സാൻ ആന്റണിയോ: യുഎസിനെ ലക്ഷ്യമാക്കി നീങ്ങുന്ന ഹാർവെ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു. മണിക്കൂറിൽ 201 കിലോമീറ്റർ വേഗതയിൽ വീശുന്ന ചുഴലിക്കാറ്റ് യുഎസിലെക്കാണ് നീങ്ങുന്നത്.
12 വർഷത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണിത്. . കാറ്റിന്റെ ശക്തിയിൽ തിരമാലകൾ 12 അടിവരെ ഉയർന്നു. വടക്കൻ മെക്സിക്കോയിലും ലൗസിയാനയിലും വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ടെക്സാസ് തീരത്തുള്ള സ്കൂളുകള്‍ക്ക് അവധി നൽകി. പ്രദേശത്തെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. തീരപ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന എണ്ണക്കമ്പനികള്‍ അടച്ചു. ഇവിടങ്ങളിലെ ജോലിക്കാരെ സുരക്ഷിത മേഖലയിലേക്കു മാറ്റിയിട്ടുണ്ട്.
കാറ്റഗറി മൂന്നിൽ ഉൾപ്പെട്ട ചുഴലിക്കാറ്റാണ് ഹാർവെയെന്ന് യുഎസ് നാഷനൽ ഹരിക്കെയ്ൻ സെന്റർ അറിയിച്ചു. ലൗസിയാനയും ടെക്സാസും ദുരന്ത മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.