ബ്രിട്ടീഷ് പൂർവ്വ ഭാരതം – ഒരു തിരിഞ്ഞു നോട്ടം

0
307

എന്തിനെന്നില്ലാതെ സ്വദേശത്തെ അധോഗമനങ്ങളുടെ കൂമ്പാരമായി ചിത്രീകരിക്കുന്നതിലും വികലമായ ചരിത്രോദ്ധാരണികളിലൂടെ സ്വയം ഇകഴ്ത്തുന്നതിലും ഒരു തരം മാസോക്കിസ്റ്റിക് ആനന്ദം അനുഭവിക്കുന്ന ഒരു പറ്റം ആളുകൾ നമുക്ക് ചുറ്റും വിഹരിക്കുന്ന ഈ വർത്തമാനകാലത്ത് നാമെന്തായിരുന്നു എന്ന ഒരു ഓർമ്മപ്പെടുത്തൽ എന്തുകൊണ്ടും അനിവാര്യമാണ്. ബ്രിട്ടീഷ് പൂർവ്വ ഭാരതം ഒരു ഉട്ടോപ്യ ആയിരുന്നു എന്ന പക്ഷക്കാർക്കും യാഥാർത്ഥ്യത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടം ആവശ്യമാണ്.

ആധുനികതയെല്ലാം വൈദേശികമാണെന്നും, വൈദേശിക അധിനിവേശം ഇല്ലായിരുന്നെങ്കിൽ ഈ ഉപഭൂഖണ്ഡം ഒരു ഇരുട്ടറയായി തുടർന്നേനെ എന്നും കരുതുന്നവരിൽ എണ്ണം പറഞ്ഞ ബിരുദധാരികളും ബുദ്ധിജീവികളും എല്ലാം ഉണ്ട് എന്നത് അത്യന്തം ഖേദകരമായ യാഥാർഥ്യവുമാണ്. ഇവരുടെ ഈ അഭിപ്രായരൂപീകരണത്തിൽ രാഷ്ട്രീയപരവും പ്രത്യയശാസ്ത്രപരവുമായ ചായ്‌വുകൾ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. പ്രത്യയശാസ്ത്രങ്ങൾക്ക് അതീതമായി ചിന്തിക്കാൻ കഴിയാത്ത വണ്ണം കൂമ്പടഞ്ഞു പോയ അത്തരക്കാരുടെ ബൗദ്ധികമായ നിസ്സഹായാവസ്ഥയോടും മാനസിക വിധേയത്വങ്ങളോടും സഹതപിക്കാനേ കഴിയൂ…

കാര്യത്തിലേക്ക്….

പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ സാമ്പത്തിക രംഗം 

ബ്രിട്ടീഷ് ഭരണം തുടങ്ങുന്ന പതിനെട്ടാം നൂറ്റാണ്ടിൽ അതിസമ്പന്നമായ ഒരു സമ്പദ്‌വ്യവസ്ഥയായിരുന്നു ഭാരതം. സമ്പത്ത് പൂര്‍ണ്ണമായും വരേണ്യ-സവര്‍ണ്ണ വര്‍ഗ്ഗം കയ്യടക്കി വെച്ചിരിക്കുകയായിരുന്നു എന്ന ഒരു വിമര്‍ശനം ഈ പശ്ചാത്തലത്തില്‍ സാധാരണമായി ഉയര്‍ന്നു കേള്‍ക്കാറുള്ളതാണ്. എന്നാല്‍ ആ അത്തരം വാദഗതികളില്‍ വലിയ കഴമ്പില്ലെന്നും താരതമ്യേന സമകാലികമായ രാഷ്ട്രീയപ്രേരിതമായ ഒരു പ്രചരണം മാത്രമാണ്‌ എന്നത് യാഥാര്‍ത്ഥ്യം പരിശോധിക്കാന്‍ തയ്യാറാവുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ഒരു പരിധി വരെ ഈ ലേഖനത്തില്‍ തന്നെ പ്രതിപാദിക്കാന്‍ ശ്രമിക്കുന്നുമുണ്ട്.

