ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ഊരുവിദ്യാകേന്ദ്രങ്ങള്‍: ഉദ്ഘാടനം നാളെ

0
66

ആദിവാസി മേഖലയിലെ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനും കുട്ടികളുടെ പഠന – പഠനേതര കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും സര്‍വശിക്ഷാ അഭിയാനു കീഴില്‍ ജില്ലയില്‍ ഊരുവിദ്യാകേന്ദ്രങ്ങള്‍ നാളെ (ആഗസ്റ്റ് 26 ശനിയാഴ്ച) പ്രവര്‍ത്തനം തുടങ്ങുന്നു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ പന്തപ്ര ഊരുവിദ്യാകേന്ദ്രത്തില്‍ 26ന് രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന സാംസ്‌കാരിക -പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

ആദിവാസി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ‘രണ്ടാംവീട്’ എന്ന നിലയില്‍ പഠനത്തിനും പഠനേതര പ്രവര്‍ത്തനത്തിനും സഹായിക്കാന്‍ കഴിയുന്ന കേന്ദ്രമായി മാറുക എന്നതാണ് ‘ഊരുവിദ്യാകേന്ദ്രം’ എന്ന പദ്ധതിയിലൂടെ സര്‍വ്വശിക്ഷാ അഭിയാന്‍ ലക്ഷ്യം വയ്ക്കുന്നത്. ജില്ലയില്‍ ആകെ 10 ഊരുവിദ്യാകേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ ഒമ്പതെണ്ണം കുട്ടമ്പുഴ പഞ്ചായത്തിലും ഒരു കേന്ദ്രം വേങ്ങൂര്‍ പഞ്ചായത്തിലുമാണ്.

ആദിവാസി വിഭാഗത്തില്‍പ്പെട്ട 2365 വിദ്യാര്‍ത്ഥികളാണ് ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലായി എറണാകുളം ജില്ലയില്‍ പഠിക്കുന്നത്. സ്‌കൂള്‍ പ്രവേശനം നേടാത്ത കുട്ടികളെ കെണ്ടത്താന്‍ എസ്.എസ്.എ ജില്ലയില്‍ നടത്തിയ സര്‍വ്വേയിലൂടെ ആദിവാസി വിഭാഗത്തില്‍പ്പെട്ട 32 കുട്ടികളെ ഈ വര്‍ഷം കെണ്ടത്തി സ്‌കൂളില്‍ ചേര്‍ക്കാന്‍ കഴിഞ്ഞുവെങ്കിലും കുട്ടമ്പുഴ മേഖലയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഭാഗികമായി കൊഴിഞ്ഞുപോക്ക് തുടരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഊരുവിദ്യാകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്്.

അവധി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 5 വരെയും പ്രവൃത്തി ദിവസങ്ങളില്‍ വൈകീട്ട് 4.30 മുതല്‍ 7 വരെയുമാണ് ഊരുവിദ്യാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. എസ്.എസ്.എ നിയമിക്കുന്ന എജ്യുക്കേഷന്‍ വളണ്ടിയറിനായിരിക്കും ഊരുവിദ്യാകേന്ദ്രത്തിന്റെ അക്കാദമിക ചുമതല. അതാത് ഊരിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഊരുകേന്ദ്രത്തില്‍ നിന്നും സേവനങ്ങള്‍ ലഭ്യമാകും.

സ്‌കൂളില്‍ പോകാത്ത കുട്ടികളെ കണ്ടെത്തി സ്‌കൂളില്‍ ചേര്‍ക്കുന്നതന് നടപടിയെടുക്കും. സ്‌കൂളില്‍ ചേര്‍ന്നിട്ടും തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്‌കൂളില്‍ പോകാത്ത കുട്ടികളെ കണ്ടെത്തി അവരെ സ്‌കൂളില്‍ എത്തിക്കും. മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും അതത് ദിവസത്തെ പാഠഭാഗങ്ങള്‍ മനസിലാക്കുന്നതിനും പഠിക്കുന്നതിനും ഊരുവിദ്യാകേന്ദ്രം സഹായിക്കും. വിദ്യാര്‍ത്ഥികളില്‍ പൊതുവിജ്ഞാനവും പൗരബോധവും വളര്‍ത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.

വിദ്യാര്‍ത്ഥികളുടെ കലാ-കായിക അഭിരുചികള്‍ പരിപോഷിപ്പിക്കാന്‍ അവസരം ഒരുക്കും. ആദിവാസി വിഭാഗത്തിലെ തനത് കലാരൂപങ്ങള്‍ അഭ്യസിപ്പിക്കും. വിദ്യാര്‍ത്ഥികളില്‍ വ്യക്തിശുചിത്വവും സാമൂഹ്യശുചിത്വവും സംബന്ധിച്ച അവബോധം സൃഷ്ടിക്കും. വിദ്യാര്‍ത്ഥികളുടെ നേതൃപാടവം വികസിപ്പിക്കാന്‍ പരിശീലനം നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് പത്രങ്ങള്‍, ആനുകാലികങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ ലഭ്യമാക്കും. ഊരുകേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ ഗ്രാമോത്സവങ്ങള്‍ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കും. സമൂഹത്തില്‍ ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിന് ബോധവത്കരണ പ്രവര്‍ത്തനങ്ങളും രക്ഷകര്‍ത്താക്കള്‍ക്കായി ബോധവത്കരണ ക്ലാസുകളും നടത്തും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കും. ഉപരിപഠനത്തിന്റേയും തൊഴിലിന്റേയും സാധ്യതകള്‍ മനസിലാക്കി കൊടുക്കാന്‍ കഴിയുന്ന വിധം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആയി ഊരുവിദ്യാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് എസ് എസ് എ എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസര്‍ സജോയ് ജോര്‍ജ് അറിയിച്ചു.

ആന്റണി ജോണ്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ജോയ്സ് ജോര്‍ജ് എം പി മുഖ്യാതിഥിയാകും. എസ്എസ്എ സ്റ്റേറ്റ് പ്രോജക്ട് ഓഫീസര്‍ ഡോ. എ പി കുട്ടികൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. ഊരുവിദ്യാ കേന്ദ്രങ്ങളിലേക്കുള്ള പഠനോപകരണങ്ങളുടെ വിതരണം ബേബി മാത്യു സോമതീരം നിര്‍വഹിക്കും. എസ് എസ് എ ഔട്ട് ഓഫ് സ്‌കൂള്‍ കോ ഓര്‍ഡിനേറ്റര്‍ പി ബി രതീഷ് പദ്ധതി വിശദീകരണം നടത്തും. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്് റഷീദ സലിം, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജയമ്മ ഗോപി, വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എ ഷാജി, എസ് എസ് എ ജില്ലാ പ്രോജക്ട് ഓഫീസര്‍ സജോയ് ജോര്‍ജ് തുടങ്ങിയവര്‍ സംസാരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here