സ്വകാര്യത വ്യക്‌തിയുടെ മൗലികാവകാശമാണെന്ന് സുപ്രീം കോടതി

0
70

ന്യൂഡൽഹി: സ്വകാര്യത വ്യക്‌തിയുടെ മൗലികാവകാശമാണെന്ന് സുപ്രീം കോടതി. ഒൻപതംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും സ്വകാര്യതയെ ലംഘിക്കുന്ന നിയമനിർമാണം നട‍ത്താനാവില്ലെന്നും സുപ്രീം കോടതി വിധിയില്‍ പറഞ്ഞു. ചീഫ് ജസ്‌റ്റിസ് ജെ.എസ്.കേഹാറും ജഡ്‌ജിമാരായ ജസ്‌തി ചെലമേശ്വർ, എസ്.എ.ബോബ്‌ഡെ, ആർ.കെ.അഗർവാൾ, റോഹിന്റൻ നരിമാൻ, അഭയ് മനോഹർ സാപ്രെ, ഡി.വൈ.ചന്ദ്രചൂഡ്, സഞ്‌ജയ് കിഷൻ കൗൾ, എസ്.അബ്‌ദുൽ നസീർ എന്നിവരുമുൾപ്പെട്ട ബെഞ്ചാണു വിധി പറഞ്ഞത്.

സ്വകാര്യത മൗലികാവകാശമല്ലെന്ന് 1954 മാർച്ച് 15ന് എം.പി.ശർമ കേസിൽ എട്ടംഗ ബെഞ്ചും, 1962 ഡിസംബർ 18ന് ഖടക് സിങ് കേസിൽ ആറംഗ ബെഞ്ചും വിധിച്ചിരുന്നു. ഈ വിധികള്‍ ഇതോടെ അസാധുവായി. ഭരണഘടനയുടെ 21–ാം അനുച്ഛേദത്തിന്റെ ഭാഗമാണു സ്വകാര്യതയെന്നും കോടതി നിലപാടെടുത്തു.

ആധാർ നിർബന്ധമാക്കണോയെന്നത് അഞ്ചംഗ ബെഞ്ച് തീരുമാനിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. സാമൂഹിക ക്ഷേമപദ്ധതികൾക്ക് ആധാർ നമ്പർ നിർബന്ധമാക്കുന്നതു ചോദ്യം ചെയ്‌തുള്ള ഹർജി പരിഗണിച്ച മൂന്നംഗ ബെഞ്ച് കേസ് വിശാല ബെഞ്ചിനു വിട്ടിരുന്നു. കേസ് പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആധാർ സ്വകാര്യതയ്‌ക്കുള്ള അവകാശം നിഷേധിക്കുന്നതോയെന്ന ചോദ്യം ഒൻപതംഗ ബെഞ്ചിനു വിട്ടു. ഈ വിധി ശരിയാണോയെന്നതാണ് ഒൻപതംഗ ബെഞ്ച് പരിശോധിച്ചത്.

എട്ടംഗ ബെഞ്ചിന്റെ ആധാർ കേസുകൾ എത്ര ജഡ്‌ജിമാരുൾപ്പെട്ട ബെഞ്ച് പരിഗണിക്കണമെന്നത് ഒൻപതംഗ ബെഞ്ച് വിധി പറഞ്ഞശേഷം തീരുമാനിക്കുമെന്നാണ് നേരത്തേ കോടതി പറഞ്ഞിരുന്നത്. ഇനി അഞ്ചംഗ ബെഞ്ച് ഈ കേസ് പരിശോധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here