ബലാത്സംഗ കേസില്‍ കുറ്റക്കാരമെന്നു കണ്ടെത്തിയ ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെതിരായ വിധിക്കു പിന്നാലെ വ്യാപക അക്രമ സംഭവങ്ങള്‍. പഞ്ചാബിലും ഹരിയാനയിലുമാണ് സംഘര്‍ഷം നടക്കുന്നത്. സംഘര്‍ഷത്തിനിടെ നിരവധി ദേരാ സച്ചാ സൗദ അനുയായികള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചുപേര്‍ മരിച്ചതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്.
സംഘര്‍ഷത്തിനിടെ അഞ്ച് ദേരാ സച്ചാ സൗദ അനുയായികള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെലിവിഷന്‍ ചാനലുകളുടെ മൂന്ന് ഒ.ബി വാനുകള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. പഞ്ചാബിലെ ഒരു റെയില്‍വെ സ്റ്റേഷനും പെട്രോള്‍ പമ്പും തീവച്ച് നശിപ്പിച്ചു. പഞ്ച്കുളയില്‍ അക്രമികള്‍ക്കുനേരെ പോലീസിന് ലാത്തിചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തേണ്ടിവന്നു.
കൂടാതെ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവച്ചുവെന്നും എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പോലീസിനും മാധ്യമങ്ങള്‍ക്കും നേരെയും കല്ലേറുണ്ടായി. 2002-ല്‍ സിര്‍സയിലെ ദേരാ ആശ്രമത്തില്‍വെച്ച് വനിതാ അനുയായിയെ ഒന്നിലേറെത്തവണ ഗുര്‍മീത് ബലാത്സംഗം ചെയ്തെന്നാണ് കേസ്.
ഇതില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തിയിരുന്നു. കേസില്‍ 28 ന് ശിക്ഷ വിധിക്കും. ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍സിങ് ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.