പേരറിവാളന്‍ പുറംലോകം കാണുമ്പോള്‍

0
125

പേരറിവാളന്‍… രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് ആര്‍ക്കോ ബാറ്ററി വാങ്ങിക്കൊടുത്ത കുറ്റത്തിന് 26 വര്‍ഷം തടവറക്കുള്ളില്‍ കഴിഞ്ഞ പേരറിവാള്‍ പുറംലോകം കാണുന്നു.

പേരറിവാളിന്റെ അമ്മ അര്‍പ്പുതമ്മാള്‍, പോരാട്ടത്തിന്റെ അവസാനവാക്കായി മാറിയിരിക്കുകണിവിടെ. ഈ അമ്മയുടെ വര്‍ഷങ്ങളോളമുള്ള സമരത്തിന്റെ ഫലമായാണ് പേരറിവാളിന് പരോള്‍ ലഭിച്ചത്. ഈ പോരാട്ടത്തിനെക്കുറിച്ചും അര്‍പ്പുതാമ്മാളിനെക്കുറിച്ചും സോഷ്യല്‍ മീഡിയിലൂടെ ഡി. ശ്രീജിത്തും രാഹുല്‍ പശുപാലും പങ്കുവെച്ച കുറിപ്പുകള്‍:

ഡി. ശ്രീജിത്ത്

1. ഇരുപതാം വയസില്‍ ആര്‍ക്കോ ബാറ്ററി വാങ്ങിക്കൊടുത്ത കുറ്റത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 26 വര്‍ഷം തടവറയില്‍ കഴിഞ്ഞയാള്‍ക്ക് ആദ്യമായി പരോള്‍ ലഭിച്ചിരിക്കുന്നു. 26 വര്‍ഷമായി അയാളുടെ അമ്മയുടെ നിയമയുദ്ധത്തിനും മനുഷ്യരുടെ ഇടപെടലുകള്‍ക്കും ഫലങ്ങള്‍ ഉണ്ടായി എന്ന് തീര്‍ത്ത് പറയാനാവില്ല. യൗവനം മുഴുവന്‍ തടവറയിലായിരുന്ന ആ മനുഷ്യനെ ഭരണകൂടം വധിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും തീര്‍ച്ചയില്ല. പക്ഷേ ആദ്യമായി, ആദ്യമായി ഇക്കാലത്തിനുള്ളില്‍ പേരറിവാളന്‍ ജയിലിന് പുറത്തിറങ്ങുകയാണ്.

2. ഭരണഘടന ഉറപ്പുതരുന്നതാണ് സ്വകാര്യതയ്ക്കുള്ള അവകാശം. മൗലികാവകാശങ്ങളിലൊന്ന്. ആര്‍ട്ടിക്കിള്‍ 21. ജീവിക്കാനുള്ള അവകാശം, സ്വകാര്യതയ്ക്കുള്ള അവകാശം. 67 വര്‍ഷം മുമ്പ് നിലവില്‍ വന്ന അവകാശമാണ് ഇന്ന് സുപ്രീം കോടതി ഉറപ്പിച്ച് തന്നത്.

3. 20 വര്‍ഷം മാധ്യമങ്ങള്‍, പൊതുസമൂഹം വ്യക്തിപരമായ അഴിമതി നടത്തിയെന്ന് വേട്ടയാടിയ രാഷ്ട്രീയനേതാവിനെതിരെ കേസ് എടുക്കാന്‍ പോലും ഒരു നിര്‍വ്വാഹമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്നു. മറ്റൊരു മന്ത്രിയുടെ അധികാരകാലത്ത് നടന്ന ഇടപാടിന്റെ പേരില്‍ പിന്നീട് മന്ത്രിയായ പിണറായി വിജയനെ വേട്ടയാടുകയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാണിച്ചു. കുറ്റവിമുക്തമാക്കുകയല്ല, കേസെടുക്കാന്‍ ഒരു കാരണവുമില്ലെന്നാണ് കോടതി പറഞ്ഞത്.

4. സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് വേണ്ടി കുടിയൊഴിക്കപ്പെട്ട മനുഷ്യരോട് സര്‍ക്കാര്‍ കരുണകാട്ടണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുകയായിരുന്ന മേധാപട്കര്‍ക്ക്, സര്‍ക്കാരുദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി എന്ന കേസ് ചുമത്തപ്പെട്ട് 16 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം നല്‍കി.

5. മതമോ വിശ്വാസമോ നിഷ്‌കര്‍ഷിക്കാത്ത, അതിനൊന്നും ഒരു പങ്കില്ലാത്ത, ഒരു കൂട്ടം പുരുഷ മതമേധാവികളുടെ സ്വാര്‍ത്ഥതാത്പര്യം കൊണ്ട് പതിറ്റാണ്ടുകളായി തുടര്‍ന്നിരുന്ന ഒരു ക്രൈമിനെ, മതവിശ്വാസികളും ധൈര്യശാലികളുമായ ഒരു കൂട്ടം സ്ത്രീകളുടെ നിതാന്ത പരിശ്രമത്തിന്റെ ഫലമായി സുപ്രീം കോടതി ഇടപെട്ട് തടയുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ നമ്മളെ സന്തോഷിപ്പിച്ച, ജീവിക്കാന്‍ പ്രേരിപ്പിച്ച, സമൂഹത്തിലും ഇന്‍സ്റ്റിറ്റിയൂഷനുകളിലും നമുക്ക് വിശ്വാസം വീണ്ടും നല്‍കിയ അഞ്ചു കാര്യങ്ങള്‍.

