തിരുവനന്തപുരം: ഓണം-ബക്രീദ് വേളയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സത്വര നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. അവശ്യവസ്തുക്കള്‍ വിലക്കുറവില്‍ ലഭ്യമാക്കുവാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കണ്‍സ്യൂമര്‍ ഫെഡ് മുഖേന മൂവായിരത്തിയഞ്ഞൂറോളം ഓണച്ചന്തകള്‍ തുറന്നിട്ടുണ്ട്.
ഇന്നലെയാരംഭിച്ച ചന്തകള്‍ സെപ്റ്റംബര്‍ മൂന്ന് വരെ പ്രവര്‍ത്തിക്കും. പതിമൂന്ന് നിത്യോപയോഗവസ്തുക്കള്‍ സബ്സിഡി നിരക്കില്‍ ഈ ചന്തകളില്‍ നിന്ന് ലഭ്യമായിരിക്കും. ഇതിന് പുറമേ ഓണക്കാലത്ത് ആവശ്യമുള്ള പത്തിനങ്ങള്‍ കൂടി വിലക്കുറവില്‍ ലഭ്യമാക്കിയിട്ടുണ്ട്. വിലക്കുറവിനോടൊപ്പം ഗുണമേന്മ ഉറപ്പ് വരുത്തുക എന്നത് കൂടിയാണ് ഇത്തവണത്തെ വിപണിയിടപെടലിന്റെ സവിശേഷത.
കണ്‍സ്യൂമര്‍ഫെഡ് വാങ്ങുന്ന എല്ലാ സാധനങ്ങളുടെയും ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനായി വ്യക്തമായ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. ഈ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഗുണമേന്മാ പരിശോധന പൂര്‍ത്തിയാക്കിയ സാധനങ്ങള്‍ മാത്രമാണ് വില്പനയ്ക്കായി വിതരണം ചെയ്യുന്നത്.
ഓണച്ചന്തയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അറുപത് കോടി രൂപ സബ്സിഡി അനുവദിച്ചിട്ടുണ്ട്. ഇതില്‍ നാല്പത് കോടി രൂപ അഡ്വാന്‍സായി കണ്‍സ്യൂമര്‍ ഫെഡിന് ഇതിനകം അനുവദിച്ചു കഴിഞ്ഞു. ഓണം കഴിഞ്ഞും സഹകരണസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള നീതി ശൃംഖല വഴിയും ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും സബ്സിഡി നിരക്കില്‍ സ്ഥിരമായി സാധനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിലേക്കായി 150 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.