ശശികല പരപ്പന അഗ്രഹാര ജയിലിൽ നിന്നും ഒരു എംഎൽഎയുടെ വീട്ടിലേക്ക് പോയി: മുൻ ജയിൽ ഡിഐജി: ഡി. രൂപ

0
80

ബെംഗളൂരു: വി.കെ. ശശികല പരപ്പന അഗ്രഹാര ജയിലിൽ നിന്നും സമീപമുള്ള ഒരു എംഎൽഎയുടെ വീട്ടിലേക്ക് പോയിരുന്നുവെന്ന് മുൻ ജയിൽ ഡിഐജി: ഡി. രൂപ. വ്യക്തമായ തെളിവുകൾ കൈവശമുണ്ടെന്നും അഴിമതി വിരുദ്ധ ബ്യൂറോയ്ക്കു നൽകിയ റിപ്പോർട്ടിൽ ഡിഐജി വ്യക്തമാക്കി.

ജയിലിനു സമീപമുള്ള വീട് ഹൊസൂർ എംഎൽഎയുടേതാണെന്നും റിപ്പോർട്ടിലുണ്ട്. ജയിലിന്റെ കവാടത്തിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ജയിലിന്റെ ഒന്നും രണ്ടും ഗേറ്റുകൾക്കിടയിലുള്ള ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിക്കണം.

ശശികലയും ഇളവരശിയും തടവുപുള്ളികൾക്കുള്ള വസ്ത്രം ധരിക്കാതെ സിവിലിയൻ വസ്ത്രങ്ങൾ ധരിച്ചു പുറത്തുനിന്ന് ജയിലിനുള്ളിലേക്കു നടന്നുവരുന്നതിന്റെ ദൃശ്യങ്ങൾ ഡി. രൂപ അഴിമതി വിരുദ്ധ ബ്യൂറോയ്ക്കു കൈമാറി. നാലു വിഡിയോകളാണ് രൂപ കൈമാറിയത്.

അനധികൃത സ്വത്തുസമ്പാദനക്കേസിൽ തടവിൽ കഴിയുകയാണ് വി.കെ. ശശികലയും ബന്ധു ഇളവരശിയും. നാലു വർഷത്തെ തടവുശിക്ഷ ലഭിച്ച ശശികലയും ഇളവരശിയും ബന്ധുവായ വി.എൻ. സുധാകരനും കഴിഞ്ഞ ഫെബ്രുവരിയിലാണ് പരപ്പന അഗ്രഹാര ജയിലിൽ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here