ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനു പരോള്‍. 26 വർഷത്തിനു ശേഷമാണ് പേരറിവാളനു പരോള്‍ ലഭിക്കുന്നത്. പേരറിവാളന്റെ അമ്മ അർപുതമ്മാള്‍ നല്കിയ അപേക്ഷ പ്രകാരമാണ് ജാമ്യം.
പിതാവിനെ കാണുന്നതിനായിട്ടാണ് പരോൾ അനുവദിച്ചത്. രാജീവ് ഗാന്ധി വധക്കേസിലെ പേരറിവാളന് ഉള്‍പ്പെടെയുള്ള പ്രതികളെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ മുന്‍പ് തമിഴനാട് സര്ക്കാര്ശ്രമിച്ചെങ്കിലും സുപ്രീംകോടതി തടഞ്ഞിരുന്നു.
ശാന്തൻ, മുരുകൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി ഇളവുചെയ്തതിനു പിന്നാലെയാണ് ഏഴു പ്രതികളെയും മോചിപ്പിക്കാൻ തമിഴ്നാട് സർക്കാർ തീരുമാനമെടുത്തത്. ഈ കേസിലെ പ്രതികളായ നളിനി, മുരുകൻ, ശാന്തൻ, പേരറിവാളൻ ഉൾപ്പെടെ 26 പേർക്ക് വധശിക്ഷ ലഭിച്ചിരുന്നു.
ഇതില്‍ നളിനി, മുരുകൻ, ശാന്തൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. ജയകുമാർ, റോബട്ട് പയസ്, രവിചന്ദ്രൻ എന്നിവരുടെ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. 19 പേരെ വിട്ടയച്ചു. 2000 ഏപ്രിൽ 25ന് നളിനിയുടെ ശിക്ഷ ജീവപര്യന്തമായി തമിഴ്നാട് ഗവർണർ ഇളവു ചെയ്തു. പ്രതികളുടെ ദയാഹർജി രാഷ്ട്രപതി തള്ളി. എന്നാൽ പിന്നീട് മുരുകൻ, ശാന്തൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി ഇളവു ചെയ്യുകയായിരുന്നു.