അന്നത്തെ ആഗോള ഉത്പാദനത്തിന്റെ നാലിലൊരു ഭാഗം ഭാരതത്തിന്റെ സംഭാവനയായിരുന്നു. മുഗൾ രാജഭരണത്തിന്റെ തകർച്ച ആരംഭിച്ചിരുന്നതിനാൽ പല സാമ്പത്തിക അനിശ്ചിതത്വങ്ങളും നിലനിന്നിരുന്ന കാലത്താണ് ഈ ഉത്പാദനക്ഷമത നമ്മൾ നിലനിർത്തിയിരുന്നത്. ഇതേ സമയത്താണ് ബ്രിട്ടിഷുകാർ പിടി മുറുക്കുന്നതും. അതിനു ശേഷം സാമ്പത്തിക രംഗം പാടെ കൂപ്പുകുത്തിയത് താഴെക്കൊടുത്തിരിക്കുന്ന ഗ്രാഫിൽ [Source: Wikipedia] നിന്നും മനസ്സിലാക്കാം.

കോട്ടൺ, പട്ടു തുണിത്തരങ്ങൾ, സിങ്ക്, ഇരുമ്പ് ഉത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, മൺപാത്രങ്ങൾ, കരകൗശല വസ്തുക്കൾ, നീലം, ആയുർവേദ ഔഷധങ്ങൾ, അമൂല്യ രത്‌നങ്ങൾ എന്നിവ വ്യാപാരം ചെയ്യപ്പെട്ടിരുന്നവയിൽ ചിലതു മാത്രം. ശക്തമായ ഒരു ആഭ്യന്തര വ്യവസായ-വാണിജ്യ ശൃംഖല അന്നേ വികസിതമായിരുന്നു. മിക്കവാറും സാമ്പത്തികപ്രാധാന്യമുള്ള നഗരങ്ങളെ എല്ലാം ബന്ധിപ്പിച്ച് രാജപാതകൾ നിലവിലുണ്ടായിരുന്നു. പാടലീപുത്രത്തെയും തക്ഷശിലയെയും ബന്ധിപ്പിക്കുന്ന 1600 കിലോമീറ്ററിലധികം ദൈർഘ്യമുള്ള രാജപാത നിർമ്മിക്കപ്പെട്ടത് മൗര്യ കാലഘട്ടത്തിലാണ്. അതായത് രണ്ടായിരത്തിലധികം വര്ഷങ്ങള്ക്കു മുൻപ്!!! വാണിജ്യപ്രാധാന്യമുള്ള മറ്റൊരു പ്രധാനപ്പെട്ട രാജപാത നിലനിന്നിരുന്നത് ഉജ്ജയിനിക്കും കാശിക്കും ഇടയിലാണ്.

പാടലീപുത്രത്തെ പടിഞ്ഞാറൻ തീരത്തുള്ള വൻ തുറമുഖങ്ങളുടെ ബന്ധിപ്പിച്ചിരുന്നത് ഈ പാതയാണ്. മറ്റൊരു പാത പാടലീപുത്രത്തിൽ നിന്നും ഇന്നത്തെ ബംഗാളിലുള്ള താമ്രലിപ്ത്തി(താംലുക്) തുറമുഖം വരെ നീളുന്നതായിരുന്നു. ഇപ്പറഞ്ഞ രാജപാതകളെല്ലാം തന്നെ ബി സി ഒന്നാം നൂറ്റാണ്ടോടെ തന്നെ വികസിച്ചവയാണ്. അതിനു ശേഷം പതിനെട്ടാം നൂറ്റാണ്ടു വരെയുള്ള രണ്ടായിരത്തിൽ പരം വർഷങ്ങൾ കൊണ്ട് അതിവികസിതമായ അടിസ്ഥാനസൗകര്യ സംവിധാനങ്ങൾ ഇവിടെ നിലനിന്നിരുന്നു.

