സ്വാശ്രയ പ്രവേശനം: അലോട്ട്മെന്റ് നടപടികള്‍ വിജ്ഞാപനമായി

0
50

ഹൈക്കോടതി വിധിപ്രകാരമുള്ള സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്ക് അലോട്ട്മെന്റ് നടപടികള്‍ പ്രവേശപരീക്ഷാ കമ്മിഷണര്‍ വിജ്ഞാപനം ചെയ്തു. കോളേജുകളിലെ ഫീസ് ഘടനയും പ്രസിദ്ധീകരിച്ചു. കഴിഞ്ഞവര്‍ഷത്തെ ഫീസ്ഘടനയ്ക്ക് സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട എം.ഇ.എസ്., കാരക്കോണം സി.എസ്.ഐ. മെഡിക്കല്‍ കോളേജുകളില്‍ 35 ശതമാനം മാനേജ്മെന്റ് സീറ്റുകളില്‍ 11 ലക്ഷമാണ് ഫീസ്. കൂടാതെ, 50 ശതമാനം സീറ്റില്‍ രണ്ടരലക്ഷവും എന്‍.ആര്‍.ഐ. സീറ്റുകളില്‍ 15 ലക്ഷവും ഫീസായി നിശ്ചയിച്ചു. അതേസമയം, 20 ശതമാനം വിദ്യാര്‍ഥികള്‍ക്ക് 25,000 രൂപ എന്ന ഫീസ് നിലനിര്‍ത്തിയിട്ടില്ല.

സുപ്രീംകോടതിയില്‍ കേസിനുപോയ ശ്രീനാരായണ, കെ.എം.സി.ടി. മെഡിക്കല്‍ കോളേജുകള്‍ക്ക് 85 ശതമാനം സീറ്റുകളില്‍ 11 ലക്ഷം ഫീസ് നിശ്ചയിച്ചു നല്‍കി. ഈ നാലു കോളേജുകളിലും അഞ്ചുലക്ഷം രൂപ, പ്രവേശന പരീക്ഷാകമ്മിഷണറുടെ പേരിലുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റായും ബാക്കി ആറുലക്ഷം ബാങ്ക് ഗാരന്റിയുമായി നല്‍കണം.

പരിയാരം സഹകരണ മെഡിക്കല്‍ കോളേജില്‍ 50 ശതമാനം സീറ്റില്‍ രണ്ടരലക്ഷവും 35 ശതമാനം സീറ്റില്‍ 10 ലക്ഷവും എന്‍.ആര്‍.ഐ. സീറ്റുകളില്‍ 14 ലക്ഷവുമാണ് വാര്‍ഷിക ഫീസ്. മറ്റ് സ്വാശ്രയ കോളേജുകളില്‍ 85 ശതമാനത്തില്‍ കോടതി നിശ്ചയിച്ച അഞ്ചുലക്ഷവും എന്‍.ആര്‍.ഐ. സീറ്റുകളില്‍ 20 ലക്ഷവുമാണ് ഫീസ്. അഞ്ചുലക്ഷം രൂപ ഫീസില്‍ പ്രവേശനം നേടുന്നവര്‍ 500 രൂപയുടെ മുദ്രപത്രത്തില്‍ നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ ആറുലക്ഷം രൂപയുടെ ബോണ്ടും നല്‍കണം.

ആദ്യ അലോട്ട്മെന്റില്‍ പരിഗണിക്കാതിരുന്ന എം.ഇ.എസ്., കാരക്കോണം സി.എസ്.ഐ., കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളെയും പുതിയ അലോട്ട്മെന്റില്‍ ഉള്‍പ്പെടുത്തി. മലബാര്‍, എസ്.യു.ടി. മെഡിക്കല്‍ കോളേജുകള്‍ക്ക് അഫിലിയേഷന്‍ നല്‍കുന്ന കാര്യം വെള്ളിയാഴ്ച ആരോഗ്യ സര്‍വകലാശാലയുടെ ഗവേണിങ് കൗണ്‍സില്‍ തീരുമാനിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ കോളേജുകളിലേക്കുള്ള അലോട്ട്മെന്റ്.

ക്രിസ്ത്യന്‍ മാനേജ്മെന്റ് ഫെഡറേഷനുകീഴിലെ മെഡിക്കല്‍ കോളേജുകളില്‍ നേരത്തെ നിശ്ചയിച്ച ഫീസ് ഘടനയില്‍ മാറ്റമില്ല. വിജ്ഞാപനത്തിന്റെ വിശദവിവരം പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. കഴിഞ്ഞ 19-ന് പ്രസിദ്ധീകരിച്ച രണ്ടാമത്തെയും സ്വാശ്രയ കോളേജുകളിലേക്കുള്ള ആദ്യത്തെയും അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനനടപടികള്‍ വ്യാഴാഴ്ച പ്രവേശന പരീക്ഷാ കമ്മിഷണര്‍ പൂര്‍ത്തിയാക്കി. ഒഴിവുകള്‍ ഓരോ കോളേജിന്റെയും വെബ്സൈറ്റില്‍ വെള്ളിയാഴ്ച രാവിലെ പ്രസിദ്ധീകരിക്കും.

ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള മൂന്നാംഘട്ട അലോട്ട്മെന്റിനായി വെള്ളിയാഴ്ചമുതല്‍ ശനിയാഴ്ച വൈകീട്ട് നാലുവരെ ഓപ്ഷന്‍ നല്‍കാം. പുതുതായി ഉള്‍പ്പെടുത്തിയ കോളേജുകളിലേക്ക് ഓപ്ഷന്‍ നല്‍കാനും നിലവിലുള്ള ഹയര്‍ ഓപ്ഷനുകള്‍ ക്രമീകരിക്കാനും ആവശ്യമില്ലാത്തവ ഒഴിവാക്കാനും അവസരമുണ്ട്.

ഓപ്ഷന്‍ അടിസ്ഥാനത്തില്‍ 27-ന് വൈകീട്ട് മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ഈ ഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ആവശ്യമായ ഫീസും രേഖകളും സഹിതം തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ പഴയ ഓഡിറ്റോറിയത്തില്‍ 28, 29 തീയതികളില്‍ പ്രവേശനത്തിന് നേരിട്ടുഹാജരാകണം.

നിലവിലുള്ള അലോട്ട്മെന്റില്‍ തൃപ്തരായ വിദ്യാര്‍ഥികള്‍ അവരുടെ ഹയര്‍ ഓപ്ഷനുകള്‍ പരിഗണിക്കേണ്ടതില്ലെങ്കില്‍ 26-ന് വൈകീട്ട് നാലിനുമുമ്പായി അവ ഒഴിവാക്കിയശേഷം പ്രവേശനത്തിനായി തിരുവനന്തപുരത്തെത്തണം. 29-ന് വൈകീട്ട് അഞ്ചിനകം പ്രവേശനം നേടാത്ത വിദ്യാര്‍ഥികളുടെ അലോട്ട്മെന്റ് റദ്ദാകും. അതിനുശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് 30, 31 തീയതികളില്‍ പ്രവേശന പരീക്ഷാ കമ്മിഷണര്‍ മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തും. ഈ ഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ അവിടെ വെച്ചുതന്നെ ഫീസടച്ച് പ്രവേശനം നേടണം.

LEAVE A REPLY

Please enter your comment!
Please enter your name here