മാനഭംഗക്കേസ്; ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരന്‍

0
69

മാനഭംഗക്കേസില്‍ ‘ദേരാ സച്ചാ സൗദാ’ നേതാവ് ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനെന്ന് പ്രത്യേക സി.ബി.ഐ കോടതി. കേസിന്റെ ശിക്ഷ എന്താണെന്ന് തിങ്കളാഴ്ച പ്രഖ്യാപിക്കും. കുറ്റക്കാരമെന്നു കണ്ടെത്തിയതോടെ ഗുര്‍മീത് റാമിനെ അംബാല ജയിലിലേക്കു മാറ്റി. 2002-ല്‍ സിര്‍സയിലെ ദേരാ ആശ്രമത്തില്‍വെച്ച് വനിതാ അനുയായിയെ ഒന്നിലേറെത്തവണ ഗുര്‍മീത് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. 2007 മുതല്‍ ഗുര്‍മീതിനെതിരായ കോടതിനടപടികള്‍ തുടരുകയാണ്.

എ.ബി. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പഞ്ചാബ് ആന്‍ഡ് ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ലഭിച്ച ഊമക്കത്തിലൂടെയാണ് വിവരം പുറത്തറിഞ്ഞത്. കത്തിന്റെ അടിസ്ഥാനത്തില്‍ ദേരാ തലവനെതിരെ ലൈംഗിക പീഡനക്കേസെടുക്കാന്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി സി.ബി.ഐക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പല വനിതാ അന്തേവാസികളെയും ഗുര്‍മീത് റാം റഹിം ബലാത്സംഗത്തിന് ഇരയാക്കിയിട്ടുണ്ടെന്നായിരുന്നു കത്തിലെ ആരോപണം.

അന്വേഷണത്തിന്റെ ഭാഗമായി ആശ്രമത്തിലെ 18 വനിതാ അന്തേവാസികളെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിരുന്നു. ഇതില്‍ രണ്ടുപേര്‍ ബലാത്സംഗ ആരോപണം ആവര്‍ത്തിച്ചു. ബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ ശുദ്ധീകരിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ലൈംഗിക അതിക്രമത്തെ ഗുര്‍മീത് റാം റഹീം ന്യായീകരിച്ചിരുന്നുവെന്നും വനിതാ അനുയായികളില്‍ ഒരാള്‍ മൊഴി നല്‍കിയിരുന്നു.

പിന്നീട് മജിസ്ട്രേട്ടിന് മുന്നിലും വനിതാ അനുയായികള്‍ ആരോപണം ആവര്‍ത്തിച്ചിരുന്നു. ഒരു ദിവസം ദേരാ തലവന്റെ മുറിയില്‍ പ്രവേശിച്ചപ്പോള്‍ അദ്ദേഹം വലിയ സ്‌ക്രീനില്‍ അശ്ലീല സിനിമ കാണുകയായിരുന്നു എന്നതടക്കമുള്ള വിവരങ്ങളാണ് വനിതാ അനുയായി അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടി വളരെ കുറച്ചുപേര്‍ക്ക് മാത്രമെ ഗുര്‍മീതിന്റെ മുറിയില്‍ പ്രവേശനമുള്ളൂവെന്ന് സി.ബി.ഐ കോടതിയില്‍ വാദിച്ചിരുന്നു.

200 കാറിന്റെ അകമ്പടിയോടെയാണ് ഗുര്‍മീത് റാം റഹിം സിങ് കോടതിയിലേക്ക് എത്തിയത്. എന്നാല്‍ പോലീസിന്റെ നിരന്തരമായുള്ള ഇടപെടലിനെത്തുടര്‍ന്ന് 20 കാറുകള്‍ മാത്രമേ പഞ്ച്കുലയില്‍ എത്തിയുള്ളൂ. ഇതില്‍ രണ്ടു കാറുകള്‍ക്കു മാത്രമാണ് കോടതി വളപ്പിനുള്ളില്‍ കയറാന്‍ അനുവാദം ലഭിച്ചത്. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ജഗ്ദീപ് സിങ്ങാണ് ദേശീയ ശ്രദ്ധയാകര്‍ഷിച്ച കേസില്‍ വിധി പ്രസ്താവിച്ചത്.

പഞ്ചാബിലും ഹരിയാണയിലുമടക്കം ലക്ഷക്കണക്കിന് അനുയായികളുള്ള ആള്‍ദൈവമാണ് ഗുര്‍മീത്. അക്രമസാധ്യതയുള്ളതിനാല്‍ കനത്ത ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. വന്‍ സുരക്ഷാസന്നാഹങ്ങളാണ് പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ ഒരുക്കിയിട്ടുള്ളത്.

ബലാത്സംഗക്കേസിന് പുറമെ രണ്ട് കൊലപാതക കേസുകളിലും ഗുര്‍മീത് വിചാരണ നേരിടുകയാണ്. ദേരാ അനുയായി രജ്ഞിത് സിങ്, മാധ്യമ പ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപധി എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് ഗുര്‍മീത് വിചാരണ നേരിടുന്നത്.

2008 ല്‍ അദ്ദേഹത്തിനെതിരെ ബലാത്സംഗക്കുറ്റം അടക്കമുള്ളവ ചുമത്തിയിരുന്നു. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും വ്യാജവുമാണെന്ന് ഗുര്‍മീര്‍ റാം റഹീം വിശദീകരിച്ചിരുന്നു. സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here