മലേഗാവ് സ്‌ഫോടനം: ഒന്‍പത് വര്‍ഷത്തെ തടവിനുശേഷം പ്രതിക്ക് ജാമ്യം

0
54


ഒമ്പത് വര്‍ഷത്തെ തടവിനുശേഷം മലേഗാവ് സ്‌ഫോടന കേസിലെ പ്രതി ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് ജാമ്യത്തില്‍ പുറത്തിറങ്ങി. സുപ്രീം കോടതിയാണ് ശ്രീകാന്ത് പ്രസാദിന് ജാമ്യം അനുവദിച്ചത്.

2008ലാണ് മലേഗാവ് സ്‌ഫോടനം നടന്നത്. ഈ കേസില്‍ കേണല്‍ പുരോഹിതന് പങ്കുള്ളതായി കണ്ടെത്തിയാണ് ഒമ്പത് വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചത്. എന്നാല്‍ പുരോഹിത് നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച സുപ്രീം കോടതി ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.

സ്‌ഫോടന കേസില്‍ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലുകളിലെ വൈരുധ്യങ്ങളും വിചാരണക്കോടതി പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തുന്നതില്‍ കാലതാമസം വന്നതുമാണ് പ്രതിക്ക് ജാമ്യം ലഭിക്കുന്നതിലേക്ക് വഴിയൊരുക്കിയത്. നിബന്ധനകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പ്രതിക്ക് ജാമ്യം അനുവദിക്കുന്നതെന്ന് ജാമ്യഹര്‍ജിയില്‍ വിധി പറയവെ സുപ്രിം കോടതി വ്യക്തമാക്കി.

ജാമ്യം ആവശ്യപ്പെട്ട് കേണല്‍ പുരോഹിത് സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ ഇത് ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേണല്‍ പുരോഹിതിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ ആര്‍കെ അഗര്‍വാള്‍ എഎം സപ് രെ എന്നിവരടങ്ങുന്ന ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

ഹരീഷ് സാല്‍ വേയാണ് പുരോഹിതിനു വേണ്ടി ഹാജരായത്. ഒമ്പതുവര്‍ഷമായി പുരോഹിത് ജയിലില്‍ ആണെന്നും മക്കോക്ക പ്രകാരമുള്ള ചാര്‍ജുകള്‍ പുരോഹിതിന്റെ പേരില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും സാല്‍വേ വാദിച്ചു.

നാലായിരം പേജുള്ള എന്‍ ഐ എയുടെ കുറ്റപത്രത്തില്‍ സാധ്വി പ്രജ്ഞാ സിങ് ഠാക്കൂര്‍, ലെഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത്, സ്വാമി ദയാനന്ദ് പാണ്ഡേ എന്നിവരെയാണ് സ്‌ഫോടനത്തിന്റെ മുഖ്യാസൂത്രകരായി പറഞ്ഞിട്ടുള്ളത്.

2008 സെപ്റ്റംബര്‍ 29 നായിരുന്നു നാസിക്കിനു സമീപം മലേഗാവില്‍ സ്‌ഫോടനം നടന്നത്. ഏഴുപേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here