ഭാരതീയ വസ്ത്ര വ്യവസായം

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നും കയറ്റുമതി ചെയ്യപ്പെട്ടിരുന്ന തുണിത്തരങ്ങളുടെ നിലവാരത്തോട് കിട പിടിക്കാന്‍ പോന്ന ഉല്പന്നങ്ങള്‍ ആഗോള വിപണിയില്‍ ഇല്ലായിരുന്നു. ബംഗാളിലേയും ബനാറസിലേയും കാഞ്ചീപുരത്തേയും തറികളില്‍ ജന്മമെടുത്ത പട്ടുചേലകള്‍ യൂറോപ്യന്‍ പ്രഭുകുടുംബങ്ങളുടെ അഭിമാന ചിഹ്നങ്ങള്‍ ആയിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടണിലെ പല വില്‍പനശാലകളിലും അവര്‍ തദ്ദേശീയമായി ഉല്‍പാദിപ്പിച്ച തുണിത്തരങ്ങള്‍ പോലും ഭാരതത്തില്‍ നിന്നും വന്നത്[Made in India] എന്ന ലേബലിൽ വിറ്റഴിച്ചിരുന്നു എന്നത് ഇന്നത്തെ തലമുറക്ക് അതിശയോക്തിയോടെ മാത്രമേ കേൾക്കാനാവൂ. എന്നാൽ ഇവയെല്ലാം രേഖപ്പെടുത്തപ്പെട്ട ചരിത്രം സാക്ഷ്യം പറയുന്ന വസ്തുതകളാണ്.

ഭാരതീയ സാങ്കേതിക വിദ്യ ഏറെ പുരോഗമിച്ച മറ്റൊരു മേഖലയായിരുന്നു കപ്പൽ നിർമ്മാണം. കേവലം ആറോ എട്ടോ വര്ഷം മാത്രം ആയുസ്സുണ്ടായിരുന്ന പാശ്ചാത്യ യാനങ്ങൾ തേക്കിലും മഹാഗണിയിലും തീർത്ത ഇന്ത്യൻ ഉരുക്കളുമായി മത്സരിക്കാൻ പ്രാപ്തമല്ലായിരുന്നു. 25-30 വർഷങ്ങൾ വരെ ഉപയോഗയോഗ്യമായിരുന്ന ഇന്ത്യൻ ഉരുക്കൾ നമുക്ക് ചരക്കുഗതാഗതത്തിൽ ഒരു മുതൽക്കൂട്ടായിരുന്നു. പത്ത് കൊല്ലം തികയും മുൻപ് പുതിയ കപ്പലുണ്ടാക്കേണ്ടി വന്നിരുന്ന സായിപ്പിനേക്കാൾ ഇന്ത്യൻ ഉരുക്കൾ നമ്മുടെ വ്യാപാരികൾക്ക് ഉണ്ടാക്കിക്കൊടുത്തിരുന്ന ലാഭം ചെറുതല്ല. ഉറപ്പു കൂടുതലുള്ള തടിയും, അനേക നൂറ്റാണ്ടുകൾ കൊണ്ട് ആർജ്ജിച്ച നൈപുണ്യവും കൊണ്ട് നമ്മൾ നിർമ്മിച്ചിരുന്നതിൽ പലതും അന്ന് നിലനിന്നിരുന്നവയിൽ ഏറ്റവും വലിയ ജലയാനങ്ങൾ ആയിരുന്നു.

അക്കാഡമിക് രംഗം

അക്കാദമിക തലങ്ങളിലും ഭാരതം ഏറെ മുന്നിൽ തന്നെ ആയിരുന്നു. പാശ്ചാത്യരേക്കാൾ നൂറ്റാണ്ടുകൾക്ക് മുൻപ് ജ്യാമിതിയിലും, ത്രികോണമതിയിലും പ്രാവീണ്യം നേടിയ ഭാരതീയ പണ്ഡിതരെക്കുറിച്ച് നമ്മൾ ചിലരെങ്കിലും കേട്ടിട്ടുണ്ട്. ശസ്ത്രക്രിയയുടെ ഉപജ്ഞാതാവായ ശുശ്രുതനെപ്പറ്റിയും നമ്മൾ പലരും കെട്ടുകാണും. ആര്യഭടനും ഭാസ്കരനും നമ്മൾ കേൾക്കാത്ത പേരുകളല്ല. എന്നാൽ ന്യൂട്ടനെക്കാൾ മുന്നൂറോളം വർഷങ്ങൾക്കു മുൻപ് കലനപ്രക്രിയ [Calculus] സ്വായത്തമാക്കിയ മാധവാചാര്യനെപ്പറ്റി എത്ര പേർക്ക് അറിയാം. അദ്ദേഹം തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടക്കാരൻ [അന്നത്തെ സംഗമഗ്രാമം] ആണെന്ന് എത്ര പേർക്കറിയാം? ന്യൂട്ടനെക്കാൾ മൂന്ന് നൂറ്റാണ്ടോളം മുൻപ് കേരളത്തിൽ ഉന്നത ഗണിത പഠനത്തിനായി അദ്ദേഹം സ്ഥാപിച്ച വിദ്യാപീഠത്തെ പറ്റി എത്ര പേർക്കറിയാം.

