ഗര്‍ഭം ധരിക്കുന്നതും അലസിപ്പിക്കുന്നതും സ്ത്രീയുടെ സ്വകാര്യത: സുപ്രീംകോടതി

0
77

ഒരു സ്ത്രീയുടെ സ്വകാര്യതയാണ് ഗര്‍ഭം ധരിക്കണമോ വേണ്ടയോ എന്നും അത് അലസിപ്പിക്കുന്നതുമെന്ന് സുപ്രീം കോടതി. സ്വകാര്യത മൗലീകവകാശമാണെന്ന സുപ്രീംകോടതിയുടെ ചരിത്ര പ്രധാനമായ വിധിപറഞ്ഞ ഒമ്പതംഗ ബഞ്ചിലെ ജസ്റ്റിസ് ജെ.ചെലമേശ്വറാണ് ഇക്കാര്യത്തില്‍ വിധിന്യായത്തില്‍ എഴുതിയത്.

കൂടാതെ സ്വജീവന്‍ നിലനിര്‍ത്താനും വെടിയാനുമുള്ള അവകാശവും സ്വകാര്യതയില്‍ വരുമെന്ന് വിധിയിലുണ്ട്. ചികിത്സയിലൂടെ ജീവന്‍ നീട്ടിക്കൊണ്ട് പോവുന്നതും ജീവന്‍ ഉപേക്ഷിക്കുന്നതും സ്വകാര്യതയില്‍ വരുന്നതാണ്. എന്നാല്‍ പൗരന്റെ ശരീരത്തില്‍ ഭരണകൂടം അതിക്രമിച്ച് കയറിയപ്പോഴാണ് സ്വകാര്യതയെകുറിച്ച് ആശങ്കകള്‍ ഉയര്‍ന്ന് വന്നതെന്നും 44 പേജുള്ള വിധി പ്രസ്താവം വായിച്ച് ജസ്റ്റിസ് ചെലമേശ്വര്‍ അഭിപ്രായപ്പെട്ടു.

ഒരു വ്യക്തിയോട് രാജ്യത്തെ ഏതെങ്കിലും സര്‍ക്കാര്‍ എന്ത് കഴിക്കണം, എന്ത് ധരിക്കണം, ആരുടെയൊക്കെ കൂടെ ചേരണം അല്ലെങ്കില്‍ ജീവിക്കണം എന്നിവയെല്ലാം നിര്‍ദേശിക്കുന്നത് ആരും തന്നെ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് തന്നെ വ്യക്തിയെ സംബന്ധിച്ചതെല്ലാം സ്വകാര്യതയില്‍ പെടുന്നതാണെന്നും ജസ്റ്റിസ് ചെലമേശ്വര്‍ ചൂണ്ടിക്കാട്ടി.

സ്വകാര്യത എന്തിനൊക്കെ എന്ന് സുപ്രീംകോടതി പ്രത്യേകമായി പറഞ്ഞില്ലെങ്കിലും വ്യക്തികളുടെ ഫോണ്‍ ചോര്‍ത്തല്‍, ഇന്റര്‍നെറ്റ് ഹാക്കിംഗ്, എന്ത് കഴിക്കണമെന്നുള്ള അവകാശം, ഗര്‍ഭഛിദ്രം എന്നിവയെ എല്ലാം വിധി കൃത്യമായി ബാധിക്കുമെന്ന് തന്നെയാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. നിരാഹാര സമരം രാജ്യത്ത് ആര്‍ക്കും അറിയാത്ത സമരമാര്‍ഗമല്ല. പക്ഷെ ഇത്തരക്കാരെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിച്ച് സമരത്തെ അടിച്ചമര്‍ത്തുന്നതും സാധാരണ സംഭവം തന്നെ. നിലവിലെ വിധിയുടെ അടിസ്ഥാനത്തില്‍ ഇത്തരം സമര രീതിയും സ്വകാര്യതയില്‍ പെടും. ആധാര്‍ അടക്കമുള്ള കാര്യങ്ങള്‍ വിധിയെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നും ചെലമേശ്വര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here