ബാങ്ക് ജപ്തി: വൃദ്ധ ദമ്പതികളെ റോഡില്‍ ഇറക്കിവിട്ടു

0
95

ബാങ്ക് ജപ്തിയുടെ പേരില്‍ വൃദ്ധ ദമ്പതികളെ റോഡിലേക്കിറക്കി വിട്ടു. ക്ഷയരോഗം ബാധിച്ച വൃദ്ധ ദമ്പതികളെയാണ് ജപ്തിയുടെ പേരില്‍ റോഡിലേക്ക് വലിച്ചിഴച്ചത്. സിപിഎം ഭരണത്തിലുള്ള തൃപ്പൂണിത്തറ ഹൗസിങ് കോര്‍പ്പറേറ്റീവ് സൊസൈറ്റിയുടേതാണ് ക്രൂരമായ നടപടി.

കിടപ്പാടം ജപ്തി ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഒന്നര ലക്ഷം രൂപയുടെ വായ്പയില്‍ ക്രൂരമായ നടപടി ഉണ്ടായിരിക്കുന്നത്. വീട്ടില്‍ നിന്ന് ഇറക്കി വിട്ട ദമ്പതികളെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏഴു വര്‍ഷത്തോളം മുമ്പാണ് ഇവര്‍ ഒന്നര ലക്ഷം രൂപ വായ്പയെടുത്തത്. അതിന് ശേഷം ദമ്പതികള്‍ അസുഖ ബാധിതരായതിനെ തുടര്‍ന്ന് തുക തിരിച്ചടക്കുന്നത് മുടങ്ങി. പലിശയടക്കം 2,70000 രൂപ ഇവര്‍ തിരിച്ചടക്കണം. ഇത് അടക്കാത്തതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ബാങ്ക് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കുകായിരുന്നു.

ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ടു സെന്റ് ഭൂമിയും വീടും ബാങ്ക് അഞ്ചു ലക്ഷം രൂപക്ക് ലേലം ചെയ്തു. സെന്റിന് ആറ് ലക്ഷത്തിന് മുകളില്‍ വിലയുള്ള സ്ഥാനത്താണ് ഇത്രയും കുറഞ്ഞവിലയ്ക്ക് ലേലം ചെയ്തുപോയത്

അതിനു ശേഷം ഇപ്പോള്‍ വീട് ലേലത്തില്‍ വിളിച്ചയാള്‍ പോലീസ് സഹായത്തോടെ വൃദ്ധ ദമ്പതികളെയടക്കം വലിച്ചിഴച്ച് പുറത്താക്കുകയായിരുന്നു. ദമ്പതികളെ കൂടാതെ അസുഖബാധിതനായ ഒരു മകനും ഈ വീട്ടില്‍ താമസിക്കുന്നുണ്ട്.

ആയിരം ചതുരശ്രയടിയില്‍ താഴെ കിടപ്പാടമുള്ളവരുടെ വീടും ഭൂമിയും ജപ്തി ചെയ്യില്ലെന്ന പ്രമേയം കഴിഞ്ഞ ദിവസം നിയമസഭയില്‍ പാസാക്കിയതിന് പിന്നാലെയാണ് ഈ സംഭവം അരങ്ങേറിയത്. അതും ഭരണപക്ഷ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയുടെ ഭാഗത്ത് നിന്നുമുള്ള നടപടിയും. ജപ്തി നടപടികളൊന്നും തന്നെ നേരത്തെ അറിഞ്ഞിരുന്നില്ലെന്നും അറിഞ്ഞ് നിയമസഹായം തേടിയപ്പോഴേക്കും ഏറെ വൈകിയെന്നും ദമ്പതികള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here