 

കൗടില്യനും, ജ്യേഷ്ഠദേവനും, ചരകനും, പൂങ്കുന്ദ്രനാരും, തിരുവള്ളുവരും തുഞ്ചത്തെഴുത്തച്ഛനുമെല്ലാം ജീവിച്ച ഈ ഭൂമിക അറിവിന്റെ കേദാരമായിരുന്നു എന്ന് എടുത്ത് പറയേണ്ട കാര്യമെന്തിരിക്കുന്നു? മുഗൾ കാലഘട്ടം വരെയും ലോകത്തിനു വിളക്കായി നിലകൊണ്ട നളന്ദയും, തക്ഷശിലയും, വിക്രമശിലയും, വല്ലഭിയും, പുഷ്പഗിരിയും, ഓദണ്ഡപുരിയും,   സോമപുരവും പോലെയുള്ള സർവ്വകലാശാലകൾ!!! പാല വംശജനായ ധർമപാലൻ പണി തീർത്ത അൻപതോളം വൻ പഠനകേന്ദ്രങ്ങൾ… ഓരോന്നിലും പഠനം നടത്തിയിരുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ!!!

  

ഇത്തരം പഠനകേന്ദ്രങ്ങളിൽ അധ്യയനം നടന്നിരുന്നത് വേദങ്ങളും പുരാണങ്ങളും മാത്രമാണ് എന്നതും കേവലം അജ്ഞതയാണ്. ഗണിതവും, രാസശാസ്ത്രവും, വൈദ്യവും, മനുഷ്യന്റെ ആന്തരികാവയവങ്ങൾ സംബന്ധിച്ചുള്ള പഠനങ്ങളും, കലയും, തത്വശാസ്ത്രവും തർക്കശാസ്ത്രവുമെല്ലാം ഇവിടങ്ങളിൽ അധ്യയനം ചെയ്യപ്പെട്ടു. അതുവഴി ഇതര സംസ്കാരങ്ങളെപ്രതി നൂറ്റാണ്ടുകളോളം ഭാരതീയ സംസ്കൃതി മുന്നിട്ടു നിന്നു.

കൃഷിയും കരവ്യവസ്ഥകളും

പൂർണ്ണമായും കാലവർഷത്തെ ആശ്രയിച്ചുള്ള കൃഷി ആയതിനാൽ, വരൾച്ചക്കാലങ്ങൾ കണക്കിലെടുത്ത് വർഷങ്ങൾക്കു വേണ്ട ധാന്യങ്ങൾ സൂക്ഷിച്ചു വെക്കാൻ ഓരോ ഗ്രാമങ്ങളും

കേന്ദ്രീകരിച്ച് ധാന്യപ്പുരകളുണ്ടായിരുന്നു. വിളവുകൾ മോശമാകുന്ന വരൾച്ചക്കാലങ്ങളിലും ജനങ്ങൾ പട്ടിണിയിലേക്ക് വഴുതി വീഴാതിരിക്കാൻ അന്നത്തെ ഭരണകൂടങ്ങൾ ശ്രദ്ധ പുലർത്തിയിരുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് ഇവ.

