
പട്ന∙ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് ഞായറാഴ്ച നടത്തുന്ന ‘ബിജെപി ഭാഗോ, ദേശ് ബച്ചാവോ’ റാലിയില്‍ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ബിഎസ്പി നേതാവ് മായാവതിയും പങ്കെടുക്കില്ല. ഇത് റാലിയെ പ്രതിസന്ധിയിലാക്കുന്നു. ബിജെപിക്കു എതിരെപ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ആർജെഡി റാലി.
പട്നയിലെ ഗാന്ധി മൈതാനത്താണു റാലി. ബിഎസ്പിക്കായി ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയും സോണിയയ്ക്കായി മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദും എഐസിസി ജനറൽ സെക്രട്ടറിയും ബിഹാർ ചുമതലയുമുള്ള സി.പി. ജോഷിയും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നു ലാലു പ്രസാദ് വ്യക്തമാക്കി.
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ജെഡിയു നേതാവ് ശരദ് യാദവും റാലിയിൽ പങ്കെടുക്കും. സോണിയക്കും, മായാവതിക്കും പകരം ബിഎസ്പി ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയും, ഗുലാം നബി ആസാദും സി.പി. ജോഷിയും പങ്കെടുക്കുമെന്ന് ലാലു പറയുന്നു.
ലാലു പ്രസാദും കുടുംബത്തിനും നേര്‍ക്ക് ഉയരുന്ന അഴിമതികളുടെ പശ്ചാത്തലത്തില്‍ ലാലുവിനൊപ്പം ചേർന്നാൽ പാർട്ടിയുടെ പ്രതിച്ഛായ മോശമാകുമെന്ന വിലയിരുത്തലിലാണു സംസ്ഥാന കോൺഗ്രസ് ഘടകം. ഇത് കാരണമാണ് സോണിയയും രാഹുലും റാലിയിൽ നിന്നു വിട്ടുനിൽക്കുന്നത് എന്നാണു സൂചന.