യഥാര്‍ത്ഥത്തില്‍ ആലോചിച്ചുനോക്കൂ. വൈകിയ നീതി, ലഭിക്കാത്ത നീതിയാണെന്ന് പ്രഖ്യാപിച്ച ലോകത്താണ് നാം ഈ വൈകിയ നീതിയില്‍ മതിമറന്ന് സന്തോഷിക്കുന്നത്. നമ്മള്‍ നമ്മളെ തന്നെ എത്രമാത്രം ചുരുക്കിയാണ് ഇപ്പോള്‍ ലോകത്തെ നേരിടുന്നത്. നമ്മുടെ ആവശ്യങ്ങള്‍ എത്ര കുറഞ്ഞിരിക്കുന്നു.

നമ്മുടെ ഈ ഗതികേടുകള്‍ക്കിടയിലൂടെയാണ് മലേഗാവ് സ്ഥോടനക്കേസില്‍ അറസ്റ്റിലായ, ഇന്ത്യയിലെ പല ഭീകരവാദ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാണെന്ന് ആരോപിക്കപ്പെടുന്ന, മുന്‍ ആര്‍മി ഓഫീസര്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതിന് ജാമ്യം ലഭിക്കുന്നത്. തീര്‍ച്ചയായും ഏതു ക്രമിനലിലും അവകാശപ്പെട്ടതാണ് മനുഷ്യാവകാശം. പക്ഷേ ദാ നോക്കൂ, ജയിലില്‍ നിന്നിറങ്ങുന്ന ശ്രീകാന്ത്പുരോഹിതിനെ സ്വീകരിക്കാന്‍ എത്തിയിരിക്കുന്ന ഇന്ത്യന്‍ കരസേന വ്യൂഹം. രാജ്യത്ത് ഭീകരപ്രവര്‍ത്തനം നടത്തി, രാജ്യത്തിനും സമ്പത്തിനും പൊതുജനങ്ങള്‍ക്കുമെതിരെ ദ്രോഹപ്രവര്‍ത്തികളിലേര്‍പ്പെട്ടു, എന്ന പേരില്‍ വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന ആളെ സ്വീകരിക്കാനാണ് ഇന്ത്യന്‍ ബജറ്റിന്റെ സിംഹഭാഗം നീക്കിവയ്ക്കുന്ന തുകകൊണ്ട് കൊഴുക്കുന്ന സൈനികഉദ്യോഗസ്ഥ വൃന്ദമെത്തുന്നത്.

നമ്മള്‍ ബാറ്ററി വാങ്ങിക്കൊടുത്ത കേസിന് അകത്തായ ഇരുപതുകാരന്‍, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവന്‍, 46 കാരനായി പരോളിലിറങ്ങുന്നത് കാത്തുനില്‍ക്കുകയാണ്.

രാഹുല്‍ പശുപാല്‍

ഒരു മനുഷ്യന്റെ ദയനീയതയുടെ പാരമ്യതയില്‍ നിന്നുകൊണ്ട് ഇടയ്ക്ക് കൈകൂപ്പി ഞാന്‍ ഐജി ശ്രീജിത്തിനോട് ചോദിച്ചു ‘ഇനിയും ഒരു കേസുകൂടി എന്തിനാണ് സാര്‍ എന്റെ തലയില്‍ കെട്ടി വയ്ക്കുന്നത് ക്രൂരമായ ഒരു ചിരിയോടെ അയാള്‍ അന്ന് എന്നോട് ചോദിച്ചത് ‘നിനക്ക് പേരറിവാളനെ അറിയുമോ എന്നാണു’ പിന്നെ പുച്ഛത്തോടെ ആ ബാറ്ററി കഥയും.

വിചാരണയോ കുറ്റപത്രമോ പോലും നിഷേധിച്ചു തടവില്‍ കിടന്ന ജീവിതത്തിലെ ആ പതിമൂന്നു മാസങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ എന്റെ ശരീരം തളരുന്നതായി തോന്നും.

പത്തൊന്‍പതാം വയസില്‍ തുടങ്ങി 25 വര്‍ഷങ്ങള്‍, പലപ്പോഴും വായിക്കാന്‍ ശ്രമിച്ചു വിങ്ങലോടെ പാതിവഴിയില്‍ നിര്‍ത്തിയ പുസ്തകമാണ് പേരറിവാളന്‍. എനിക്ക് പോരാട്ടത്തിന്റെ അവസാന വാക്കാണ് അര്‍പ്പുതമ്മാള്‍എന്ന ആ അമ്മ. ഇന്നയാള്‍ ഭാഗീകമായെങ്കിലും സ്വതന്ത്രനായി പരോളില്‍ ഇറങ്ങുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here