മിക്കാവാറും നാട്ടുരാജ്യങ്ങൾ ഒന്നും തന്നെ 15%ത്തിൽ അധികം കരം ചുമത്തിയിരുന്നില്ല. എന്നാൽ ബ്രിട്ടീഷ് കാലത്ത് വിളവിന്റെ 45%ത്തിൽ കുറവ് കരം ചുമത്തപ്പെട്ട കാലമുണ്ടായിട്ടില്ല. പലയിടങ്ങളിലും ഇത് വിളവിന്റെ 85% ആയിരുന്നു. ചില സമയങ്ങളിൽ വിളവ് അപ്പാടെ കാര്യമായി ഇടയാക്കിയ സാഹചര്യങ്ങളുമുണ്ട്.

മണ്ണിൽ പണിയെടുക്കുന്നവന് ആ മണ്ണിന്റെ കൈവശാവകാശം ഉണ്ടായിരുന്നു. അതിൽ നിന്നുള്ള വിളവിലും അവനു അവകാശമുണ്ടായിരുന്നു. ഇത്തരം കൈവശാവകാശങ്ങൾ സ്ത്രീകൾക്കും പ്രാപ്തമായിരുന്നു. ഇവിടെ ശ്രദ്ധിക്കേണ്ടത് “ഉടമസ്ഥാവകാശം” അല്ല “കൈവശാവകാശം” ആണ് എന്നതാണ്. എല്ലാ ഭൂമിയും ഭണ്ടാരം വക പാട്ടമായിരുന്നു. മേൽപ്പറഞ്ഞ 15%ത്തോളം വരുന്ന വിഹിതം ഭണ്ടാരത്തിലേക്ക് അടവാക്കുന്ന പാട്ടമായിരുന്നു. കരം എന്ന ആശയം പോലും നിലവിലുണ്ടായിരുന്നില്ല.

1792 ലെ Ownership of Property act നിലവിൽ വന്നതിന് ശേഷമാണ് ഭൂമി വൻതോതിൽ സ്വകാര്യവ്യക്തികളിലേക്ക് വന്നു ചേരുന്നതും ജന്മി സമ്പ്രദായം നിലവിൽ വരുന്നതും. അല്ലാതെ ജന്മി സമ്പ്രദായം അഥവാ ജമീന്ദാരി സമ്പ്രദായം ഭാരതീയ പാരമ്പര്യമല്ല.

1793-ൽ മേൽപ്പറഞ്ഞ നിയമത്തിൽ കൂട്ടിച്ചേർക്കപ്പെട്ട ഒന്നാണ് Prevention of Ownership of Property by Women Act. ഇത് പ്രകാരം സ്ത്രീകൾക്ക് പാരമ്പര്യമായി കൈമാറിക്കിട്ടിയിരുന്ന ഭൂമിയിൽ ഉള്ള അവകാശം ഇല്ലാതായി. സ്ത്രീധനം ഒരു വാൻ സാമൂഹിക വിപത്തായി മാറിയതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ഈ നിയമം ആയിരുന്നു. അന്നോളം വിവാഹം കഴിച്ചയക്കുന്ന സ്ത്രീകൾക്ക് തന്റെ കുടുംബത്തിൽ നിന്നും ലഭിച്ച ഭൂമി കൈവശം വെക്കുവാനും അതിൽ നിന്നുള്ള ആദായം അനുഭവിക്കാനും സാധിച്ചിരുന്നു. എന്നാൽ ഈ നിയമം വന്നതിനു ശേഷം സ്വത്തുക്കൾ വധുവിന് നൽകാൻ കഴിയാതെ വരികയും അവ വരന്റെ പേരിൽ തീറാക്കുകയും ചെയ്യേണ്ട സാഹചര്യം വന്നു ചേർന്നു. പിന്നീട് ഇത് നാട്ടുനടപ്പായി മാറുകയും, ഈ സ്വത്തുവഹകൾ തീറാക്കി കിട്ടാത്തതിന്റെ പേരിൽ ഉള്ള അതിക്രമങ്ങൾ തുടർക്കഥയാവുകയും ചെയ്തു. ബ്രിട്ടനിലേതിന് തത്തുല്യമായ ഒരു ഭരണവ്യവസ്ഥിതി ഇവിടെയും കൊണ്ട് വരിക എന്ന ഉദ്ദേശമായിരുന്നു ഇതിനു പിന്നിൽ. അന്ന് ബ്രിട്ടനിൽ സ്ത്രീകൾക്ക് സ്വത്തവകാശം ഇല്ലായിരുന്നു.

