തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴ വിവാദം വിശദീകരിച്ച സമയത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന് പിള്ള പറഞ്ഞത് ബിജെപി വിഴുങ്ങുന്നു. സംസ്ഥാന കൌണ്‍സിലിന് പിരിവ് ഒറിജിനല്‍ രശീതി വഴി എന്ന വിശദീകരണമാണ് ബിജെപി ഇപ്പോള്‍ വിഴുങ്ങുന്നത്. കഴിഞ്ഞ വർഷം നടന്ന കോഴിക്കോട് നടന്ന ബി.ജെ.പി ദേശീയ കൗൺസിൽ സമ്മേളനത്തിന് ഇറക്കിയ രസീതികളില്‍ വ്യാജനും ഉണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
വ്യാജ രസീത് അടിച്ച കേസിൽ പാർട്ടിയുടെ ഒരു സംസ്ഥാന സെക്രട്ടറിക്കും പങ്കുണ്ടെന്ന് ബിജെപി നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. ബിജെപി സംസ്ഥാന സെക്രട്ടറിയാണ് മുന്‍പ് പിരിവിനായി 25 ലീഫുകളുള്ള 140 രസീത് ബുക്കുകൾ അച്ചടിപ്പിച്ച് കൊണ്ടുപോയതെന്ന് പ്രസ്സുടമ ബി.ജെ.പി നേതാക്കളെ അറിയിച്ചു.
തെക്കൻ ജില്ലകളിലേക്കും ഇദ്ദേഹം വഴി വ്യാജ രസീതുകൾ എത്തിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം. കാർബൺ കോപ്പി ഉപയോഗിക്കുന്ന രസീതാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം അച്ചടിക്കാറ്. എന്നാൽ കൗണ്ടർ ഫോയിലുള്ള രസീത് ബുക്കാണ് ഇവിടെ നിന്ന് പ്രിന്റ് ചെയ്തത്.
ദേശീയ കൗൺസിലിന് മുന്നോടിയായി ഒന്നര ലക്ഷം രൂപയുടെ ഫ്ളക്സ് ബോർഡുകള്‍ അടിപ്പിച്ചപ്പോള്‍ പണം കൊടുക്കാഞ്ഞതോടെയാണ് ബിജെപി നേതാവും പ്രസ്സുടമയും തമ്മിൽ തെറ്റിയത്. ദേശീയ കൌണ്‍സില്‍ സമ്മേളനത്തിനും ഇതേ പ്രസില്‍ നിന്നും വ്യാജ രസീത് അച്ചടിച്ചതായും ബിജെപി അന്വേഷണ കമ്മിഷന് വ്യക്തമായിട്ടുണ്ട്.