തൊടുപുഴ: ബലാൽസംഗ കേസിൽ കുറ്റക്കാരനെന്ന് കോടതി വിധിച്ച ദേരാ സച്ചാ നേതാവ് ഗുര്‍മീത് റാം റഹീം സിങ്ങിന് കേരളത്തിൽ ഭൂമിയും, അനുയായികളും. ഒരു പ്രമുഖ നടനെ ഭക്തനാക്കാന്‍ വന്‍ തുക രാം രഹിം കേരളത്തില്‍ എത്തിയപ്പോള്‍ വാഗ്ദാനം ചെയ്തതായും വിവരമുണ്ട്. കേരളത്തിൽ 6000 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിനു നീക്കം നടത്തിയതായും വാര്‍ത്തകളുണ്ട്.
2010-ല്‍ മൂന്നാറിലെത്തിയ ഗുര്‍മീതും സംഘവും രണ്ട് ദിവസം മൂന്നാറില്‍ തങ്ങിയിരുന്നു. കൃഷി ചെയ്യാനാണ് താന്‍ ഭൂമി വാങ്ങുന്നതെന്നാണ് റിയൽ എസ്റ്റേറ്റ് സംബന്ധമായ ആരോപണങ്ങളോട് റാം റഹീംപറഞ്ഞത്. അമേരിക്കയിലും കാനഡയിലുമെല്ലാം തനിക്ക് കൃഷിയുണ്ടെന്നും ഗുര്‍മീത് പറഞ്ഞിട്ടുണ്ട്.
വാഗമണ്ണും വയനാടുമായിരുന്നു റാം റഹീമിന്റെ കേരളത്തിലെ ഇഷ്ട ഇടങ്ങൾ. കഴിഞ്ഞ തവണ അദ്ദേഹം നടത്തിയ കേരള സന്ദർശനം വിവാദമായിരുന്നു. സുരക്ഷാ പ്രശ്നം മുന്‍ നിര്‍ത്തി കേരളം ഉയര്‍ത്തിയ വാദങ്ങള്‍ ദേശീയ തലത്തില്‍ തന്നെ വാര്‍ത്തയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരെല്ലാം എന്നാണ് കേരളം ആരാഞ്ഞത്. അതിനു ഹരിയാനാ പോലീസോ, റാം രഹീമോ മറുപടി പറഞ്ഞില്ല. ഈ കാര്യം ചൂണ്ടിക്കാട്ടി കേരള സർക്കാർ കേന്ദ്ര ആഭ്യന്തരവകുപ്പിനു കത്തയച്ചിരുന്നു. ബിസിനസ് താൽപര്യങ്ങൾക്കു വേണ്ടി സന്ദർശനം നടത്തുന്നവർക്കു സുരക്ഷ ഒരുക്കാൻ സംസ്ഥാന പൊലീസിനെ നിയോഗിക്കാന്‍ കഴിയില്ലെന്നും കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നു.