സാമൂഹികവ്യവസ്ഥ

ജാതീയമായ വേർതിരിവുകൾ ഉണ്ടായിരുന്നു. സോഷ്യൽ ഹൈറാർക്കിയും നിലനിന്നിരുന്നു. എന്നാൽ അവയൊന്നും തന്നെ സാമൂഹികമായ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിൽ രൂക്ഷമായ വിവേചനങ്ങൾ ആയിരുന്നില്ല. വളരെ delicate & subtle ആയ ഈ വേര്തിരിവുകളെ അതിഭീകരമായ വെറുപ്പിന്റെയും വിദ്വെഷത്തിന്റെയും തലങ്ങളിലേക്ക് എത്തിക്കാൻ കരിനിയമങ്ങളുടെ ഒരു നിര തന്നെ ബ്രിട്ടിഷുകാർ നടപ്പിലാക്കി. 1871-ലെ Habitual offenders’ Act അവയിലൊന്ന് മാത്രം. ഈ നിയമപ്രകാരം പെട്ടെന്നൊരു സുപ്രഭാതത്തിൽ ഒരു പിടി ജാതികളിൽ പെട്ടവർ നികൃഷ്ട ജീവികളായി പ്രഖ്യാപിക്കപ്പെട്ടു. അവർ സ്ഥിരം കുറ്റവാളികളാണെന്നും, അവർക്ക് ആരും ഉപജീവനമാർഗ്ഗം നൽകരുതെന്നും, ആ കുടുംബങ്ങളിലെ പുരുഷന്മാർ സ്ഥിരം അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ ചെന്ന് ഒപ്പിടണം എന്നും, അവരാരും അതാത് സ്റ്റേഷൻ പരിധി വിട്ട് യാത്ര ചെയ്തുകൂടാ എന്നും നിഷ്കര്ഷിക്കപ്പെട്ടു. കാലാന്തരത്തിൽ ഇവർ തോട്ടിപ്പണിക്കാരും മറ്റു menial jobs ചെയ്യുന്നവരുമായിത്തത്തീർന്നു. ഇന്ന് കാണുന്ന മിക്കവാറും ദളിത് വിഭാഗങ്ങൾ ഇത്തരത്തിൽ സൃഷ്ടിക്കപ്പെട്ടവയാണ്. അതിനേക്കാൾ കൃത്യമായി പറഞ്ഞാൽ ഇന്ന് കാണുന്ന മിക്ക ദളിത് വിഭാഗങ്ങളുടെയും ഇന്നത്തെ അവസ്ഥാവിശേഷങ്ങൾ ഇങ്ങനെ സൃഷ്ടിക്കപ്പെട്ടവയാണ്.

ഈ നിയമവും ബ്രിട്ടീഷ് പിന്തിരിപ്പൻ വ്യവസ്ഥിതി അടിച്ചേൽപ്പിക്കാനായി കൊണ്ടുവന്നത് തന്നെയാണ്. ബ്രിട്ടനിലെ Gong-Farmers ന് തത്തുല്യമായ ഒരു അടിമവർഗ്ഗത്തെ ഇവിടുത്തെ ദളിതരിൽ നിന്നും അവർ നിർമ്മിച്ചെടുക്കുകയായിരുന്നു. ലണ്ടൻ നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിൽ ജീവിച്ചിരുന്ന കർഷക സമൂഹമായിരുന്നു Gong-Farmers. പകൽ സമയങ്ങളിൽ അവർക്ക് ലണ്ടനിൽ പ്രവേശിക്കാൻ അനുമതി ഉണ്ടായിരുന്നില്ല. അർധരാത്രിക്ക് ശേഷം മാത്രമാണ് അവർക്ക് നഗരത്തിൽ പ്രവേശിക്കാൻ കഴിയുക. അതും നഗരവീഥികളിലെ കുതിരച്ചാണകവും, സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ വരെ ഒഴുകുന്ന ഓടകളും വൃത്തിയാക്കാൻ മാത്രം. ഇത്തരമൊരു സമൂഹത്തെ ഇവിടെ സൃഷ്ടിച്ചെടുക്കേണ്ടത് സായിപ്പിന്റെ ആവശ്യമായിരുന്നു.

