ലാവ്ലിന് കേസില്‍ കോടതി മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിന്റെ ആഹ്ലാദം പങ്കിട്ടു പാര്‍ട്ടി കേന്ദ്രങ്ങള്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും ആഘോഷം അരങ്ങേറി. കോടതിയുടെ വിധിയില്‍ പ്രവര്‍ത്തകര്‍ സന്തോഷം പങ്കുവെച്ചത് മധുരം വിതരണം ചെയ്താണ്. മന്ത്രിസഭാംഗങ്ങളും സന്തോഷം പങ്കിടാന്‍ ക്ലിഫ് ഹൗസില്‍ എത്തി.
പിണറായി വിജയന്റെ തൊപ്പിയിലെ പൊന്‍തൂവലാണ് ഹൈക്കോടതി വിധി എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. സിബിഐ പിണറായി തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണ് ചെയ്തത്. പല കാലങ്ങളില്‍ പല മന്ത്രിമാരും വൈദ്യുതി വകുപ്പ് ഭരിച്ചു എങ്കിലും കരാര്‍ ഒപ്പിട്ട മന്ത്രിയുള്‍പ്പെടെ ഉള്ളവരെ പ്രതി ചേര്‍ക്കാതിരുന്ന സിബിഐ പിണറായിയെ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നു. പിണറായിയെ മാത്രം പ്രതി ചേര്‍ത്ത സിബിഐ നടപടിയെയാണ് ഹൈക്കോടതി വിമര്‍ശിച്ചതെന്നും കോടിയേരി പറഞ്ഞു.
കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് സിപിഎം പിന്തുണ പിന്‍വലിച്ചതോടെയാണു സിബിഐ ഉപയോഗിച്ചു പിണറായിക്കെതിരെ കേസ് സജീവമാക്കിയത്. അക്കാലത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഇടപെടലാണു കേസിന് ആധാരം. പിബി അംഗമായ പിണറായിക്കെതിരെ ദേശവ്യാപകമായി പ്രചാരണം നടത്തി. സിപിഎമ്മിന്റെ പ്രതിഛായ മോശപ്പെടുത്താനായിരുന്നു ശ്രമം. എന്നാല്‍ ഹൈക്കോടതിയുടെ വസ്തുനിഷ്ഠമായ വിധിയിലൂടെ ആ നീക്കങ്ങളെല്ലാം പൊളിഞ്ഞു.
വിധി സിപിഎമ്മിനു ദേശീയതലത്തില്‍തന്നെ വലിയ മുന്നേറ്റത്തിന് കാരണമാകും. പാര്‍ട്ടിയെ വലിയ പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു ലാവ്ലിന്. ഉന്നതനായ രാഷ്ട്രീയ നേതാവിനെ വേട്ടയാടാനുള്ള നീക്കത്തിനാണു ഇപ്പോള്‍ തിരിച്ചടിയേറ്റത്. അഴിമതിവിരുദ്ധ പ്രതിഛായയുമായി സിപിഎമ്മിനു ദേശീയതലത്തില്‍ പ്രവര്‍ത്തിക്കാന്‍ വിധി ഊര്‍ജമാകും. രാഷ്ട്രീയ പ്രതിയോഗികളെ കേസില്‍ കുടുക്കാനുള്ള കേന്ദ്ര സര്‍ക്കാരുകളുടെ നീക്കങ്ങള്‍ ഇനിയെങ്കിലും ഒഴിവാക്കണമെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.