തുടങ്ങി. എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ മലപ്പുറം ഡെപ്യൂട്ടി കലക്ടര്‍ ടി.ഒ.അരുണ്‍ നിര്‍ദേശം നല്‍കി. പെരിന്തല്‍മണ്ണ ആര്‍ഡിഒയ്ക്കാണ് നിര്‍ദേശം നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ച ശേഷം തടയണ പൊളിച്ച് നീക്കാനാണ് തീരുമാനം.

കക്കാടംപൊയിലില്‍ വാട്ടര്‍തീം പാര്‍ക്ക് നിര്‍മാണവുമായി ബന്ധപ്പെട്ടാണ് പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുന്ന തരത്തില്‍ ചെക്ക് ഡാം നിര്‍മിച്ചത്. എന്നാല്‍ ചെക്ക് ഡാം നിര്‍മ്മിക്കുന്നതില്‍ താന്‍ നിയമലംഘനം നടത്തിയിട്ടില്ലെന്നായിരുന്നു എംഎല്‍എയുടെ വാദം. ഇത് തെറ്റാണെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അതിനാലാണ് മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്.

ചെക്ക് ഡാം പൊളിക്കുന്നതിനുള്ള ചുമതല ചെറുകിട ജലസേചന വകുപ്പിന് നല്‍കും. ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം നാളെ ആര്‍ഡിഒ ഓഫീസില്‍ ചേരും. അതേസമയം മഞ്ചേരിയിലെ അന്‍വറിന്റെ പാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നത് അനുമതിയില്ലാതെയെന്ന് സിഎജി കണ്ടെത്തിയിട്ടുണ്ട്. നാല് വര്‍ഷം പാര്‍ക്ക് പ്രവര്‍ത്തിച്ചതും അനുമതി ഇല്ലാതെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here