ഔപചാരിക വിദ്യാഭ്യാസം

മേല്പറഞ്ഞതു പോലെയുള്ള അനേകം സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുകയും അത്തരം മേഖലകളിലെ പ്രവർത്തന നൈപുണ്യം തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറി വരികയും ചെയ്തിരുന്ന ഒരു പഠന സമ്പ്രദായം ഉണ്ടായിരുന്നു. തച്ചന്മാരെപ്പോലെ ഉള്ള സൂക്ഷ്മ-പാടവം ആവശ്യമായ മേഖലകളിൽ ഒഴികെ മിക്ക ജോലികൾ ഏറ്റെടുക്കുന്നതിനും ജാതി ഒരു തടസ്സമല്ലായിരുന്നു. “പ്രജ്ഞാനാം ബ്രഹ്മ:” എന്ന തത്വത്തിൽ അടിയുറച്ച് വിശ്വസിച്ചിരുന്ന ഒരു ജനത ഇവിടെ അറിവിനെ ഈശ്വരനായിക്കണ്ട് ഉപാസിച്ച് പോന്നു. അനേക ജാതികളിലെ അനേകം പണ്ഡിതർ സമൂഹത്തിൽ അറിവിന്റെ വെളിച്ചം പകർന്നു. വിവേചനങ്ങൾ നിലനിന്നിരുന്നു എങ്കിലും മുകളിൽ സൂചിപ്പിച്ച പല ബ്രിട്ടീഷ് കരിനിയമങ്ങൾ  നിലവിൽ വരും വരെ സമ്പൂർണ്ണമായ വിവേചനപരമായ വിഭജനം ഉടലെടുത്തിരുന്നില്ല. ഉദാഹരണങ്ങൾ ഒരുപാടുണ്ടെങ്കിലും വിസ്താരഭയത്താൽ പ്രധാനപ്പെട്ട ഒന്ന് ഇവിടെ കുറിക്കുന്നു. പതിനാറാം നൂറ്റാണ്ടിനു മുൻപ് തന്നെ കീഴ്ജാതിക്കാർക്ക് സംസ്കൃത വിദ്യാഭ്യാസം നൽകുന്ന എഴുത്തുപള്ളിക്കൂടങ്ങൾ കോഴിക്കോട്ട് നിലവിലുണ്ടായിരുന്നു. അവിടുത്തെ വാദ്ധ്യാന്മാരായിരുന്ന “എഴുത്തച്ഛന്മാർ” പിൽക്കാലത്ത് ഒരു ജാതിയായി പരിണമിച്ചു. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛൻ ശൂദ്രകുലത്തിൽ ജനിച്ചത് അദ്ദേഹത്തിന് സംസ്കൃതപഠനത്തിനോ, ഭാഷാനിർമ്മിതിക്കോ, ആ ഭാഷ ജനങ്ങളാൽ സ്വീകരിക്കപ്പെടുന്നതിനോ തടസ്സമായില്ല. ബ്രിട്ടീഷുകാരന്റെ നഗ്നമായ കൊള്ളയടി കൊണ്ടും ഭാരിച്ച കര-വ്യവസ്ഥകൾ കൊണ്ടും തകർന്നു പോയ വിദ്യാഭ്യാസ വ്യവസ്ഥിതിയിൽ ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടത് 1813-ലെ Charter Act പ്രകാരമുള്ള വിദ്യാഭ്യാസരീതി ആയിരുന്നു. 1813-ലെ ഈ ആക്ട് തന്നെ നടപ്പിൽ വരുത്താനുള്ള നടപടികൾ സ്വീകരിക്കപ്പെട്ടത് മനസ്സില്ലാമനസ്സോടെയാണ്, 1823-ൽ. അതിനും മുൻപ് കോട്ടയത്ത് CMS കോളേജ്[1817] പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞിരുന്നു.

