12 റഷ്യന്‍, ചൈനീസ് കമ്പനികള്‍ക്ക് യുഎസ് വിലക്ക്

0
68

 


ഉത്തര കൊറിയയുടെ ആണവ പദ്ധതികളെ സഹായിക്കുന്ന ചൈനയ്ക്കും റഷ്യയ്ക്കും യുഎസിന്റെ വിലക്ക്. ഉത്തര കൊറിയയുമായി സഹകരിക്കുന്ന 12 റഷ്യന്‍, ചൈനീസ് കമ്പനികള്‍ക്കാണ് യുഎസ് വിലക്കേര്‍പ്പെടുത്തിയത്. യുഎസിന്റെ ഈ തീരുമാനത്തില്‍ ചൈന അതൃപ്തി രേഖപ്പെടുത്തി. വിലക്ക് ഏര്‍പ്പെടുത്തിയ കമ്പനികളുമായി അമേരിക്കന്‍ പൗരന്മാര്‍ക്കോ കമ്പനികള്‍ക്കോ സഹകരിച്ചു പ്രവര്‍ത്തിക്കാനാകില്ല.

ഓഗസ്റ്റ് അഞ്ചിന് ഐക്യരാഷ്ട്ര രക്ഷാസമിതി പാസാക്കിയ ഉത്തര കൊറിയയ്‌ക്കെതിരായ ഉപരോധ പ്രമേയത്തിലൂന്നിയാണ് നടപടിയെന്നാണ് യുഎസിന്റെ വിദശീകരണം. കയറ്റുമതി വരുമാനത്തില്‍ 33 ശതമാനം വരെ കുറവുണ്ടാകുംവിധം ഉത്തര കൊറിയയില്‍ നിന്നുള്ള മിക്കവാറും സാധനങ്ങളുടെ കയറ്റുമതിക്ക് പ്രമേയം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഉത്തര കൊറിയയെ ‘പരമാവധി സമ്മര്‍ദ്ദത്തിലാക്കുക’ എന്നതാണ് ഉദ്ദേശിക്കുന്നതെന്നു യുഎസ് പറഞ്ഞു.

എന്നാല്‍ യുഎന്‍ പ്രമേയത്തിനുശേഷം യുഎസ് യാതൊരുതരത്തിലും ഉത്തര കൊറിയയെ പ്രകോപിപ്പിച്ചിട്ടില്ലെന്നു സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ വ്യക്തമാക്കി. മിസൈല്‍ പരീക്ഷണങ്ങളോ, പ്രകോപന പ്രസംഗങ്ങളോ ഉണ്ടായിട്ടില്ല. ഭാവിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയുണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര കൊറിയയെ പൂട്ടാന്‍ അവരുടെ ആണവപദ്ധതികളെ സഹായിക്കുന്നവര്‍ക്കുമേല്‍ സമ്മര്‍ദ്ദം തുടരുമെന്നു യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മുചിന്‍ പറഞ്ഞു. എന്നാല്‍, യുഎസിന്റെ തീരുമാനത്തോടു കടുത്തഭാഷയിലാണ് ചൈന പ്രതികരിച്ചത്. എത്രയും പെട്ടെന്ന് തെറ്റ് തിരുത്തണം എന്നാണ് ചൈന ആവശ്യപ്പെട്ടത്. ചൈനീസ് കമ്പനികളെ യുഎസ് മോശപ്പെടുത്തിയെന്നും അവര്‍ ആരോപിക്കുന്നു.

ജൂലൈ നാലിനും 28നുമായി നടത്തിയ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണങ്ങളാണ് ഏറ്റവുമൊടുവില്‍ ഉത്തര കൊറിയയെ ഭീതികേന്ദ്രമാക്കിയത്. പടിഞ്ഞാറന്‍ അമേരിക്ക മുഴുവന്‍ പ്രഹരപരിധിക്കുള്ളിലാക്കാന്‍ ശേഷിയുള്ളതാണ് ഇതില്‍ രണ്ടാമത്തെ മിസൈല്‍. അമേരിക്കയെ മാത്രമല്ല, ലോകത്തിലെ മറ്റു പല ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യം വയ്ക്കാവുന്നതാണ് ഈ മിസൈല്‍ എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ, യുഎസിന്റെ ഗുവാം ദ്വീപ് തകര്‍ക്കുമെന്നും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് യുഎന്‍ പ്രമേയം അവതരിപ്പിച്ചത്. ആധുനിക കാലത്ത് ഏതെങ്കിലുമൊരു രാജ്യത്തിനുമേല്‍ ഏര്‍പ്പെടുത്തിയ ഏറ്റവും ശക്തമായ ഉപരോധമെന്നാണ് പ്രമേയത്തെ യുഎസ് വിശേഷിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here