ജിഎസ്ടി വന്നപ്പോള്‍ ലഭിച്ച നികുതി വരുമാനം 500 കോടി രൂപ; പകുതിയായി താഴ്ന്ന വരുമാനം ഉയരുമെന്ന് പ്രതീക്ഷ

0
54

തിരുവനന്തപുരം:  ജിഎസ്ടി നടപ്പിലായ ശേഷം സംസ്ഥാനത്തിനു ലഭിച്ച നികുതി വരുമാനം 500 കോടി രൂപ. മുൻപ്, പ്രതിമാസം ശരാശരി 1200 കോടിയോളം രൂപ വാറ്റ് നികുതിയായി ലഭിച്ചിരുന്നിടത്താണു നികുതി ഒറ്റയടിക്കു പകുതിയായി താഴ്ന്നത്.

വ്യാപാരികൾക്കു നികുതി അടയ്ക്കാൻ ഇനിയും അവസരമുള്ളതിനാലും കേന്ദ്രം പിരിച്ച ഐജിഎസ്ടിയുടെ പങ്ക് ലഭിക്കാനുള്ളതിനാലും ആദ്യ മാസമായ ജൂലൈയിലെ നികുതി 1000 കോടി കവിയുമെന്നാണു പ്രതീക്ഷയെന്നു ജിഎസ്ടി വകുപ്പ് വ്യക്തമാക്കുന്നു.

ഇന്നാണു പിഴ കൂടാതെ വ്യാപാരികൾക്കു ജിഎസ്ടി അടയ്ക്കാനുള്ള അവസാന തീയതി. സംസ്ഥാനത്തു രണ്ടര ലക്ഷം വ്യാപാരികളാണ് ഇപ്പോൾ ജിഎസ്ടി ശൃംഖലയ്ക്കു കീഴിലുള്ളത്. ഇതിൽ 80,000 പേർ ഇതുവരെ ജൂലൈയിലെ റിട്ടേൺ സമർപ്പിച്ചു.

നികുതി അടച്ചത്  30,000 പേരാണ്.  ഇവർ 1000 കോടിയോളം രൂപ നികുതിയായി അടച്ചപ്പോഴാണു സംസ്ഥാന വിഹിതമായ 500 കോടി ലഭിച്ചത്. കേരളത്തിലേക്ക് ഉൽപന്നങ്ങൾ എത്തിച്ച ഇതര സംസ്ഥാനത്തെ വ്യാപാരികളിൽ നിന്നുള്ള നികുതിയുടെ വിഹിതം ഇതുവരെ കേന്ദ്രം സംസ്ഥാനങ്ങൾക്കു കൈമാറിയിട്ടില്ല. ഇതുകൂടി ലഭിക്കുമ്പോൾ വരുമാനം ഇരട്ടിയാകുമെന്നാണു കണക്കുകൂട്ടൽ. അങ്ങനെ വരുമ്പോൾ മുൻപ് വാറ്റിൽ നിന്നു ലഭിച്ചിരുന്നത്ര നികുതി ജിഎസ്ടി വഴിയും കേരളത്തിനു കിട്ടും.

LEAVE A REPLY

Please enter your comment!
Please enter your name here