Charter Act-ന്റെ ഉദ്ദേശം ഇന്ത്യൻ സമൂഹത്തിലെ ഒരു ചെറിയ വിഭാഗം ഉദ്യോഗസ്ഥരെ ബ്രിട്ടീഷുകാർക്കും ഇന്ത്യൻ ജനതക്കും ഇടയിൽ നിർത്തി സൗകര്യപൂർവ്വം ഭരിക്കുക എന്നതായിരുന്നു. ആ ചെറുവിഭാഗത്തെ സൃഷ്ടിക്കുന്നതിനപ്പുറം യാതൊരു സാമൂഹിക പ്രതിബദ്ധതയും സായിപ്പിന്റെ വിദ്യാഭ്യാസ പദ്ധതിക്ക് ഉണ്ടായിരുന്നില്ല. സായിപ്പിന്റെ തന്നെ രീതിയിൽ പറഞ്ഞാൽ “ഇംഗ്ളീഷുകാരെപ്പോലെ ചിന്തിക്കുകയും, സംസാരിക്കുകയും, പെരുമാറുകയും ചെയ്യുന്ന എന്നാൽ കാഴ്ചയിൽ മാത്രം ഇന്ത്യക്കാരെപ്പോലെ ഇരിക്കുന്ന എക്സിക്യൂട്ടീവുകൾ”!!!

ഉപസംഹാരം

ഇനിയും ഒട്ടനേകം വസ്തുതകൾക്ക് ക്ഷാമമേതുമില്ല. ഇത്രയും പറഞ്ഞത് ഭൂതകാല സ്മരണകൾ അയവിറക്കി പുളകം കൊള്ളാനല്ല. ഈ ചരിത്രവസ്തുതകൾ കൊണ്ട് ബ്രിട്ടീഷുകാരോടു ഒരു വിദ്വേഷ വികാരം ജനിപ്പിക്കാനും അല്ല. ഏതൊരു വികസിത സമൂഹത്തെക്കാൾ അത്യന്തം ഉന്നതമായ തലങ്ങളിലേക്ക് ഉയരാനും നിറഞ്ഞ അറിവിന്റെയും, തെളിഞ്ഞ ബുദ്ധിയുടെയും കേദാരമായി വിളങ്ങാനുമുള്ള കഴിവും പ്രാപ്തിയും ആർജ്ജവവും ഈ ഭൂമികക്ക് അന്യമല്ല എന്നൊരു ഓർമ്മപ്പെടുത്തൽ മാത്രമാണ്. വ്യക്തിപരതയിലേക്ക് ചുരുങ്ങി അനേകം ചെറു സമൂഹങ്ങളായി പിരിഞ്ഞ് ദുർബലപ്പെട്ട് നിന്ന ഒരു ചരിത്ര വേളയിൽ ഒന്ന് രണ്ടു നൂറ്റാണ്ടുകൾ നമ്മുടെ കണ്ണ് മൂടിക്കെട്ടാൻ ചിലർക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്നും ആ അന്ധത നിലനിർത്താൻ പലരും ശ്രമിക്കുന്നതും ഉണ്ട്. അത്തരം ജല്പനങ്ങൾക്ക് ഈ ഭൂമികയുടെയും, സംസ്കാരത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തിൽ പ്രസക്തിയേതും ഇല്ല.

നമ്മുടെ പഠനങ്ങൾ മാസശമ്പളം നൽകുന്ന ജോലികൾക്കു വേണ്ടി മാത്രമായി ചുരുങ്ങി പോകരുത്. ശാസ്ത്രവും, ഗണിതവും, കലയും, സാഹിത്യവും എല്ലാം അനുദിനം പുതിയ തലങ്ങളിലേക്കുയരണം. ഗവേഷണത്വരയുള്ള ഒരു തലമുറ ഉയർന്നു വരണം. പുതുതായി ആർജ്ജിക്കുന്ന അറിവുകളിൽ നിന്നും നീതിയുക്തവും അതിനൂതനവും സമഗ്രവുമായ ഒരു വ്യവസ്ഥിതി രൂപപ്പെട്ടു വരണം. മനുഷ്യന്റെ സർഗ്ഗാത്മകവും ബൗദ്ധികവുമായ മെച്ചപ്പെട്ട ആവിഷ്കരണം സാധ്യമായ ഒരു ലോകം…..

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here