കൊച്ചി: ബാലാവകാശ കമ്മിഷൻ നിയമനത്തില്‍ മന്ത്രി കെ.കെ.ശൈലജയ്ക്ക് എതിരായ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരാമര്‍ശങ്ങള്‍ ഡിവിഷന് ബെഞ്ച് നീക്കി. സ്വാശ്രയ-ബാലാവകാശ പ്രശ്നത്തില്‍ ഹൈക്കോടതിയുടെ വിമര്‍ശനം നേരിടുന്ന മന്ത്രി കെ.കെ.ശൈലജയ്ക്ക് ഹൈക്കോടതി നീക്കം ആശ്വാസകരമായി.
ഹൈക്കോടതി സിംഗിൾ ബെഞ്ച് നടത്തിയ പരാമർശങ്ങളാണു ഡിവിഷൻ ബെഞ്ച് നീക്കിയത്. എന്നാൽ കമ്മിഷനിലെ രണ്ട് അംഗങ്ങളുടെ നിയമനം റദ്ദാക്കിയതിൽ ഡിവിഷന് ബെഞ്ച് ഇടപെട്ടില്ല. ബാലാവകാശ കമ്മിഷനിൽ രാഷ്ട്രീയക്കാരെ തിരുകിക്കയറ്റാൻ മന്ത്രി ശ്രമിച്ചെന്ന പരാമര്‍ശമാണു നീക്കിയത്.
കേസിൽ മന്ത്രി കക്ഷിയായിരുന്നില്ലെന്നു നിരീക്ഷിച്ച ഡിവിഷൻ ബെഞ്ച്, മന്ത്രിയുടെ വാദങ്ങൾ കോടതി കേട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ശൈലജയ്ക്കെതിരായ പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഇന്നലെയാണ് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ബാലാവകാശ കമ്മിഷൻ നിയമനവുമായി ബന്ധപ്പെട്ട തീയതി നീട്ടാൻ മന്ത്രി നിർദേശിച്ചത് താൽപര്യമുള്ളവരെ തിരുകിക്കയറ്റാനാണെന്ന വാദത്തിൽ കഴമ്പുണ്ടെന്നാണു സിംഗിൾ ബെഞ്ച് നിരീക്ഷിച്ചത്.
സിപിഎം പ്രവർത്തകനായ ടി.ബി.സുരേഷിനെ നിയമിക്കുന്നതിനാണ് ഇതെന്നും കോടതി വിലയിരുത്തിയിരുന്നു. കമ്മിഷനിലെ ആറ് ഒഴിവുകളിലേക്കു കഴിഞ്ഞ നവംബർ എട്ടിനാണു സാമൂഹികനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചത്. നവംബർ 30 ആയിരുന്നു അവസാന തീയതി. പിന്നീട് തീയതി 2017 ജനുവരി 20 വരെ നീട്ടി.
ഇതിനിടെ അപേക്ഷകയായിരുന്ന ഡോ. ജാസ്മിൻ അലക്സ്ജ ജനുവരി 19ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ സത്യഗ്രഹം നടത്താന്‍ തക്ക പരാമര്‍ശങ്ങള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നടത്തിയത്.
ബാലാവകാശ കമ്മിഷൻ അംഗങ്ങളുടെ നിയമനനടപടി നീട്ടിക്കൊണ്ടുപോയതിനറെ പേരില്‍ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അരലക്ഷം രൂപ പിഴയും ഒടുക്കി.